വിദ്യാര്‍ഥികളും നാട്ടുകാരും ഏറ്റുമുട്ടി; ജനം ചിതറിയോടി
മെഡിക്കല്‍കോളജ്: കുമാരപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥികളും നാട്ടുകാരും ഏറ്റുമുട്ടി. കഴിഞ്ഞദിവസം ഉച്ചയോടെ മെഡിക്കല്‍കോളജ് ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം.
ജങ്ഷനിലെത്തിയ ഒരുസംഘം വിദ്യാര്‍ഥികള്‍ നിര്‍ത്തിയിട്ടിരുന്ന ടാക്സി കാറുകള്‍ക്കു സമീപമെത്തി വാഹനത്തിന്റെ സൈഡ് മിറര്‍ വലിച്ചുനീട്ടുകയും ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീകുകയും ചെയ്തു. തുടര്‍ന്ന് സൗന്ദര്യവസ്തുക്കള്‍ ഉപയോഗിച്ച് മുഖത്ത് പുരത്തി ഗ്ലാസിലൂടെ സ്വന്തം മുഖം പല പോസുകളില്‍ നോക്കി നില്‍ക്കെ ഇതു ഡ്രൈവര്‍മാരും നാട്ടുകാരായ ചിലരും ചോദിച്ചത് വിദ്യാര്‍ഥികളെ പ്രകോപിതരാക്കി.
തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഉന്തും തള്ളും നടക്കുകയും അടിയില്‍ കലാശിക്കുകയും ചെയ്തു. സംഭവത്തില്‍ പരുക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ആകാശ് (17) അരുവിക്കര, രാജാജിനഗര്‍ സ്വദേശികളായ അഖില്‍ (17), ഗോകുല്‍ (17), മനു (17), പ്രണവ് (17), രാഹുല്‍രാജ് (17), വിഘ്നേഷ് (17), വിശാഖ് (16), വിഷ്ണു (17), നിധിന് ചന്ദ്രന് (17) ശ്രീകാര്യം, സജിത്ത് (17) തിരുവല്ല എന്നിവര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ജങ്ഷനില്‍ വളരെ തിരക്കുള്ള സമയത്തായിരുന്നു സംഘര്‍ഷം. വാഹനഗതാഗതം താറുമാറായി. ആംബുലന്‍സിനു പോലും സമയത്ത് രോഗികളുമായി ആശുപത്രിയിലേക്കു പോകാന്‍ സാധിച്ചില്ല.
സംഘര്‍ഷാവസ്ഥയുണ്ടായപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന രോഗികളും സ്ത്രീകളും ചിതറിയോടി. തുടര്‍ന്ന് മെഡിക്കല്‍കോളജ് സി.ഐ ബിനുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ഗിരിലാലും പൊലിസും എത്തി സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തി. വിദ്യാര്‍ഥികളുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."