ഭീകരവാദികള്‍ക്ക് പാകിസ്താന്‍ പരിശീലനം നല്‍കിയതിന് തെളിവുകളുമായി അഫ്ഗാന്‍
കാബൂള്‍: രാജ്യത്തെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പാകിസ്താനാണെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകളുമായി അഫ്ഗാന്‍. പാകിസ്താന്‍ പരിശീലനം നല്‍കിയ ഭീകരവാദികളാണ് കാബൂളില്‍ ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി വൈസ് അഹമദ് ബര്‍മാക്ക് പറഞ്ഞു.
താലിബാന്‍ നേതാക്കാന്‍മാര്‍ പാകിസ്താനില്‍ സ്വതന്ത്ര്യമായി നടക്കുകയാണ്. ഇവര്‍ക്ക് താമസിക്കാനുള്ള മുറികളുടെ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന് വൈസ് അഹമദ് ബര്‍മാക് പറഞ്ഞു. കാബൂളില്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കിയതിനുള്ള തെളിവുകള്‍ മന്ത്രി ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു. അഫ്ഗാന്‍ ചാര സംഘടനയുടെ തലവന്‍ മസൂം സ്റ്റാനെക്‌സി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഭീകരവാദികളെ സഹായിച്ചതിന് തെളിവുകള്‍ അഫ്ഗാന്‍ സമര്‍പ്പിച്ചെന്നും നടപടിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്വം പാകിസ്താനാണെന്നും മസൂം സ്റ്റാനെക്‌സി പറഞ്ഞു. കാബൂളില്‍ നടന്ന അക്രമണങ്ങളെ അപലപിക്കുകയല്ലാതെ കൂടുതല്‍ നടപടികളൊന്നും പാകിസ്താന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല. താലിബാനാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍. അവര്‍ രാഷ്ട്രീയ സംഘനയല്ല, ഭീകര സംഘടനയാണ്. ചര്‍ച്ചയെക്കാള്‍ ഉപരിയായി നടപടിയാണ് ആഗ്രഹിക്കുന്നതെന്ന് മസൂം സ്റ്റാനെക്‌സി പറഞ്ഞു.
അഫ്ഗാനിലെ ഈയ്യിടെ തുടര്‍ച്ചയായ ഭീകരാക്രമണം നടത്തിയവര്‍ക്ക് പരിശീലനം നല്‍കിയത് പാകിസ്താനാണെന്ന് അഫ്ഗാന്റെ യു.എന്‍ പ്രതനിധി മഹ്മൂദ് സൈകല്‍ ആരോപിച്ചിരുന്നു.അന്താരാഷ്ട്ര ഹോട്ടല്‍ ആക്രമിച്ച ഭീകരരെ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.എ പരിശീലിപ്പിച്ചുവെന്ന് മഹ്മൂദ് സൈകല്‍ പറഞ്ഞു. ജനുവരി 20ന് നടന്ന ഹോട്ടല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹോട്ടല്‍ ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ഭീകരവാദിയുടെ പിതാവായ അബ്ദുല്‍ ഖഹാര്‍ എന്നയാള്‍ അഫ്ഗാന്‍ അധികൃതരുടെ കസ്റ്റഡിയിലുണ്ട്. തന്റെ മകന് ബലൂചിസ്താന്‍ പ്രവിശ്യയിലെ ചമാന്‍ എന്ന സ്ഥലത്തുവച്ച് ഐ.എസ്.ഐ പരിശീലനം ലഭിച്ചുവെന്ന് ഇദ്ദേഹം സമ്മതിച്ചു. പാകിസ്താനിലെ ഒരു കേന്ദ്രത്തിലാണ് ഹോട്ടല്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയാറാക്കിയത്. ഈ സംഭവങ്ങള്‍ക്ക് അബ്ദുല്‍ ഖഹാര്‍ ദൃക്‌സാക്ഷിയാണെന്ന് മഹ്മൂദ് സൈകല്‍ ട്വീറ്റ് ചെയ്തിരുന്നു
അന്താരാഷ്ട്ര ഹോട്ടല്‍ ആക്രമണത്തിനു പിറകെ ശനിയാഴ്ച കാബൂളിലെ നയതന്ത്രമേഖലയില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ആംബുലന്‍സ് പെട്ടിത്തെറിച്ചിരുന്നു. 103 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ അഫ്ഗാന്‍ സൈനിക അക്കാദമിയില്‍ തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തില്‍ 11 പേരും കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."