2000 കോടി രൂപയുടെ പദ്ധതി; തീരത്ത് ആശ്വാസക്കാറ്റ്
തിരുവനന്തപുരം: ഒാഖി വീശിയടിച്ച കേരളത്തിന്റെ തീരപ്രദേശത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആശ്വാസ പദ്ധതി. 2000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.
Also Read: കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
കടല്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളേയും മാറ്റിപ്പാര്‍പ്പിക്കും. അവിടം കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കും. ഇതിനായി 150 കോടി രൂപ വകയിരുത്തി. തീരദേശവികസന പാക്കേജിന്റെ വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് 10 കോടി രൂപ അനുവദിച്ചു.
മത്സ്യബന്ധന മേഖലയില്‍ യഥാസമയം മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും അടിയന്തിര സഹായം എത്തിക്കുന്നതിനും സംവിധാനം ഒരുക്കും. മത്സ്യബന്ധന യാനങ്ങളേയും തീരദേശ ഗ്രാമങ്ങളേയും ബന്ധിപ്പിച്ചുള്ള സാറ്റലൈറ്റ് വിവര വിനിമയ സംവിധാനത്തിന് 100 കോടി അനുവദിച്ചു.
തീരദേശ ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തും. മത്സ്യമാര്‍ക്കറ്റുകളും ഫിഷിംഗ് ലാന്റുകളും വികസിപ്പിക്കും. മത്സ്യബന്ധന മേഖലയില്‍ 240 കോടി രൂപയും തീരദേശ വികസനത്തിനായി 238 കോടി രൂപയും വകയിരുത്തി.
തുറമുഖങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ 584 കോടി രൂപ വായ്പ ലഭ്യമാക്കും. തീരദേശത്തെ ഓരോ കുടുംബത്തിന്റെയും ആരോഗ്യമൈക്രോ പ്ലാനുകള്‍ തയാറാക്കും. കുടുംബാരോഗ്യ സ്കീം നടപ്പാക്കും. കിഫ്ബിയില്‍ നിന്ന് 900 കോടി രൂപയുടെ നിക്ഷേപം തീരദേശ മേഖലയില്‍ നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ഓഖി ദുരന്തം ഒരു മുന്നറിയിപ്പാണെന്നു ധനമന്ത്രി പറഞ്ഞു. കേട്ടുകേള്‍വി പോലുമില്ലാത്ത ദുരന്തങ്ങളുടെ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനം ഭൂമിയില്‍ സൃഷ്ടിക്കുന്നത്. ഇതു പ്രതിരോധിക്കാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയേ തീരുവെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."