അയല്‍വാസിയുടെ വെട്ടേറ്റ അമ്പിളിയുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു
കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ തലയോലപ്പറമ്പ് ഡി.ബി കോളജ് വിദ്യാര്‍ഥിനി അമ്പിളിക്ക് പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് സ്വന്തമായി വീട് നിര്‍മിച്ചു നല്‍കും. സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്പിളിയെ സന്ദര്‍ശിച്ച പ്രൊഫ. കെ.വി തോമസ് എം.പിയാണ് വീടു നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കിയത്. ചികിത്സാധനസഹായമായി പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റില്‍ നിന്ന് 25,000 രൂപയും നല്‍കും. എറണാകുളത്തെ യശോറാം കണ്‍സ്ട്രക്ഷന്‍സിനാണ് ഭവന നിര്‍മാണ ചുമതല. പ്രണയാഭ്യര്‍ഥന നിരസിച്ച അമ്പിളിയെ ഇക്കഴിഞ്ഞ എട്ടാം തീയതി പകല്‍ റോഡില്‍ വച്ചാണ് അയല്‍വാസിയായ അമല്‍ വാക്കത്തി കൊണ്ട് വെട്ടിവീഴ്ത്തിയത്.
കഴുത്തിനും തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന അമ്പിളിക്ക് ഒന്‍പതു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരും. അമ്പിളിയുടെ പിതാവ് ശ്രീരംഗന്‍ നിത്യരോഗിയും തൊഴില്‍രഹിതനുമാണ്. അമ്മ വീട്ടുപണി ചെയ്താണ് അമ്പിളിയും സഹോദരിയുമടങ്ങുന്ന കുടുംബം പുലര്‍ത്തുന്നത്. മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലാണ് അമ്പിളിയും കുടുംബവും താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."