ദേശീയപാതയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം: നടപടി എങ്ങുമെത്തിയില്ല
നീലേശ്വരം: നീലേശ്വരം കരുവാച്ചേരിയില്‍ ദേശീയപാതയോരത്തു ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനുള്ള നടപടി എങ്ങുമെത്തിയില്ല. കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥലം വിട്ടു നല്‍കാത്തതാണു കാരണം. നിലവില്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചാണു ദേശീയപാതവഴി സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ളവ നിലവിലുള്ള സ്റ്റാന്‍ഡിലെത്തുന്നത്.
നാലുവര്‍ഷം മുന്‍പു മുന്‍ മന്ത്രി കെ.പി മോഹനന്‍ മുന്‍കൈ എടുത്തു സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലം വിട്ടു നല്‍കാന്‍ സര്‍വകലാശാല തയാറായില്ല. നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചു സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയേയും മുന്‍കൃഷി മന്ത്രിയേയും കണ്ടിരുന്നു. തുടര്‍ന്നും സര്‍വകലാശാലാ അധികൃതര്‍ കടുംപിടുത്തത്തിലായിരുന്നു. പകരം അഞ്ചേക്കര്‍ സ്ഥലം നല്‍കിയാല്‍ രണ്ടേക്കര്‍ വിട്ടു നല്‍കാമെന്നായിരുന്നു അവരുടെ വാദം. അല്ലെങ്കില്‍ ഗവേഷണ കേന്ദ്രത്തിന്റെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം വിട്ടു നല്‍കാമെന്നും ഇവര്‍ അറിയിച്ചു.
മൂന്നു വര്‍ഷം മുന്‍പു മലബാര്‍ മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാന്‍ വന്ന അന്നത്തെ മന്ത്രി കെ.പി മോഹനന്റെ സാന്നിധ്യത്തില്‍, സ്ഥലം വിട്ടു നല്‍കിയില്ലെങ്കില്‍ വി.സിയുടെ വീടിനുമുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് കെ കുഞ്ഞിരാമന്‍ എം.എല്‍.എ പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ മുന്‍ മുഖ്യമന്ത്രി ഉടന്‍ തന്നെ സ്ഥലം വിട്ടു നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ തുടര്‍ന്നു നടന്ന സര്‍വകലാശാലയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ബസ് സ്റ്റാന്‍ഡിന് സ്ഥലം വിട്ടു നല്‍കാന്‍ ഉപാധികള്‍ വച്ചു. വിട്ടു നല്‍കുന്ന സ്ഥലത്തിനു പകരമായി മറ്റൊരു സ്ഥലമോ മതിയായ തുകയോ നല്‍കണമെന്നാണ് ഉപാധി. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരുകയും സര്‍വകലാശാലയുടെ പടന്നക്കാട് കാംപസിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു. വിട്ടു നല്‍കുന്ന സ്ഥലത്തിനു പകരമായി മറ്റൊരു സ്ഥലമോ മതിയായ തുകയോ നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ നഗരസഭയുമെത്തിയതോടെയാണ് ബസ് സ്റ്റാന്‍ഡ് നിര്‍മാണം പ്രതിസന്ധിയിലായത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭാ ഭരണസമിതി ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അനുകൂലമായ നിലപാടു സ്വീകരിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പും ഇതുവരെയായും പാലിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."