അരലക്ഷം രൂപയുടെ കണ്ണടവയ്ക്കുന്നവര്‍ വായിക്കാന്‍...
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെ കണ്ണട വാങ്ങിയതാണല്ലോ ഏറ്റവും പുതിയ ചര്‍ച്ച. 28000 രൂപയുടെ കണ്ണട വാങ്ങിച്ച ആരോഗ്യ മന്ത്രിയും നേരത്തെ വിവാദത്തില്‍ കുടുങ്ങിയിരുന്നു.
മന്ത്രിയുടേതും സ്പീക്കറുടേതും ധൂര്‍ത്താണെന്ന് പ്രതിപക്ഷവും വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയാണെന്ന് ഇരുവരും പറയുന്നു. ധൂര്‍ത്തിനെതിരെ സമര പ്രഖ്യാപനം നടത്തുന്ന പ്രതിപക്ഷവും സ്വയം വിദഗ്ധ ചികിത്സ തേടുന്നതോടൊപ്പം മന്ത്രിയും സ്പീക്കറും വിദഗ്ധ ചികിത്സ ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കണമായിരുന്നു.
കേരളത്തിലെ മിക്ക കണ്ണടശാലകളും പ്രവര്‍ത്തിക്കുന്നത് വിദഗ്ധരില്ലാതെയാണെന്നു മാത്രമല്ല കൃത്യമായ പരിശോധന പോലുമില്ലാതെയാണന്നതാണ് സത്യം.
ഇത്തരത്തിലുള്ള ചികിത്സ കാഴ്ച പോലും നഷ്ടപ്പെടുത്താമെന്നിരിക്കെയാണ് യാതൊരു നിയന്ത്രണവും സൗകര്യങ്ങളുമില്ലാതെ കണ്ണട ശാലകള്‍ പെരുകി കൊണ്ടിരിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരിനോ മറ്റ് സംവിധാനങ്ങള്‍ക്കോ ആവുന്നില്ല.
ലോകത്തിലെ ഏകദേശം 37 മില്യണ്‍ ആളുകള്‍ അന്ധരാണ്. 127 മില്യണ്‍ ജനങ്ങള്‍ പലതരം കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നു. വളരെ നേരത്തെ ചികിത്സിക്കുകയാണെങ്കില്‍ 80% ആളുകളെ അന്ധതയില്‍നിന്ന് രക്ഷിക്കാനാകും.
ലോകത്തിലെ 90% അന്ധന്‍മാരും വികസ്വര രാജ്യങ്ങളിലാണ്. അന്ധന്‍മാരില്‍ 2/3 ഭാഗവും സ്ത്രീകളാണ്. ലോകത്തിലെ അന്ധന്മാരില്‍ 1/4 ഭാഗം ഇന്ത്യയിലാണ്. അതായത് 12 മില്യണ്‍ ജനങ്ങള്‍. ഇന്ത്യയില്‍ 70% അന്ധന്‍മാരും ഗ്രാമപ്രദേശങ്ങളിലുള്ളവരാണ്.
അവര്‍ക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല. ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ 2020 ആകുമ്പോഴേക്കും അന്ധന്മാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്.
ഇതിനായി 2020 ആകുമ്പോഴേക്കും ചികിത്സയിലൂടെ മാറ്റാനാവുന്ന കാഴ്ചാ വൈകല്യങ്ങള്‍ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ലോക ആരോഗ്യ സംഘടന വിഷന്‍ 2020 നടപ്പിലാക്കുന്ന സമയത്താണ് കാഴ്ചയെടുക്കുന്ന ഇത്തരം ചികിത്സകള്‍ നടക്കുന്നത്.
പത്താം ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ് നേത്ര പരിശോധന 'വിദഗ്ധരായി' ഇത്തരം കണ്ണട ശാലകളില്‍ കണ്ണടയും കോണ്‍ടാക്ട് ലെന്‍സുകളും പ്രിസ്‌ക്രൈബ് ചെയ്യുന്നത്.
ലോകത്ത് ആദ്യമായി അന്ധത നിയന്ത്രണത്തിനായി മുന്നോട്ടു വന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും കാഴ്ചയുള്ളവരുടെ ഉള്ള കാഴ്ച പോലും സംരക്ഷിക്കാനാവുന്നില്ല.
