നീലേശ്വരം ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു മാറ്റും
നീലേശ്വരം: നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ നഗരസഭയ്ക്കു നിര്‍ദേശം നല്‍കി. മാര്‍ക്കറ്റ് ജങ്ഷനിലെ കല്ല്യാണമണ്ഡപവും പൊളിച്ചുമാറ്റും. ഇരുകെട്ടിടങ്ങളും അണ്‍ഫിറ്റ് ആയതിനാലാണു പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടര്‍ന്നു വീഴുന്ന സ്ഥിതിയാണുള്ളത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന വ്യാപാരികളുമായി നഗരസഭാ അധികൃതര്‍ ചര്‍ച്ച നടത്തി. ഇവ പൊളിച്ചു നീക്കി പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കു തുടര്‍ന്നു മുറികളനുവദിക്കാമെന്നു വാക്കാല്‍ ഉറപ്പും നല്‍കി. അതേസമയം പുതിയ കെട്ടിടം നിര്‍മിക്കുന്നതു വരെ പകരം സംവിധാനം ഒരുക്കണമെന്ന വ്യാപാരികളുടെ ആവശ്യം അധികൃതര്‍ തള്ളി.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തോടൊപ്പം തൊട്ടടുത്ത കംഫര്‍ട്ട് സ്റ്റേഷനും പൊളിക്കും. കൂടാതെ നിലവില്‍ വി.എസ് ഓട്ടോസ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തിയായിരിക്കും പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടം നിര്‍മിക്കുന്നത്. എട്ടുകോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയില്‍ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, കോണ്‍ഗ്രസ് നഗരസഭാ കക്ഷി നേതാവ് എറുവാട്ട് മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."