പി.എസ്.സി പരീക്ഷയില്‍ ഗൈഡ് ലോബി വിലസുന്നതായി ആക്ഷേപം
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി അധ്യാപക പരീക്ഷകളെ കുറിച്ച് പരാതി വ്യാപകമാവുന്നു. ഗൈഡ് ലോബിയുടെ വലയില്‍പെട്ടാണ് പി.എസ്.സി ഉലയുന്നത്. ഹയര്‍സെക്കന്‍ഡറി സാമ്പത്തികശാസ്ത്രം, ഗണിതശാസ്ത്രം എന്നീ പരീക്ഷകളുടെ ചോദ്യങ്ങള്‍ സ്വകാര്യ ഗൈഡില്‍നിന്ന് പകര്‍ത്തിയതാണ് ആക്ഷേപമുയരാന്‍ കാരണമായത്.
കഴിഞ്ഞ മാസം 27നാണ് പി.എസ്.സി സംസ്ഥാനതലത്തില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഗണിതശാസ്ത്ര പരീക്ഷ നടത്തിയത്. സ്വകാര്യ ഗൈഡില്‍നിന്ന് 2014 ഓഗസ്റ്റില്‍ പി.എസ്.സി നടത്തിയ കോളജ് അധ്യാപകര്‍ക്കുള്ള ചോദ്യപ്പേപ്പറില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഓപ്ഷന്‍ പോലും മാറ്റമില്ലാതെയാണ് പരീക്ഷയില്‍ വന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
ഗൈഡില്‍നിന്ന് 15 ചോദ്യങ്ങളും പഴയ ചോദ്യപേപ്പറില്‍നിന്ന് 10 ചോദ്യങ്ങളുമാണ് വന്നത്. പരീക്ഷ നടന്ന ചിലയിടങ്ങളില്‍ സീല്‍പ്പൊട്ടിച്ച ചോദ്യപേപ്പറുകളാണ് ലഭിച്ചതെന്നും പരാതിയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഹയര്‍സെക്കന്‍ഡറി സാമ്പത്തികശാസ്ത്രം പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പാഠ്യപദ്ധതിക്ക് പുറത്ത് നിന്നാണ് ചോദിച്ചതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഒരു വിഭാഗം ഉദ്യോഗാര്‍ഥികളെയും സ്വകാര്യ ഗൈഡ്‌ലോബിയെയും സഹായിക്കുന്നതിനാണ് പി.എസ്.സി ശ്രമിക്കുന്നതെന്നും പരീക്ഷ റദ്ദ് ചെയ്ത് വീണ്ടും നടത്തണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.
ഹയര്‍സെക്കന്‍ഡറി സാമ്പത്തികശാസ്ത്രം പി.എസ്.സി പരീക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് കടലില്‍ മനുഷ്യച്ചങ്ങലതീര്‍ത്ത് പ്രതിഷേധിച്ചു. അധികൃതരുടെ ഭാഗത്ത്‌നിന്ന് ഉചിതമായ തീരുമാനമുണ്ടായില്ലെങ്കില്‍ കേസും മറ്റ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗാര്‍ഥികള്‍ സൂചിപ്പിച്ചു. എന്നാല്‍, വീണ്ടും പരീക്ഷ നടത്തുന്നത് നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പ്രായോഗികമല്ലെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."