പിണറായി സര്‍ക്കാര്‍ വരള്‍ച്ചാ നടപടി സ്വീകരിക്കുന്നില്ല: കെ.പി.എ മജീദ്
കാസര്‍കോട്: കേരളം കടുത്ത വരള്‍ച്ചയിലേക്കു നീങ്ങുമ്പോള്‍ ഒരു മുന്‍കരുതല്‍ നടപടികളും ഇതു വരെ പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. യു.ഡി.എഫ് ഭരണകാലത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തു കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല' എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ നയിക്കുന്ന ഉത്തര മേഖലാ ജാഥ കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ദുര്‍ഭരണം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടി കഴിയുകയാണ്. ഇരു സര്‍ക്കാറുകളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഭരണവുമായി മുന്നോട്ടു പോകുമ്പോള്‍ നോക്കി നില്‍ക്കാന്‍ ആവില്ലെന്നും വരാനിരിക്കുന്നത് യു.ഡി.എഫിന്റെ സമരനാളുകളാണെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സി.പി ജോണ്‍, എ.പി അബ്ദുല്ലക്കുട്ടി, ജാഥാ ക്യാപ്റ്റന്‍ എം.എം ഹസ്സന്‍, വൈസ് ക്യാപ്റ്റന്‍ സി.എ അജീര്‍, അംഗങ്ങളായ പി.കെ ഫിറോസ്, സുരേഷ് ബാബു, കെ.പി മോഹനന്‍, ശരത് ചന്ദ്ര പ്രസാദ്, കെ.എ ഫിലിപ്പ്, സി.പി വിജയന്‍, കോ-ഓര്‍ഡിനേറ്റര്‍ വി.എ നാരായണന്‍, കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍ സംസാരിച്ചു. തുടര്‍ന്ന് ഉപ്പളയില്‍ വമ്പിച്ച സ്വീകരണം നല്‍കി. ഇന്നു രാവിലെ പത്തിനു ഉദുമയിലും ഉച്ചക്ക് വെള്ളരിക്കുണ്ടിലും വൈകുന്നേരം തൃക്കരിപ്പൂരിലും സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."