സുബൈദ വധം: രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: പെരിയയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
സംഭവത്തിലുള്‍പ്പെട്ട രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ വീട്ടിനകത്ത് വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മധൂര്‍ പട്ല കഞ്ചാര്‍ കൊട്ടക്കണ്ണിയിലെ കെ.എം അബ്ദുല്‍ ഖാദര്‍ (26), മധൂര്‍ പട്ല കുതിരപ്പാടിയിലെ പി.അബ്ദുല്‍ അസീസ് (23) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വില്‍പ്പന നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തു.
പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേര്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുന്നുണ്ടെന്ന് ഡി.ജി.പി രാജേഷ് ദിവാന്, ഉത്തരമേഖലാ ഐ.ജി മഹിപാല്‍ യാദവ്, കാസര്‍കോട് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അറസ്റ്റിലായ രണ്ടുപേരും കഴിഞ്ഞ ജനുവരി 17ന് സുബൈദയുടെ വീട്ടിലെത്തി ക്ലോറോംഫോം പോലുള്ള വസ്തു ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ഇവര്‍ അണിഞ്ഞിരുന്ന അഞ്ചര പവന് വരുന്ന സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടുകയുമായിരുന്നു.
സംഭവത്തിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട രണ്ടുപേരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇവരിലൊരാള്‍ മുന്‍പ് ഇവിടെ താസച്ചിരുന്നതായും പൊലിസ് പറഞ്ഞു. സംഭവം നടക്കുന്നതിന്റെ തലേദിവസം പ്രതികള്‍ സുബൈദയുടെ വീട്ടിലെത്തി തൊട്ടടുത്ത് വാടക ക്വാര്‍ട്ടേഴ്സ് കിട്ടുമോയെന്ന് തിരക്കിയിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.
വീട്ടുവേല ചെയ്തു കഴിഞ്ഞുവരികയായിരുന്ന ഇവര്‍ 20 വര്‍ഷം മുന്‍പ് മതംമാറി സുബൈദയെന്ന പേര് സ്വീകരിച്ച് ചെക്കിപള്ളത്ത് താമസിച്ചു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."