ഹജ്ജ്: നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ വിമാനം ജൂലൈ 29ന്
കൊണ്ടോട്ടി: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 29ന് പുറപ്പെടും. നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് സര്‍വിസ് നടത്തുക. നെടുമ്പാശ്ശേരി ഉള്‍പ്പെടെ 2018-ലെ 20 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ സ്ഥിരീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.
ഓഗസ്റ്റ് 15വരെയാണ് നെടുമ്പാശ്ശേരിയിലെ ഹജ്ജ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. നേരിട്ട് ജിദ്ദയിലേക്കായിരിക്കും വിമാനങ്ങള്‍ പുറപ്പെടുക. എന്നാല്‍ മടക്കയാത്ര മദീനയില്‍ നിന്നായിരിക്കും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 15 വരെയാണ് മടക്ക സര്‍വിസുകള്‍. ഇന്ത്യയില്‍ നിന്നുളള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് ജുലൈ 14ന് ആരംഭിക്കുമെങ്കിലും കേരളം രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെട്ടത്. 450 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിംഗ് ബി-777-400 വിമാനവും,350 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി-777-300 ഇ.ആര് ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഹജ്ജ് സര്‍വിസ് നടത്തുക. 11,700 പേര്‍ക്കുള്ള സീറ്റുകളാണ് വിമാനത്തില്‍ ബുക്ക് ചെയ്തിരിക്കുന്നത്.
അഞ്ച് ലിറ്റര്‍ സംസം ജലം വിമാന കമ്പനിയുടെ ഉത്തരവാദിത്തത്തില്‍ എത്തിച്ചു നല്‍കണമെന്ന് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിമാന കമ്പനികള്‍ ഈ മാസം 21നുളളില്‍ ടെന്‍ഡര്‍ നല്‍കണം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വിസ് നടത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഹജ്ജ് കമ്മിറ്റിയും തീര്‍ഥാടകരും. വലിയ വിമാനങ്ങളുടെ സര്‍വിസിന് അനുമതി വൈകിയതാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ നെടുമ്പാശ്ശേരിയില്‍ തന്നെ തുടരാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."