മുതലാളിസഖാക്കളേ കാണൂ.., ഈ സഖാവിനെ
ഒരിക്കല്‍ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൊട്ടുപിന്നാലെ വീണ്ടും ചര്‍ച്ചാവിഷയമാക്കുന്നത് അത്ര ശരിയായ കാര്യമല്ല. 'വീണ്ടുവിചാര'ത്തിലും അതുണ്ടാകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം കേരളത്തിലെ ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകള്‍ ടെലിഫോണില്‍ വിളിച്ചു ചില കാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്തപ്പോള്‍ കമ്മ്യൂണിസ്റ്റുകാരന്റെ മനോഭാവം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഒരിക്കല്‍ക്കൂടി വീണ്ടുവിചാരം ചെയ്യണമെന്നു തോന്നി.
ഫോണില്‍ വിളിച്ച ആ മഹതി ചോദിച്ചതിങ്ങനെയായിരുന്നു: ''പരിപ്പുവടയുടെയും കട്ടന്‍ചായയുടെയും കാലത്തെക്കുറിച്ച് ഇനി മിണ്ടിപ്പോകരുതെന്നു പറഞ്ഞു ചില നേതാക്കള്‍ കണ്ണുരുട്ടിയപ്പോഴേയ്ക്കും മാധ്യമപ്രവര്‍ത്തകരെല്ലാം വിറച്ചുപോയോ. അങ്ങനെ വിട്ടുകളയാവുന്നതാണോ ഈ മുതലാളി സഖാക്കളുടെ ആര്‍ഭാടജീവിതം.''
യഥാര്‍ഥ കമ്മ്യൂണിസ്റ്റ് ഭൗതികസുഖസൗകര്യങ്ങള്‍ക്കു പിറകെ ആര്‍ത്തിപിടിച്ച് ഓടുന്നവനായിരിക്കരുതെന്നും അയാളുടെയും കുടുംബത്തിന്റെയും ജീവിതം മാതൃകാപരമായിരിക്കണമെന്നും വിശ്വസിച്ച, ഇപ്പോഴും അങ്ങനെ ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിന്റെ മകളാണവര്‍. പാര്‍ട്ടിക്കു ചീത്തപ്പേരുണ്ടാക്കുന്ന രീതിയിലുള്ള ആര്‍ഭാടം തന്റെ മക്കളുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് അദ്ദേഹം ശഠിച്ചിരുന്നുവത്രെ.
ചെറുപ്പത്തില്‍ സഹപാഠികളൊക്കെ വിലപിടിപ്പുള്ള വസ്ത്രങ്ങളണിഞ്ഞു നടക്കുമ്പോള്‍ അസൂയയോടെ അതു നോക്കി നിന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പഠിച്ചു വളര്‍ന്നു ജോലിയായി സ്വന്തം കാലില്‍ നില്‍ക്കാറായപ്പോഴാണ് അല്‍പമെങ്കിലും വിലപിടിപ്പുള്ള വസ്ത്രങ്ങളും ചെറുപ്പത്തില്‍ കൊതിതോന്നിയ പല ആഹാരപദാര്‍ത്ഥങ്ങളും കഴിച്ചത്. അക്കാലത്ത്, കര്‍ക്കശക്കാരനായ പിതാവിനോട് കടുത്ത പ്രതിഷേധം തോന്നിയിരുന്നെങ്കിലും താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കാതെ ജീവിച്ച പിതാവിനെക്കുറിച്ച് അഭിമാനം തോന്നുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അങ്ങനെ ലളിതമായ ജീവിതം നയിച്ച എത്രയെത്രയോ നേതാക്കളുണ്ടായിരുന്ന പ്രസ്ഥാനത്തിലെ പല നേതാക്കളും ഇപ്പോള്‍ ആര്‍ഭാടജീവിതത്തിനു പിന്നാലെ നെട്ടോട്ടമോടുന്നതും അവരില്‍ പലരും കോടീശ്വരന്മാരുടെ തോളില്‍ കൈയിട്ടു നടക്കുന്നതും അവരുടെ മക്കളില്‍ പലരും റിയല്‍ എസ്റ്റേറ്റ് മാഫിയകളായും അവരുടെ പിണിയാളുകളായും വിലസുന്നതും സങ്കടമുളവാക്കുന്നുണ്ടെന്നും ആ മഹതി പറഞ്ഞു.
