അനര്‍ട്ട് സോളാര്‍ പദ്ധതി: സ്പോട്ട് രജിസ്ട്രേഷന്‍ ഇന്നും നാളെയും
മലപ്പുറം: അനര്‍ട്ടിന്റെ സോളാര്‍ പദ്ധതികള്‍ക്കായുള്ള സ്‌പോട്ട് രജിസ്ട്രേഷന്‍ ഇന്നും നാളെയും നടക്കും. മേല്‍ക്കൂരയില്‍ ഘടിപ്പിക്കുന്ന സോളാര്‍ പാനല്‍, ബയോഗ്യാസ്, പുകയില്ലാത്ത അടുപ്പ് എന്നിവയ്ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനാണ് അനര്‍ട്ട് ജില്ലാ ഓഫിസില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി അനര്‍ട്ട് സബ്‌സിഡിയോടെ നല്‍കുന്ന പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നാളെ രാവിലെ 11ന് അനര്‍ട്ട് ജില്ലാ ഓഫിസില്‍ നടക്കും. പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
സോളാര്‍ കണക്ട് എന്ന പേരിലുള്ള സൗരോര്‍ജ ഉല്‍പാദന പദ്ധതിക്ക് കിലോവാട്ടിന് 70,000 രൂപയാണ് ചെലവ്. ഇതില്‍ 29,700 രൂപ കേന്ദ്രസബ്‌സിഡിയായി ലഭിക്കും. രണ്ടു മുതല്‍ 100 കിലോവാട്ട് വരെയുള്ളവയ്ക്ക് അനുമതി ലഭിക്കും. ഇപ്പോള്‍ ഇന്‍വര്‍ട്ടറുള്ള വീടുകളില്‍ ഈ സംവിധാനം സ്ഥാപിച്ചാല്‍ വൈദ്യുതിബില്ലില്‍ ഗണ്യമായ കുറവുവരും. സോളാര്‍സ്മാര്‍ട്ട് പദ്ധതിയില്‍ ഒന്നുമുതല്‍ അഞ്ചുവരെ കിലോവാട്ട് സൗരനിലയത്തിന് അനുമതിയുണ്ട്. ഒരുകിലോവാട്ടിന് 1,50,000 രൂപയാണ് ചെലവ്. ഇതില്‍ 67,500 രൂപ സബ്‌സിഡിയാണ്. വീടുകള്‍ക്ക് മൂന്നു കിലോവാട്ട് വരെയും സ്ഥാപനങ്ങള്‍ക്ക് അഞ്ചുകിലോവാട്ട് വരെയുമാണ് പരിധി. പുകയില്ലാത്ത അടുപ്പിനും അപേക്ഷിക്കാവുന്നതാണ്.
സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മിച്ച വീടുകള്‍ക്കും എസ്.സി, എസ്.ടി വിഭാഗത്തില്‍പെടുന്നവര്‍ക്കും 2,500 രൂപയും കമ്മ്യൂണിറ്റി അടുപ്പുകള്‍ക്ക് ഒന്നിനു 6000 രൂപയും അനര്‍ട്ട് ധനസഹായം ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ചെയ്യുന്ന മുന്‍ഗണനാ ക്രമത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ജില്ലാ ഓഫിസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ പി.എസ് മിഥുന്‍, അബ്ദുല്‍ മജീദ്, എ.വി റിനീഷ് എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ 0483 2730999 നമ്പറില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."