എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയത്തിന് പ്രൗഢതുടക്കം
വടകര: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന എസ്.കെ.എസ്.എസ്.എഫ് 11-ാമത് സംസ്ഥാന സര്‍ഗലയത്തിന് കുഞ്ഞിപ്പള്ളിയില്‍ പ്രൗഢതുടക്കം. സ്വാഗതസംഘം ചെയര്‍മാന്‍ കെ. അന്‍വര്‍ ഹാജി പതാക ഉയര്‍ത്തി. ഹാജിപ്പള്ളി പരിസരത്തുനിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരുടെയും വിഖായ വളണ്ടിയര്‍ മാര്‍ച്ചിന്റെയും അകമ്പടിയോടെ തുടങ്ങിയ വിളംബരറാലി നഗരിയില്‍ സമാപിച്ചു. വൈകിട്ട് ഏഴിന് റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി.
പുതുതലമുറകള്‍ക്ക് അവസരങ്ങളുടെ വാതിലുകള്‍ തുറന്നുവയ്ക്കുന്ന സര്‍ഗലയം പുതിയ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രമുഖ എഴുത്തുകാരന്‍ പി.കെ പാറക്കടവ് പറഞ്ഞു. ഗൗരവമുള്ള വായനയും എഴുത്തും നിലനിര്‍ത്താന്‍ സമൂഹം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ഗലയം സെക്രട്ടറി ആശിഖ് കുഴിപ്പുറം അധ്യക്ഷനായി. ചെയര്‍മാന്‍ യു.എ മജീദ് ഫൈസി ഇന്ത്യനൂര്‍, കണ്‍വീനര്‍ അമാനുല്ല റഹ്മാനി, മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, സി.പി ശംശുദ്ദീന്‍ ഫൈസി, മുഹമ്മദ് മുബാറക് ബാഖവി, ടി.ജി ഇസ്മാഈല്‍, ഡോ. ഇര്‍ഫാന്‍ അഹമ്മദ്, ടി.പി സുബൈര്‍ മാസ്റ്റര്‍, കെ.വി നൂറുദ്ദീന്‍ ഫൈസി, സിറാജ് പള്ളിക്കര, മുഹമ്മദ് പടിഞ്ഞാറത്തറ, ഹുസ്സന്‍കുട്ടി ഹാജി, ബദ്‌റുദ്ദുജ പ്രസംഗിച്ചു. കെ.എന്‍.എസ് മൗലവിയുടെ കഥാപ്രസംഗവും അരങ്ങേറി.
ഇന്നു രാവിലെ ഒന്‍പതിന് ആറു വേദികളിലായി മത്സരങ്ങള്‍ക്ക് അരങ്ങുണരും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള അറബിക് കോളജുകള്‍, ദര്‍സുകള്‍, പ്രൊഫഷനല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നള്ള 1100 പ്രതിഭകള്‍ മാറ്റുരയ്ക്കും. ഞായറാഴ്ച രാവിലെ ഒന്‍പതിന് വിഖായ അംഗങ്ങളുടെ മത്സരങ്ങള്‍ നടക്കും. നാലു വിഭാഗങ്ങളില്‍ 104 ഇനങ്ങളിലാണു മത്സരങ്ങള്‍. വൈകിട്ട് അഞ്ചിന് സമാപന പൊതുയോഗം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."