'ഒരു പക്ഷേ, കാലത്തിനൊത്ത മാറ്റമായിരിക്കാം ഇത്. പഴയതുപോലെ ഇല്ലായ്മയില്‍ മാത്രം കഴിയുന്ന തൊഴിലാളി വര്‍ഗവും ചൂഷകവര്‍ഗം മാത്രമായ ബൂര്‍ഷ്വാസിയും രണ്ടു ധ്രുവങ്ങളില്‍ കഴിയുന്ന രാഷ്ട്രീയസാഹചര്യമല്ലല്ലോ ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ 'പരിപ്പുവടജീവിത'ത്തില്‍ പിടിവാശിയുമായി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലായിരിക്കാം.' എന്ന് മനസ്സില്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയില്‍ കമ്മ്യൂണിസ്റ്റിന്റെ ജീവിതവും സ്വാഭാവികമായ മാറ്റത്തിനു വിധേയമാകേണ്ടത് അനിവാര്യതയാകാം.
അങ്ങനെ ന്യായീകരിച്ചിരിക്കെയാണ്, ആ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ത്രിപുരയിലെ ആസന്നമായ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നല്‍കിയ സ്വത്തുവെളിപ്പെടുത്തല്‍ രേഖയിലെ വിവരങ്ങളാണു വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ രേഖയില്‍ അദ്ദേഹത്തിന്റെ കൈയില്‍ 1520 രൂപയും ബാങ്ക് ബാലന്‍സ് 2410 രൂപ 16 പൈസയുമാണ്. ഇന്ത്യയിലെ ബി.പി.എല്‍ കുടുംബത്തിലുള്ള ബഹുഭൂരിപക്ഷത്തിന്റെ കൈയിലും ഇതിലും കൂടുതല്‍ കാശുണ്ടാകാന്‍ സാധ്യതയുണ്ട്.
നാലു തവണയായി രണ്ടുപതിറ്റാണ്ടുകാലം ത്രിപുര ഭരിച്ച മുഖ്യമന്ത്രിയാണു മണിക് സര്‍ക്കാര്‍. അത്രയും കാലം ഗ്രാമപഞ്ചായത്തു ഭരിക്കാന്‍ അവസരം കിട്ടുന്ന പലരും ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമായ എത്രയെത്ര സംഭവകഥകള്‍ കണ്ടവരാണു നമ്മള്‍. അധികാരത്തിലേറുന്നതു തലമുറകള്‍ക്കു വെറുതെയിരുന്നു തിന്നു ജീവിക്കാനുള്ള അവസരമൊരുക്കാന്‍ വേണ്ടിയാണെന്നതാണല്ലോ നമ്മുടെ രാഷ്ട്രീയനേതാക്കളുടെ ആപ്തവാക്യം. ഈ ചിന്താഗതിയുള്ള നേതാക്കളില്‍ എല്ലാ കൊടിനിറക്കാരുമുണ്ട്.
അവര്‍, പ്രത്യേകിച്ച്, പരിപ്പുവടയുടെയും കട്ടന്‍ചായയുടെയും രാഷ്ട്രീയം ഇപ്പോള്‍ നടക്കുമോ എന്നു ചോദിക്കുന്നവരും കോടീശ്വരന്മാരുടെ തോളില്‍ കൈയിട്ടു നടക്കുന്നവരും ഭൂമാഫിയ ബന്ധമുള്ളവരുമായ രാഷ്ട്രീയ നേതാക്കള്‍, കണ്ണു തുറന്നു നോക്കേണ്ടതാണ് മണിക് സര്‍ക്കാര്‍ എന്ന സഖാവിനെ.
അദ്ദേഹത്തിന്റെ വിശേഷണപദമെന്തെന്ന് അറിയുമോ.
കാതു തുറന്നു കേള്‍ക്കണം അത്
'ഇന്ത്യയിലെ ദരിദ്രനായ മുഖ്യമന്ത്രി' എന്നതാണ് ആ വിശേഷണം.
അക്ഷരാര്‍ത്ഥത്തില്‍ ശരിയാണത്.
രണ്ടു പതിറ്റാണ്ടു കാലം മുഖ്യമന്ത്രിക്കസേരയിലിരുന്ന, ഇപ്പോഴും ഇരിക്കുന്ന മണിക് സര്‍ക്കാരിന് ഇന്നും സ്വന്തമായി വീടില്ല, ഒരു കൂരപോലുമില്ല.
