ഇവരെ നമ്മള്‍ സഹിക്കണോ
സഹകരണസംഘങ്ങള്‍ പേരിനൊപ്പമുള്ള ബാങ്ക് എന്ന വാക്കും നിക്ഷേപം സ്വീകരിക്കലും ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുകയാണ്. ബാങ്കിങ് ലൈസന്‍സില്ലാത്ത സാധാരണസ്ഥാപനങ്ങള്‍ മാത്രമാണിവ. പൊതുനിക്ഷേപം, നോമിനി-അസോസിയേറ്റ് അംഗങ്ങളുടെ നിക്ഷേപം തുടങ്ങിയവയൊന്നും സ്വീകരിക്കാന്‍ സഹകരണസംഘങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ബാങ്കിങ് ലൈസന്‍സില്ലാത്ത സഹകരണസ്ഥാപനങ്ങളുടെ നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകള്‍ക്കും 85 അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രമേ ബാങ്കിങ് സേവനം നടത്താനാവൂ. ഇപ്പോള്‍ ബാങ്കിങ് സേവനം നല്‍കുന്ന ആയിരക്കണക്കിനു സഹകരണ ബാങ്കുകളും 1670 പ്രാഥമിക വായ്പാ സഹകരണസംഘങ്ങളും നിര്‍ത്തലാക്കേണ്ടിവരും.
കേരളത്തില്‍ പ്രബലമായ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ് ഏതാണ്ടെല്ലാ സഹകരണ ബാങ്കുകളും. രാഷ്ട്രീയാതിപ്രസരവും കെടുകാര്യസ്ഥതയും അവയെ അലട്ടുന്നുണ്ടെങ്കിലും പൊതുവേ നല്ലനിലയിലാണ് അവയില്‍ മഹാഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത്.
സാധാരണക്കാരുടെ അത്താണിയാണു സഹകരണബാങ്കുകള്‍. അവയാണ് ഇല്ലാതാക്കുന്നത്. സഹകരണസംഘങ്ങളെ തകര്‍ത്തു കോര്‍പറേറ്റ് ബാങ്കുകളെ സഹായിക്കാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ കോര്‍പറേറ്റ് ബാങ്കുകളാണു വിജയ്മല്യയെയും അദാനിയെയും റിലയന്‍സിനെയും പോലെയുള്ള മുതലാളിമാര്‍ക്കു വമ്പിച്ച വായ്പ നല്‍കി തിരിച്ചുപിടിക്കാനാവാതെ വലയുന്നത്.
സാമ്പത്തികവിദഗ്ധനായ കെ. സഹദേവന്റെ പഠനത്തിലെ ചില വസ്തുതകള്‍ ഇവിടെ ഉദ്ധരിക്കട്ടെ: 'കള്ളപ്പണം പിടികൂടുന്നതുകൊണ്ടു ഭീകരപ്രവര്‍ത്തനത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എളുപ്പമാകും എന്നു തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണു സര്‍ക്കാര്‍ നോട്ടു നിരോധനത്തെ ന്യായീകരിച്ചുകൊണ്ടിരുന്നത്. നോട്ടുനിരോധത്തിനെയും അതുണ്ടാക്കുന്ന കാരണങ്ങളെയും വിലയിരുത്തുന്നതില്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പരാജയമായിരുന്നുവെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാക്കുവാന്‍ സാധിക്കും.
വരാനിരിക്കുന്ന സാമ്പത്തികപരിഷ്‌കരണങ്ങളുടെ ടെസ്റ്റ്‌ഡോസ് മാത്രമായിരുന്നു ഡിമോണിറ്റൈസേഷന്‍ നടപടിയെന്നു വിലയിരുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു സാധിച്ചിട്ടില്ല. രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോല്‍പ്പാദനത്തെ പിറകോട്ടടിപ്പിക്കുമെന്നു പ്രചരിപ്പിക്കുന്നതില്‍ ഡോ. മന്‍മോഹന്‍സിങ് വിജയിച്ചുവെന്നതൊഴിച്ചാല്‍ വേണ്ടത്ര ആലോചനയില്ലാതെ നടപ്പിലാക്കിയ നയമെന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ കാതല്‍.
