യു.പിയില്‍ 67 ഉം ഉത്തരാഖണ്ഡില്‍ 69 ഉം മണ്ഡലങ്ങളില്‍ 15ന് തെരഞ്ഞെടുപ്പ്
ലഖ്‌നോ/ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ടത്തിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പിനുമുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഈ മാസം 15നാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്.
ഉത്തര്‍പ്രദേശില്‍ 67 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്. ഉത്തരാഖണ്ഡില്‍ 69 സീറ്റുകളിലേക്കാണ് മത്സരം.
രണ്ട് സംസ്ഥാനങ്ങളിലും പ്രചാരണം അതിശക്തമായ രീതിയിലാണ് നടന്നത്. നിരവധി റാലികളും സംസ്ഥാനങ്ങളില്‍ നടന്നു. മോദി മാജിക് പ്രതീക്ഷയില്‍ മാത്രമാണ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി നിലനില്‍ക്കുന്നത്. നോട്ട് നിരോധനം ഉള്‍പ്പടെയുള്ള നയങ്ങളില്‍ കടുത്ത എതിര്‍പ്പ് നേരിടുന്നതിനുപുറമെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികളും ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് വര്‍ഗീയ പ്രീണന നയത്തിലൂന്നിയുള്ള പ്രചാരണമാണ് ബി.ജെ.പി രണ്ട് സംസ്ഥാനങ്ങളിലും നടത്തിക്കൊണ്ടിരുന്നത്.
അതേസമയം ഉത്തര്‍പ്രദേശില്‍ സമാജ് വാദി-കോണ്‍ഗ്രസ് സഖ്യവും ബി.എസ്.പിയും തമ്മിലാണ് യഥാര്‍ഥ മത്സരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായത് ഇത്തവണയുണ്ടാകില്ലെന്ന തിരിച്ചറിവും അവര്‍ക്കുണ്ട്.
എന്നാല്‍ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ ബി.ജെ.പിയിലും ബി.ജെ.പി വിമതര്‍ കോണ്‍ഗ്രസിലും ചേര്‍ന്നുള്ള മത്സരത്തിന് മുമ്പെങ്ങുമില്ലാത്ത ആവേശമാണുള്ളത്. ഇരു പാര്‍ട്ടികള്‍ക്കും അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഇത്തവണത്തെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്.
ഉത്തര്‍പ്രദേശില്‍ മോദിയും അമിത്ഷായുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ടിറങ്ങിയതെങ്കില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുമാണ് രംഗത്ത്.
11 ജില്ലകളിലായി 67 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ സഹറാന്‍പൂര്‍, ബിജ്‌നോര്‍, മൊറാദാബാദ്, സംബാല്‍, രാംപൂര്‍, ബറേയ്‌ലി, അംറോഹ, പിലിബിത്ത്, ഖേരി, ഷാജഹാന്‍പൂര്‍, ബദുവാന്‍ എന്നിവയാണ് പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍. 2012ലെ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ 34 സീറ്റുകളാണ് എസ്.പി നേടിയിരുന്നത്. ബി.എസ്.പിക്ക് 18, ബി.ജെ.പി 10, കോണ്‍ഗ്രസ് -3, മറ്റുള്ളവര്‍-2 എന്നിങ്ങനെയായിരുന്നു കക്ഷി നില.
അതേസമയം രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെയും എസ്.പി നേതാവ് മുലായം സിങ് യാദവിന്റെയും അസാന്നിധ്യം ശ്രദ്ധേയമായി. ഉത്തരാഖണ്ഡില്‍ വിമതരുടെ സാന്നിധ്യം കാരണം മോദിയും അമിത്ഷായും ഡസനിലധികം റാലികളിലാണ് പങ്കെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."