'ഞങ്ങള്‍ക്കും സ്വന്തം വീടില്ലല്ലോ' എന്നു പറയുന്ന നേതാക്കള്‍ പലരുമുണ്ടായേക്കാം. അവരുടെയെല്ലാം ഭാര്യമാരുടെയും മക്കളുടെയും മറ്റും പേരില്‍ കോടാനുകോടിയുടെ സമ്പത്തും മണിമന്ദിരങ്ങളും ഉണ്ടാകും.
മണിക് സര്‍ക്കാരിന്റെ പേരില്‍ ശത്രുവിനു പോലും അത്തരമൊരു ആരോപണം ഉന്നയിക്കാന്‍ കഴിയില്ല. സ്ഫടികത്തിനു തുല്യം സുതാര്യമാണ് ആ ജീവിതം. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിമാസശമ്പളമായ 26,315 രൂപ അദ്ദേഹം അതേപടി പാര്‍ട്ടിക്കാണു നല്‍കുന്നത്. അതില്‍നിന്ന് അദ്ദേഹത്തിന്റെ ജീവിതച്ചെലവിലേയ്ക്കായി പാര്‍ട്ടി 9700 രൂപ നല്‍കും.
മണിക് സര്‍ക്കാരിന്റെ ഭാര്യ പാഞ്ചാലി ഗവണ്മെന്റ് ജീവനക്കാരിയായിരുന്നു. വിരമിച്ചപ്പോള്‍ കിട്ടിയ തുക അവരുടെ ബാങ്ക് അക്കൗണ്ടില്‍ ഉള്ള12,15,714 രൂപയാണ് അല്‍ം വലിയതെന്നു പറയാവുന്ന സംഖ്യ. ഒരു സര്‍ക്കാര്‍ ജീവനക്കാരിയുടെ ജീവിതസമ്പാദ്യം. അതു കിട്ടിയപോലെ അക്കൗണ്ടില്‍ കിടക്കുകയാണ്.
ഭര്‍ത്താവ് മുഖ്യമന്ത്രിയാണെങ്കിലും പാഞ്ചാലി സര്‍ക്കാര്‍ ഇപ്പോഴും സഞ്ചരിക്കുന്നത് ഓട്ടോറിക്ഷയിലാണ്. സര്‍ക്കാരിന്റെ കുടുംബത്തിനുള്ള ഭൂസ്വത്ത് എത്രയാണെന്നു കേള്‍ക്കേണ്ടേ. രണ്ടു സെന്റില്‍ താഴെ. അതുതന്നെ പാരമ്പര്യമായി കിട്ടിയതാണ്.
ഈ കണക്ക് ഇപ്പോള്‍ ഇവിടെ പറഞ്ഞതെന്തിനാണെന്നോ,
ബൂര്‍ഷ്വാജനാധിപത്യവ്യവസ്ഥയില്‍ തൊഴിലാളി വര്‍ഗവും മുതലാളിത്ത ജീവിതരീതി സ്വീകരിക്കണമെന്നു വാദിക്കുന്നവരുടെ കണ്ണു തുറക്കുമെങ്കില്‍ തുറക്കട്ടെ എന്ന വ്യാമോഹത്താലാണ്.മുതലാളി സഖാക്കന്മാര്‍ നിറഞ്ഞ ഈ നാട്ടില്‍ ഇന്നും കട്ടന്‍ചായയും പരിപ്പുവടയും കഴിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനമെന്നു പരിഹസിച്ചു തള്ളുന്ന ലളിതജീവിതം നയിക്കുന്ന യഥാര്‍ത്ഥ സഖാക്കള്‍ അത്യപൂര്‍വമായെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്നു തെളിയിക്കാനാണ്. മണിക് സര്‍ക്കാരും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമാണ്. മറ്റുള്ളവര്‍ക്കു മാതൃകയാകുന്ന ജീവിതം നയിക്കുന്നവരെ ജനം നെഞ്ചേറ്റും.അതുകൊണ്ടാണല്ലോ ത്രിപുരയിലെ ജനങ്ങള്‍ അദ്ദേഹത്തെ രണ്ടുപതിറ്റാണ്ടുകാലം മുഖ്യമന്ത്രിക്കസേരയില്‍ അവരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."