എന്നാല്‍, തുടര്‍ന്നിങ്ങോട്ടുള്ള ഒരു വര്‍ഷക്കാലയളവില്‍ സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തികസുരക്ഷയെയും ബാധിക്കുന്ന അരഡസനോളം നിയമനിര്‍മാണങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടു. 2017 മാര്‍ച്ച് 22 നു പാസാക്കിയ ധനകാര്യബില്‍, ചരക്ക്-സേവന നികുതി നിയമം (ജി.എസ്.ടി), ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഉത്തരവ് എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി വന്നു. ഏറ്റവുമൊടുവില്‍ നിക്ഷേപകരോടുള്ള ബാധ്യതയില്‍നിന്നു ബാങ്കുകളെയും മറ്റു ധനകാര്യസ്ഥാപനങ്ങളെയും ഒഴിവാക്കുന്ന എഫ്.ആര്‍.ഡി.സി ബില്ലും (ഫിനാന്‍ഷ്യല്‍ റെസലൂഷന്‍സ് ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ്) വലിയ ഏതിര്‍പ്പുകള്‍ക്കും സംവാദങ്ങള്‍ക്കും പാത്രമാകാതെ പാര്‍ലമെന്റില്‍ പാസാവാന്‍ പോവുകയാണ്.
രാജ്യത്തെ ജനങ്ങളെ ഗുരുതരായ രീതിയില്‍ ബാധിക്കാന്‍ പോകുന്ന ഈ നിയമനിര്‍മാണങ്ങളെയും ഉത്തരവുകളെയും സംബന്ധിച്ചു വലിയതോതിലുള്ള ചര്‍ച്ച നടക്കരുതെന്ന ഉദ്ദേശ്യത്തോടുകൂടി നിരവധി 'സംവാദവിഷയങ്ങള്‍' സര്‍ക്കാര്‍ ഉല്‍പാദിപ്പിച്ചു നല്‍കുന്നുണ്ട്. ഇതിനായി ഹിന്ദുത്വസംഘടനകള്‍ കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്നു. ബീഫ് നിരോധനം, അസഹിഷ്ണുതാവിഷയം, ഗോസംരക്ഷണം, സെക്യുലര്‍ മുന്നേറ്റങ്ങള്‍ക്കെതിരായ ആക്രമണം, വംശീയകൊലപാതകങ്ങള്‍, താജ്മഹല്‍ വിവാദം, ഗൗരിലങ്കേഷ് വധം, പദ്മാവതി തുടങ്ങി ദിവസേന ചര്‍ച്ചചെയ്യാനും പ്രതിഷേധിക്കാനുമുള്ള 'വഹ' മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കു മുമ്പിലേയ്ക്കും സംഘ്പരിവാര്‍ ഇട്ടുകൊടുത്തുകൊണ്ടേയിരിക്കുന്നു.
റാഫേല്‍ ഇടപാടിലെ സര്‍ക്കാര്‍ അഴിമതിയെക്കുറിച്ചു ചോദ്യങ്ങളുണ്ടാകുമെന്ന് ഉറപ്പായ നാളുകളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് 'പദ്മാവമതി'യെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കോര്‍പറേറ്റുകളില്‍നിന്നു സ്വീകരിക്കാവുന്ന സംഭാവനകള്‍ സംബന്ധിച്ചു പരിധി നീക്കംചെയ്ത് വന്‍തോതിലുള്ള അഴിമതിയെ നിയമവിധേയമാക്കി ഫിനാന്‍ഷ്യല്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തപ്പോള്‍ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയും ചോദ്യം ചെയ്തില്ല.
മുന്‍കാല നിയമമനുസരിച്ചു രാജ്യത്തെ കോര്‍പറേറ്റ് കമ്പനികള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കാവുന്ന സംഭാവനയുടെ പരമാവധി അവരുടെ അറ്റാദായത്തിന്റെ 7.5 ശതമാനമായിരുന്നു. ഇതുസംബന്ധിച്ച വിഷയങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ ബാധ്യസ്ഥരുമായിരുന്നു. എന്നാല്‍, ഫിനാന്‍സ് ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഈ പരിധി എടുത്തുകളഞ്ഞിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തുക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കാമെന്നു മാത്രമല്ല, ഇതുസംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി വയ്ക്കുകയും ചെയ്യാം. ഈ നിയമം ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കു മാത്രമല്ല, വിദേശ കമ്പനികള്‍ക്കും ബാധകമാക്കിയിരിക്കുകയാണു മോദി സര്‍ക്കാര്‍.