ഗ്ലോക്കോമ അടക്കമുള്ള കണ്ണിനെ ബാധിക്കുന്ന മിക്ക രോഗങ്ങളും രോഗി അറിയാതെ കണ്ണിന്റെ കാഴ്ചശക്തി നശിപ്പിക്കുന്നതാണ്. കാഴ്ച തകരാറുകള്‍ ഉണ്ട് എന്ന് രോഗി മനസിലാക്കുമ്പോഴേക്കും 80 ശതമാനത്തോളം കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നതാണ് ഈ രോഗത്തെകുറിച്ചുള്ള പേടിപ്പെടുത്തുന്ന വസ്തുത.
തിരിച്ചറിഞ്ഞാല്‍ തന്നെ നഷ്ടപ്പെട്ട കാഴ്ച ശക്തി വീണ്ടെടുക്കാന്‍ സാധിക്കുകയുമില്ല. ശേഷിക്കുന്ന കാഴ്ചയെ പിടിച്ചു നിര്‍ത്തുക എന്നതാണ് ചികത്സയിലൂടെ സാധിക്കുന്നത്. ഇത്തരത്തില്‍ ചികിത്സ നടത്തേണ്ട രോഗങ്ങള്‍ക്കുപോലും കണ്ണട നല്‍ക്കുകയാണ് മിക്ക കണ്ണടശാലകളില്‍നിന്നു ചെയ്യുന്നത്.
ഇതോടെ രോഗി പൂര്‍ണമായും അന്ധരായി തീരുകയും ചെയ്യുന്നു. ഇതിനായി ആര്‍.ടി.ഒ ഓഫിസില്‍നിന്നുതന്നെ കാഴ്ച പരിശോധന നടത്താനുള്ള തീരുമാനം എങ്ങുമെത്തിയില്ല.
സൗജന്യ കംപ്യൂട്ടറൈസ്ഡ് പരിശോധന പരസ്യം ചെയ്തു പ്രവര്‍ത്തിക്കുന്ന മിക്ക കണ്ണടവില്‍പന കേന്ദ്രങ്ങളിലും ഓട്ടോമേറ്റഡ് റിഫ്രാറ്റോമീറ്റര്‍ മാത്രമാണുള്ളത്.
ഈ യന്ത്രങ്ങള്‍ മിക്ക നേത്ര രോഗവിദഗ്ധരും രോഗത്തെ കുറിച്ച് ധാരണ ലഭിക്കാന്‍ മാത്രമേ ഉപയോഗക്കാറുള്ളു. ഈ യന്ത്രത്തിലൂടെ ലഭിക്കുന്ന പവറുകള്‍ ഓരോ തവണയും വ്യത്യസ്തമാവാറുണ്ട്. ചക്ക വീണ് മുയല്‍ ചാവുന്നത് പോലെ ചിലത് മാത്രം ശരിയാവാം.
കാഴ്ച കുറവിന്റെ കാരണങ്ങള്‍ മനസിലാക്കി ചികിത്സ നല്‍കുന്നതിന് പകരം കുറഞ്ഞ കാഴ്ചക്കുള്ള കണ്ണട നല്‍കുകയാണ് ഇത്തരം കണ്ണട ശാലകളില്‍ ചെയ്തു വരുന്നത്. കാഴ്ച ഇല്ലാത്തവര്‍ക്കും പോലും കാഴ്ച കുറവ് കാണിക്കുന്ന ഈ യന്ത്രത്തിലൂടെ നല്‍കുന്ന കണ്ണടയുമായി പൊരുത്തപ്പെട്ടു ഇവര്‍ കാഴ്ച ചുറവുള്ളവരായി മാറുകയാണ്.
അതുപോലെ ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടിയുള്ള പരിശോധനകളും ഇത്തരം കണ്ണട ശാലകളില്‍ നിന്നും ചെയ്തു നല്‍കുന്നുണ്ട്. കാഴ്ചയും വര്‍ണ്ണാന്ധതണ്ടോയെന്നുമാണ് ഡ്രൈവിംഗ് ലൈസന്‍സിനായി പരിശോധിക്കേണ്ടത്.
