18 സംസ്ഥാനങ്ങളില്‍ കടുവകളുടെ കണക്കെടുപ്പ് ഇന്നാരംഭിക്കും
മാനന്തവാടി: നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നാലാമത് കടുവാ സര്‍വേ ഇന്നാരംഭിക്കും. 18 സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ ഈമാസം ഒന്‍പത് വരെയാണ് സര്‍വേ നടക്കുക. 2006 മുതലാണ് ദേശീയാടിസ്ഥാനത്തില്‍ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചത്. നാലു വര്‍ഷം കൂടുമ്പോഴാണ് സര്‍വേ നടക്കുക.
കടുവകളുടെ സാന്നിധ്യം നേരിട്ടും അല്ലാതെയും നടത്തുന്ന കണക്കെടുപ്പിന് പുറമേ, ഇത്തവണ മനുഷ്യരുടെ ഇടപെടലിലൂടെയുള്ള പ്രശ്‌നങ്ങള്‍, കടുവകളുടെ ആവാസ വ്യവസ്ഥ എന്നിവയുടെ വിവരശേഖരണവും നടത്തും. പറമ്പിക്കുളം ടൈഗര്‍ റിസര്‍വിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഒ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ സര്‍വേ നടക്കുക.
സര്‍വേ ആരംഭിച്ച 2006ല്‍ രാജ്യത്ത് 1411 കടുവകളെയാണ് കണ്ടെത്തിയത്. 2010 ല്‍ ഇത് 1706 ആയും 2014ല്‍ 2226 ആയും ഉയര്‍ന്നു. ഇത്തവണ സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ കടുവകളുടെ എണ്ണം മുവ്വായിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും ഒടുവില്‍ നടന്ന സര്‍വേയില്‍ പശ്ചിമഘട്ടത്തില്‍ കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയിലാണ് കൂടുതല്‍ കടുവകളെ കണ്ടെത്തിയത്. ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സംരക്ഷണ കേന്ദ്രങ്ങളില്‍ ഉള്‍പെടെ 406 കടവകളെയാണ് അന്ന് കണ്ടെത്തിയത്.
കേരളത്തില്‍ 2006-ല്‍ 46, 2010-ല്‍ 300, 2014-ല്‍ 136 എന്നിങ്ങനെയാണ് സര്‍വേയില്‍ കണ്ടെത്തിയ കടുവകളുടെ കണക്ക്. കേരളത്തില്‍ 2014-ല്‍ കണ്ടെത്തിയ കടുവകളില്‍ നാല്‍പ്പതിന് മുകളില്‍ എണ്ണവും വയനാട് ജില്ലയില്‍ നിന്നായിരുന്നു. ഈ വര്‍ഷം കടുവകളുടെ എണ്ണത്തില്‍ വയനാട്ടിലും വര്‍ധനവുണ്ടാവുമെന്നാണ് പ്രതീക്ഷ.
വയനാട്ടില്‍ വൈല്‍ഡ് ലൈഫ് വിഭാഗത്തില്‍ 23, നോര്‍ത് വയനാട് വിഭാഗത്തില്‍ 21, സൗത്ത് വയനാട് വിഭാഗത്തില്‍ 19 എന്നിങ്ങനെ 63 ബ്ലോക്കുകളാക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്. ഒരു ബ്ലോക്കില്‍ പരിശീലനം ലഭിച്ച മൂന്ന് വനം വകുപ്പ് ജീവനക്കാര്‍ വീതമാണ് സര്‍വേ നടത്തുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഈ വര്‍ഷംപരിസ്ഥിതി പ്രവര്‍ത്തകരെ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."