കാംപസുകള്‍ മിനി പാര്‍ട്ടി ഗ്രാമങ്ങള്‍
കണ്ണൂര്‍: ജില്ലയിലെ കാംപസുകളില്‍ മിനിപാര്‍ട്ടി ഗ്രാമങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പൊലിസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ഇപ്പോഴും തട്ടിന്‍പുറത്ത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സി.പി.എം, ആര്‍.എസ്.എസ് സംഘര്‍ഷം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് ജില്ലയിലെ സ്ഥിതിഗതികളെ കുറിച്ചു റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍ വിദ്യാര്‍ഥികളും അക്രമരാഷ്ട്രീയത്തില്‍ കണ്ണികളാകുന്നുവെന്നു കണ്ടെത്തിയത്. നേരത്തെ 17 വയസിനു താഴെയുള്ള നിരവധി വിദ്യാര്‍ഥികള്‍ അക്രമരാഷ്ട്രീയത്തില്‍ പ്രതികളായി ചേര്‍ക്കപ്പെട്ടിരുന്നു.
തലശേരി കുയ്യാലിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്നു 17 വയസുമാത്രമുള്ള കൊളശേരിയിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ പ്രതിയായിരുന്നു. കേസില്‍ ഈ വിദ്യാര്‍ഥി ശിക്ഷിക്കപ്പെടുകയും ചെയ്തു.
പഠിക്കുന്ന സമയം കേസില്‍പ്പെട്ടുപോയാല്‍ പിന്നെ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളുടെ ആയുധമായി ഇവര്‍ മാറുകയാണ്. കോഴിക്കടത്ത്, ബ്ലേഡ് പണം പിരിവ്, മദ്യശാലകളുടെ സംരക്ഷണം തുടങ്ങിയ തൊഴിലില്‍ ഏര്‍പ്പെടുന്ന ഇവര്‍ ക്രമേണ ജയിലിലും പുറത്തുമായി ജീവിക്കുകയാണ്.
പാര്‍ട്ടികള്‍ക്ക് മൃഗീയ സ്വാധീനമുള്ള ജില്ലയിലെ സാങ്കേതിക വിദ്യാലയങ്ങള്‍, കോളജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് മിനിപാര്‍ട്ടി ഗ്രാമങ്ങളും ഇടിമുറികളുംപ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ നഗരത്തിന്റെ വിളിപ്പാടകലെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാലയത്തില്‍ എതിരാളികളെ ഇടിച്ചു പരിപ്പെടുക്കുന്നതിനായി ഒരു പ്രത്യേക ഇടിമുറി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഠാര, വാള്‍, ബോംബ് എന്നിവ സൂക്ഷിക്കുന്നതിനായി ഹോസ്റ്റലില്‍ ചില ഇരുട്ടുമുറികളുമുണ്ട്.
പുറത്തുനിന്നുള്ളവര്‍ക്കോ പൊലിസിനോ ഒരിക്കലും പ്രവേശിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലൊന്നാണിത്. കലാലയ തെരഞ്ഞെടുപ്പ് സമയത്ത് പുറമേ നിന്നുപോലും ഗുണ്ടകളെത്തി ഇവിടെ കേന്ദ്രീകരിക്കുന്നു. ജില്ലയിലെ അക്രമരാഷ്ട്രീയത്തിനു നേതൃത്വം നല്‍കുന്ന ചില നേതാക്കളുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ഇവരുടെ പ്രവര്‍ത്തനം.
തലശേരിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരുകോളജിലെ സംഘര്‍ഷമാണ് അണ്ടല്ലൂരിലെ സന്തോഷ്‌കുമാര്‍ വധത്തിലെത്തിയത്. മിനി പാര്‍ട്ടി ഗ്രാമമെന്നു അറിയപ്പെടുന്ന ഈ കോളജ് നിയന്ത്രിക്കുന്നത് തലശേരി മേഖലയിലെ പാര്‍ട്ടി നേതാക്കളാണ്. മറ്റുവിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കായി പ്രവര്‍ത്തനരംഗത്തുള്ളവരെ ഇടിച്ചു ശരിപ്പെടുത്താന്‍ ഇവിടെയും പ്രത്യേക കേന്ദ്രങ്ങളുമുണ്ട്. തലശേരി, കൂത്തുപറമ്പ് മേഖലയിലെ ചില ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയും കടുത്ത രാഷ്ട്രീയ പ്രസരത്തിന്റെ പിടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."