എന്നാല്‍ കണ്ണൂരില്‍ ചില വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള 100ല്‍ പത്തു പേര്‍ക്ക് വര്‍ണ്ണാന്ധതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പല വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരം കണ്ണട ശാലകളില്‍ നിന്നും നല്‍കുന്നുമുണ്ട്.
ഓഫ്താല്‍മോളജിസ്റ്റ്, ഒപ്‌ടോമെട്രിസ്റ്റ് എന്നിവരാണ് നേത്രരോഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നേത്രരോഗം, കണ്ണിനുണ്ടാകുന്ന ക്ഷതം, മുറിവുകള്‍ തുടങ്ങിയവ പരിശോധിച്ച് ചികിത്സിച്ച് ശസ്ത്രക്രിയും മറ്റും ചെയ്യുന്നവരാണ് ഒഫ്താല്‍മോളജിസ്റ്റ്.
പ്രാഥമിക നേത്രപരിശോധകരായ ഒപ്‌ടോമെട്രിസ്റ്റുകളാണ് കണ്ണു പരിശോധനയിലൂടെ രോഗം നിര്‍ണയിക്കുക, രോഗത്തിനുള്ള ശസ്ത്രക്രിയ നിര്‍ദേശിക്കുക, നേത്ര വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കുക, കണ്ണട നിര്‍ദേശിക്കുക, സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പരിശോധന എന്നിവ നടത്തുക. ആയിരത്തോളം ഒപ്‌ടോമെട്രിസ്റ്റുകളാണ് ഒരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്. എന്നാല്‍ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് നേത്രപരിശോധന നടത്താന്‍ പറ്റുന്നിടത്ത് മാന്യമായ പരിഗണന പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.
സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും ആവശ്യത്തിന് ഒപ്‌ടോമെട്രിസ്റ്റുകള്‍ ഇല്ലന്നെതാണ് കൗതുകം.
ഒപ്‌ടോമെട്രിസ്റ്റുകളുടെ ഒഴിവുകള്‍ നികത്താതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നേത്രരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്. സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ കണ്ണാശുപത്രിയായ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലടക്കം സംസ്ഥാനത്തു ജില്ല, താലൂക്ക്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി ഒട്ടേറെ ഒഴിവുകളാണു നിലവിലുള്ളത്.
നിലവില്‍ അഞ്ചു മണിക്കൂറിനുള്ളില്‍ നൂറോളം പേരെയാണു പരിശോധിക്കേണ്ടി വരുന്നത്. ആയിരത്തിലേറെ രോഗികള്‍ എത്തുന്നതിനാല്‍ പലരും മണിക്കൂറുകള്‍ വരിനിന്നാണു പരിശോധകരുടെ അടുത്തെത്തുക. തിരക്കു കൂടുമ്പോള്‍ പരിശോധന പോലും ചിലര്‍ക്കു ലഭ്യമാകാറില്ല.
സംസ്ഥാനത്തെ പ്രധാന ജില്ല, താലൂക്ക്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 60 തസ്തികകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം ഇപ്പോഴും കടലാസില്‍ തന്നെയാണ്. ഒഴിവുള്ള തസ്തികകളാകട്ടെ ആരോഗ്യവകുപ്പ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല.
ഒപ്‌റ്റോമെട്രിസ്റ്റുകളുടെ പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ടു വര്‍ഷം മുന്‍പ് അവസാനിച്ചിരുന്നു. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക നേത്ര പരിശോധകരായ ഓപ്‌ടോമെട്രിസ്റ്റുകളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ല.
വിദേശ രാജ്യങ്ങളില്‍ ഫാര്‍മസികള്‍ പോലെ ഒപ്‌ടോമെട്രിസ്റ്റിന്റെ ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ പ്രവര്‍ത്തനനാമതി നല്‍കാറുള്ളു. കേരളത്തില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ കുണുകള്‍ പോലെ മുളയ്ക്കുന്ന കണ്ണടശാലകളെ നിയന്ത്രിക്കാനും സര്‍ക്കാരിനാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."