മിണ്ടാപ്രാണികളായ വന്യമൃഗങ്ങള്‍ക്ക് നേരെയും തുടരുന്നു
സുല്‍ത്താന്‍ ബത്തേരി: സമാനതകളില്ലാത്ത മനുഷ്യന്റെ ക്രൂരത മിണ്ടാപ്രാണികളായ വന്യമൃഗങ്ങള്‍ക്ക് നേരെയും തുടരുന്നു. ഇതിന്റെ അവസാന തെളിവാണ് കഴിഞ്ഞ ദിവസം ബത്തേരി-പുല്‍പ്പള്ളി പാതയില്‍ 15 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയെ വെടിവെച്ചുകൊന്ന സംഭവം.
വെടിയുണ്ട തലച്ചോറില്‍ തുളച്ചുകയറിയാണ് ആന ചരിഞ്ഞത്. സാധാരണയില്‍ വെടിയേല്‍ക്കുന്ന ആനകള്‍ കിലോമീറ്ററുകളോളം ഓടിയാണ് മരണത്തിന് കീഴടങ്ങുക. മാത്രമല്ല ഒരു ഭാഗത്തേക്ക് ചെരിഞ്ഞാണ് കിടക്കുകയും ചെയ്യുക.
എന്നാല്‍ ബത്തേരിയിലെ സംഭവത്തില്‍ വെടികൊണ്ടയിടത്ത് തന്നെ മുട്ടുകുത്തിയ നിലയിലാണ് ആനയെ കണ്ടെത്തിയത്. സംഭവം വനപാലകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
നാടന്‍തോക്ക് ഉപയോഗിച്ചാണ് ആനയെ വെടിവെച്ചിരിക്കുന്നത്. ആനയുടെ തൊട്ടടുത്ത് നിന്ന് വെടിവെച്ചാലേ ഇത്തരത്തില്‍ ഒരു മരണം സംഭവിക്കുകയുള്ളൂവെന്നാണ് വനപാലകര്‍ പറയുന്നത്. ഏതായാലും സമാനതകളില്ലാത്ത ക്രൂരതയാണ് കഴിഞ്ഞ ദിവസം ബത്തേരി-പുല്‍പ്പള്ളി പാതയിലെ വനമേഖലയില്‍ സംഭവിച്ചത്. കുറ്റക്കാരെ ഉടന്‍പിടികൂടി തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും ഇനി ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നുമാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."