ആധാര്‍ ധനബില്ലായി അവതരിപ്പിക്കല്‍: സുപ്രിം കോടതി ഹരജി പരിഗണിക്കും
ന്യൂഡല്‍ഹി: ആധാര്‍ ബില്ല് ധനബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ചോദ്യംചെയ്ത് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി വാദംകേള്‍ക്കും. നിയമനിര്‍മ്മാണത്തിനുള്ള പാര്‍ലമെന്റിന്റെ അധികാരത്തില്‍ സുപ്രിംകോടതിക്ക് ഇടപെടാനാകില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണനക്കെടുത്തത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചു. കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കും.
ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ഉന്നത അധികാരമാണുള്ളതെന്നും അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം. പ്രഥമദൃഷ്ട്യാ പ്രാധാന്യമുള്ള വിഷയമാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ആധാര്‍ ബില്ല് ധനബില്ലായി ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. മണിബില്ലിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്ന ബില്ല് ലോക്‌സഭയില്‍ പാസായാല്‍ മതിയെന്നതാണ് പ്രത്യേകത. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ ന്യൂനപക്ഷമായതിനാല്‍ രാജ്യസഭയില്‍ ബില്ല് പാസ്സാവില്ലെന്ന് ഉറപ്പാണ്. അതിനാലാണ് ആധാര്‍ ബില്ല് മണി ബില്ലായി അതരിപ്പിച്ചതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭരണഘടനയുടെ 110 (1) അനുച്ഛേദമനുസരിച്ച് മണി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടതില്ല. ഒരിക്കല്‍ ലോക്‌സഭ പാസാക്കിയാല്‍ ബില്‍ രാജ്യസഭയിലേക്കയയ്ക്കും. മണി ബില്‍ ആണെന്ന സ്പീക്കറുടെ സാക്ഷ്യപത്രത്തോടെയാവും ഇത്. രാജ്യസഭയ്ക്ക് ബില്‍ തള്ളാനോ അതില്‍ ഭേദഗതി വരുത്താനോ അനുവാദവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."