രാജസ്ഥാനില്‍ പിടിയിലായ പാക് ചാരന്‍മാരില്‍ ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനറും
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം പത്താന്‍കോട്ടിലെയും ഉറിയിലെയും സൈനികകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് കഴിഞ്ഞദിവസം രാജസ്ഥാന്‍ എ.ടി.എസ് പിടികൂടിയ പാക് ചാരന്‍മാരില്‍ നിന്നു ചോര്‍ത്തികിട്ടിയ വിവരങ്ങളും സഹായകരമായിട്ടുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ചായിരുന്നു ഇവരുടെ ചാര പ്രവര്‍ത്തനം. 60 ഓളം സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ചുകളാണ് അറസ്റ്റിലായവരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നതെന്ന് എ.ടി.എസ് പറയുന്നു. ഇതില്‍ 30 എണ്ണമെങ്കിലും നിയന്ത്രിച്ചിരുന്നത് പാകിസ്താനില്‍ നിന്നുള്ളവര്‍ ആണെന്നാണ് വിവരം. സൈനികരഹസ്യങ്ങള്‍ ചോര്‍ത്താനാണ് പ്രധാനമായും ഇവര്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ഉപയോഗിച്ചിരുന്നത്. ഒഡിഷ, ബിഹാര്‍, ഹൈദരാബാദ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് സിം നല്‍കിയ ഗ്വാളിയോര്‍ സ്വദേശി രിതേഷ് ഖുല്ലറെ അറസ്റ്റ്‌ചെയ്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. വെള്ളിയാഴ്ചയാണ് ചൈനീസ് ഉപകരണങ്ങളുടെ സഹായത്തോടെ പാക് ചാരസംഘടനയായ ഐ.എസ്.ഐക്കു വേണ്ടി രഹസ്യം ചോര്‍ത്തിനല്‍കിയ 11 പേരെ രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന അറസ്റ്റ്‌ചെയ്തത്. ഇവര്‍ക്കെതിരേ ഇന്ത്യന്‍ ടെലഫോണ്‍ ആക്ടിലെ വിവിധ വകുപ്പുകളും രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക, ഭരണകൂടത്തെ അട്ടിമറിക്കാന്‍ നീക്കംനടത്തുക തുടങ്ങിയ ഗുരുതരമായ വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ ഭോപ്പാല്‍ പ്രത്യേകകോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
അതേസമയം, പാകിസ്താന്‍ ചാരന്‍മാരുമായി ബി.ജെ.പി നേതാക്കളുടെ ബന്ധം സംസ്ഥാനത്ത് വന്‍വിവാദത്തിനു കാരണമായിട്ടുണ്ട്. ബി.ജെ.പി വനിതാ നേതാവും ഗ്വാളിയോര്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ വന്ദനാ സതീഷ് യാദവിന്റെ ഭര്‍തൃസഹോദരന്‍ ജിതേന്ദ്ര താക്കൂര്‍, ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനര്‍ ധ്രുവ് സക്‌സേന എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടും. സക്‌സേനയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വേദിപങ്കിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുമുണ്ട്. സക്‌സേനക്കെതിരേ ദേവാസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും നടത്തി. വിഷയത്തില്‍ ശിവരാജ് സിങ് ചൗഹാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അറസ്റ്റിലായ ജിതേന്ദ്രതാക്കൂറിന് കേന്ദ്രമന്ത്രി നരേന്ദ്രതോമറുമായി അടുത്ത ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്.
ജെ.എന്‍.യു വിഷയത്തില്‍ സംഘ്പരിവാറിന്റെ പേരില്‍ പ്രചരിച്ച പോസ്റ്റുകള്‍ക്കും ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിക്കെതിരേയുണ്ടായ പ്രചാരണങ്ങള്‍ക്കും പിന്നില്‍ സക്‌സേന ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോലും അമിത സ്വാതന്ത്ര്യം ഉണ്ടായിരുന്ന സക്‌സേന, ഈ ആനുകൂല്യം ദുരുപയോഗംചെയ്തിട്ടുണ്ടാവാമെന്ന് എ.ടി.എസ് സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."