രാജ്യത്തെ ഏതൊരു പൗരന്റെയും സമ്പത്ത് റെയ്ഡ് ചെയ്യാനും സംശയത്തിന്റെ പേരില്‍ മാസങ്ങളോളം പിടിച്ചുവയ്ക്കാനുമുള്ള അധികാരം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നല്‍കുന്ന തരത്തില്‍ ഇന്‍കം ടാക്‌സ് ആക്ട് ഭേദഗതി ചെയ്തപ്പോഴും ചര്‍ച്ച ചെയ്യാനോ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനോ രാഷ്ട്രീയപാര്‍ട്ടികളോ മാധ്യമങ്ങളോ മുന്നിട്ടിറങ്ങുകയുണ്ടായില്ല. ഈ കാലയളവിലെല്ലാം ആയിരക്കണക്കിനു കോടി രൂപ ചെലവഴിച്ചു തങ്ങളുടെ ഭരണനേട്ടങ്ങള്‍ ദൃശ്യ-അച്ചടി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണു സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത്.
വംശീയാക്രമണങ്ങളും ജാതീയാധിക്ഷേപങ്ങളും സ്വതന്ത്രചിന്തകരെയും കലാകാരന്മാരെയും കായികമായി ആക്രമിക്കുകയും പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനായി സംഘ്പരിവാറില്‍ നിന്നുതന്നെ പുതിയ 'ഫ്രിന്‍ജ് എലിമെന്റ്‌സ്' രൂപം കൊള്ളുന്നതും ഇതേകാലത്തു തന്നെയാണ്.
ഓരോ വിഷയവും ഉയര്‍ത്തിക്കൊണ്ടുവരുന്ന 'ഫ്രിന്‍ജ് എലിമെന്റ്‌സ്' പിന്നീട് ദേശീയരാഷ്ട്രീയത്തിലെ പ്രധാനശക്തികളായി മാറുന്ന കാഴ്ചയും നാം കാണുന്നു. വളരെ കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെ തയാറാക്കപ്പെടുന്ന സംഘങ്ങളുടെ പിന്‍ബലത്തില്‍ തങ്ങളുടെ സാമ്പത്തിക അജന്‍ഡ നടപ്പിലാക്കുകയാണു ബി.ജെ.പിയും ആര്‍.എസ്.എസും ഉള്‍പ്പെടുന്ന സംഘപരിവാര്‍.
സോഷ്യല്‍ മീഡിയയില്‍ കണ്ടത്: ഇന്ത്യയുടെ അഭിമാനമായ എസ്.ബി.ഐ മൂന്നു മാസം കൊണ്ടു പിഴയായി ഈടാക്കിയത് എത്രയാണെന്നറിയാമോ -235 കോടി രൂപ. സംഭവം തകര്‍ത്തെന്നു തോന്നുന്നവര്‍ക്ക് ആരില്‍നിന്ന് ഈടാക്കി എന്നുകൂടി അറിയേണ്ടേ -മിനിമം ബാലന്‍സായി ആയിരം രൂപ അക്കൗണ്ടില്‍ ഇല്ലാത്ത പാവങ്ങളില്‍ നിന്ന്!
ഓരോ ദിവസവും അന്നന്നേക്കുള്ള അരിവാങ്ങാന്‍ കെല്‍പ്പില്ലാത്തതുകൊണ്ട് (സബ്‌സിഡി) ഗ്യാസ്, വിദ്യാഭ്യാസം, കൃഷി, ആന, ചേന, മാങ്ങ എന്നൊക്കെ പറഞ്ഞു പാവപ്പെട്ടവനെക്കൊണ്ടു ബാങ്ക് അക്കൗണ്ട് എടുപ്പിച്ചു ലക്ഷങ്ങള്‍ വരുമാനമുള്ളവന് അവന്റെ നിക്ഷേപങ്ങള്‍ക്കു പലിശകൊടുക്കാന്‍പോലും കെല്‍പ്പില്ലാത്ത ബാങ്കുകള്‍ പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന അവസ്ഥയാണു നമ്മള്‍ ഇന്നു കാണുന്ന ക്യാഷ്‌ലെസ് ഇന്ത്യ.
