പി. പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്: മഅ്ദനിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച് അബ്ദുല്‍നാസര്‍ മഅ്ദനിക്കെതിരേ നല്‍കിയ പരാതിയില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു ക്രൈംബ്രാഞ്ച്. എന്നാല്‍ ഐ.ജിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി മോഹന്‍ദാസ് നല്‍കിയ ഹരജിയില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സാജു ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
പി. പരമേശ്വരനെയും ഫാ. അലവിയെയും വധിക്കാന്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന് മാറാട് കേസില്‍ പ്രതിയായ എ.ടി മുഹമ്മദ് അഷറഫ് പറഞ്ഞതായി പൊലിസ് ഉദ്യോഗസ്ഥനായ എ.വി ജോര്‍ജ് മാറാട് കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മോഹന്‍ദാസ് എറണാകുളം അഡി. സി.ജെ.എം കോടതിയില്‍ ഹരജി നല്‍കി.
തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2013 ഒക്ടോബറില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. അതേസമയം പരാതിയില്‍ പറയുന്ന വധശ്രമത്തെക്കുറിച്ച് അറിയില്ലെന്ന് പി. പരമേശ്വരനും ഫാ. അലവിയും മൊഴി നല്‍കി.
പരാതിക്കാരനായ മോഹന്‍ദാസിന്റെ മൊഴിയെടുത്തെങ്കിലും പരാതിയില്‍ പറയുന്നതില്‍ കൂടുതലൊന്നും അദ്ദേഹത്തിനുമറിയില്ല. ഇതിനിടെ, കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഇടപെടലുകളൊന്നുമില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."