പുതിയ ഹജ്ജ് നിയമം: പ്രവാസി ഹാജിമാര്‍ക്ക് ജോലി നഷ്ടമാകും
എടച്ചേരി: പാസ്പോര്‍ട്ട് ഹാജരാക്കുന്നതിന്റെ തിയതിയില്‍ മാറ്റംവരുത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ തീരുമാനം പ്രവാസികളായ ഹാജിമാരെ ആശങ്കയിലാക്കുന്നു. ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പാസ്പോര്‍ട്ട് ഹാജരാക്കാന്‍ നിശ്ചയിച്ച അവസാന തിയതി ഈവര്‍ഷം ഏപ്രില്‍ 14 ആക്കിയതാണ് ഇവര്‍ക്ക് വിനയായത്.
ഹജ്ജിന് പോകുന്നതിന്റെ അഞ്ചുമാസം മുന്‍പ് ഇവര്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് നിര്‍ദേശം. വിദേശത്തു സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് ലഭിക്കുന്ന പരമാവധി അവധി 28 ദിവസമാണ്. ഹജ്ജ് ആവശ്യത്തിനായി ഒരുമാസം കൂടി ശൂന്യവേതന അവധി അനുവദിക്കും. അങ്ങനെയെങ്കില്‍പ്പോലും ഏപ്രില്‍ പതിനഞ്ചിനു മുന്‍പ് പാസ്പോര്‍ട്ട് ഹാജരാക്കണമെങ്കില്‍ അഞ്ചു മാസത്തിലധികം ജോലിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടി വരും.
കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനു മുന്‍പായാണ് പ്രവാസികളായ ഹാജിമാരോടു പാസ്പോര്‍ട്ട് ഹജ്ജ് ഹൗസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തവണ തിയതി നേരത്തെയാക്കിയതില്‍ ആശങ്കയിലാണ് പ്രവാസികള്‍.
ഇതുവരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം അപേക്ഷിച്ച ഹാജിമാരെ നറുക്കെടുപ്പില്ലാതെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവസരം നല്‍കിയിരുന്നു. ഈവര്‍ഷം മുതല്‍ ഈ ആനുകൂല്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒഴിവാക്കി. ഇതിനെതിരേ കോടതിയില്‍ കൊടുത്ത റിട്ട് ഹരജിയിലൂടെ അഞ്ചാം വര്‍ഷക്കാരായ ഹാജിമാരില്‍ 65 വയസു കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാന്‍ അവസരം നല്‍കണമെന്ന വിധി വന്നെങ്കിലും ഇത് പൂര്‍ണമായും അനുകൂലമാകില്ലെന്നാണ് ഹാജിമാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."