ഇനിയും നമ്മള്‍ ഇമ്മാതിരി കൊള്ളകള്‍ക്കെതിരേ പ്രതികരിക്കാതിരുന്നാല്‍ വൈകാതെ ഇന്ത്യ സമ്പന്നരാഷ്ട്രമാകും. എങ്ങനെയെന്നല്ലേ -ലോകത്തിലേതന്നെ ഏറ്റവും കൂടിയ ട്രാന്‍സ് റേറ്റാണ് നമ്മുടെ തിളങ്ങുന്ന ഇന്ത്യയില്‍ ഇപ്പോഴുള്ളത് -28 ശതമാനം. രണ്ടാംസ്ഥാനത്തുള്ള അര്‍ജന്റീനയില്‍ 27 ശതമാനം, യു.കെ 20, ബംഗ്ലാദേശ് 15, ചൈന 17, റഷ്യ 18, അമേരിക്ക 7.5, ജപ്പാന്‍ 8.
പണ്ടൊരു സിനിമയില്‍ കുതിരവട്ടം പപ്പു പറഞ്ഞപോലെ, 'ഇപ്പ ശരിയാക്കിത്തരാം' എന്നു പറയുകയാണ് ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍. ഇന്ന് അവശ്യസാധനങ്ങളുടേതുള്‍പ്പെടെ എല്ലാറ്റിനും വില മാനംമുട്ടെ ഉയര്‍ന്നുകഴിഞ്ഞു. പാവം പൊതുജനത്തെ സഹായിക്കാന്‍ ആരുമില്ലെന്നായി. എതിര്‍ശബ്ദമുയരുമ്പോള്‍ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു പ്രശ്‌നമുണ്ടാക്കും. നമ്മുടെ ശ്രദ്ധ മാറ്റും. അടുത്തകാലത്തു നാം കേട്ടതാണു ചൈനീസ് ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന്. സംഭവിച്ചതോ. കേന്ദ്രഗവണ്‍മെന്റ് അനുയായിയായ റിലയന്‍സ് ജിയോ കോടിക്കണക്കിനു മൊബൈല്‍ ഫോണുകളാണു ചൈനയില്‍നിന്നു വാങ്ങിയത്.
എന്തിനാണെന്നോ.
1500 രൂപ ഡെപ്പോസിറ്റ് മാത്രം വാങ്ങി ഇന്ത്യയെ ഡിജിറ്റല്‍ ഇന്ത്യയാക്കാന്‍. ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ഇത്തരക്കാരെ മനസ്സിലാക്കാതെ ആര്‍ഷഭാരത സംസ്‌കാരമെന്നു പറഞ്ഞു സ്വന്തംവീട്ടില്‍ പോലും അതു നടപ്പാക്കാന്‍ ശ്രമിക്കാതെ ജീവിക്കുന്ന നിങ്ങള്‍ക്കു നല്ല നമസ്‌കാരം.
നിങ്ങള്‍ തീരുമാനിക്കൂ, ഇവരെ നാം സഹിക്കണോ.
എനിക്കെന്തു ചെയ്യാന്‍ പറ്റുമെന്നാണോ.
പറ്റും.
ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആടെ ശ്രദ്ധയില്‍പെടുത്തുകയെന്ന ചെറിയൊരു ദൗത്യം ഏറ്റെടുത്താല്‍ മതി.ഒരു കാര്യം ഒരുപാടു പേര്‍ സ്ഥിരമായി ചര്‍ച്ചചെയ്യുമ്പോള്‍ അതൊരു പൊതുപ്രശ്‌നമായി സമൂഹം അംഗീകരിക്കും. പ്രതിവിധികള്‍ അന്വേഷിക്കും.
ഇനിയും സമയം വൈകീട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."