ഇന്ത്യ ഓപണ്‍ ബോക്‌സിങ്: മേരി കോമിന് സ്വര്‍ണം
ന്യൂഡല്‍ഹി: ഇന്ത്യ ഓപണ്‍ ബോക്‌സിങ് പോരാട്ടത്തില്‍ ഇതിഹാസ താരം മേരി കോമിന് സ്വര്‍ണം. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മേരി സ്വര്‍ണം സ്വന്തമാക്കിയത്. തായ്‌ലന്‍ഡ് താരം സുഡപോന്‍ സീസോന്‍ഡിയെ കലാശപ്പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് മേരിയുടെ നേട്ടം. അഞ്ച് റൗണ്ട് പോരാട്ടത്തില്‍ 3-2നാണ് അഞ്ച് തവണ ലോക ജേത്രിയായ മേരി സ്വര്‍ണം പിടിച്ചെടുത്തത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മനിഷ് കൗശിക് 60 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി. ഫൈനല്‍ പോരാട്ടത്തിനിറങ്ങാതെ തന്നെ മനിഷ് സുവര്‍ണ താരമായി മാറുകയായിരുന്നു. ഫൈനലിലെ എതിരാളി മംഗോളിയയുടെ ബട്ടുമുര്‍ മിഷീല്‍റ്റ് പരുക്കിനെ തുടര്‍ന്ന് പിന്‍മാറിയതോടെയാണ് മനിഷ് സ്വര്‍ണം ഉറപ്പിച്ചത്. ഇന്ത്യന്‍ താരങ്ങളുടെ ഫൈനല്‍ പോരാട്ടം കണ്ട വനിതാ വെല്‍ട്ടര്‍വെയ്റ്റ് 69 കിലോയില്‍ ലോവ്‌ലിന ബോര്‍ഗോഹയ്ന്‍ പൂജയെ കീഴ്‌പ്പെടുത്തി സുവര്‍ണ താരമായി. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സഞ്ജീതും സ്വര്‍ണം സ്വന്തമാക്കി. 91 കിലോയില്‍ മത്സരിച്ച താരം ഉസ്‌ബെകിസ്ഥാന്‍ താരം സഞ്ജര്‍ തുര്‍സുനോവിനെ 3-2ന് വീഴ്ത്തി.
വനിതാ പോരാട്ടത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സരിതാ ദേവി വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. 60 കിലോ ഫൈനലില്‍ താരം ഫിന്‍ലന്‍ഡിന്റെ മിര പോറ്റ്‌കെനോണിനോട് പരാജയപ്പെട്ടു. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സതിഷ് കുമാര്‍ (91 കിലോയ്ക്ക് മുകളില്‍) വെള്ളി മെഡല്‍ നേടി. ഇസ്‌ബെകിസ്ഥാന്‍ താരം ബഖോദിര്‍ ജലോലോവാണ് സതിഷിനെ പരാജയപ്പെടുത്തി സ്വര്‍ണം സ്വന്തമാക്കിയത്. വെല്‍റ്റര്‍വെയ്റ്റ് വിഭാഗം 69 കിലോയില്‍ ദിനേഷ് ദാഗറും വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ഉസ്‌ബെക് താരം തന്നെയായ ബോബോ ഉസ്‌മോന്‍ ബതുറോവാണ് താരത്തെ ഫൈനലില്‍ പരാജയപ്പെടുത്തിയത്. ക്യൂബന്‍ താരം ഡേവിഡ് ഗ്യൂട്ടിറെസിനോട് പരാജയപ്പെട്ട് 81 കിലോയില്‍ ഇന്ത്യയുടെ ദേവാന്‍ഷു ജയ്‌സ്വാളിന്റെ നേട്ടവും വെള്ളിയില്‍ ഒതുങ്ങി. വനിതകളുടെ 75 കിലോയില്‍ ഇന്ത്യയുടെ സ്വീറ്റി ബൂരയും രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തെ കാമറൂണ്‍ താരം എസ്സയ്‌നെ ക്ലോടില്‍ഡെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."