മൂന്ന് പൊലിസ് സ്റ്റേഷനുകള്‍ക്ക് കനത്ത സുരക്ഷ
മാനന്തവാടി: നക്‌സലൈറ്റ് നേതാവ് വര്‍ഗീസിന്റെ 48-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, വെള്ളമുണ്ട പൊലിസ് സ്റ്റേഷനുകള്‍ക്കു സുരക്ഷ കര്‍ശനമാക്കാന്‍ ഉന്നതതല യോഗത്തില്‍ നിര്‍ദേശം. മാവോവാദികള്‍ നിലമ്പൂരില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈവര്‍ഷം സുരക്ഷ കര്‍ശനമാക്കുന്നത്.
മാവോവാദികള്‍ തിരിച്ചടിക്കാന്‍ ഇത്തരം ദിവസങ്ങള്‍ തിരഞ്ഞെടുത്തേക്കുമെന്ന സൂചനയെ തുടര്‍ന്നാണു ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും വര്‍ഗീസ് രക്തസാക്ഷി ദിനത്തില്‍ സുരക്ഷാക്രമീകരണങ്ങളുണ്ടായിരുന്നിട്ടും തിരുനെല്ലി വര്‍ഗീസ് പാറയില്‍ മാവോവാദികളെത്തി കൊടിയുയര്‍ത്തിയതായി പൊലിസ് കണ്ടെത്തിയിരുന്നു. വര്‍ഗീസ് പാറയില്‍ കൊടി ഉയര്‍ത്തുന്നതിനായി സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകരെത്തുന്നതിനു മുന്‍പായി മാവോവാദികളെത്തി കൊടി ഉയര്‍ത്തിയെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിരുന്നു.
മാനന്തവാടി ഡിവൈ.എസ്.പിക്കു കീഴിലായിരിക്കും സുരക്ഷാക്രമീകരണങ്ങളൊരുക്കുക. രക്തസാക്ഷി ദിനത്തിനു രണ്ടുദിവസം മുന്‍പുതന്നെ തിരുനെല്ലി കാടുകള്‍ കേന്ദ്രീകരിച്ച് ആന്റി നക്‌സല്‍ സ്‌ക്വാഡിനെ ഉപയോഗിച്ചു തിരച്ചില്‍ നടത്തും. ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കും. ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. വെള്ളമുണ്ട, തിരുനെല്ലി തലപ്പുഴ പൊലിസ് സ്റ്റേഷനുകളില്‍ സായുധ പൊലിസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തും.
സി.പി.ഐ (എം.എല്‍) ഇരുവിഭാഗങ്ങളും പ്രത്യേകമായി വര്‍ഗീസ് രക്തസാക്ഷി ദിനം ആചരിക്കുന്നുണ്ടെങ്കിലും മാവോ അനുകൂല നിലപാടെടുക്കുന്നതായി പൊലിസ് കരുതുന്ന 'പോരാട്ട'ത്തിന്റെ രക്തസാക്ഷി ദിനാചരണമാണു ഗൗരവമായി നിരീക്ഷിക്കുക.
ഈമാസം 20ന് മാനന്തവാടി ഗാന്ധി പാര്‍ക്കിലാണു 'പോരാട്ടം' വര്‍ഗീസ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. ഈയിടെ യു.എ.പി.എ ചുമത്തപ്പെട്ട് ജാമ്യം ലഭിച്ച എം.എന്‍ രാവുണ്ണി പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി പൊലിസ് വെടിവയ്പ്പില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവവും ഈവര്‍ഷം സുരക്ഷ ശക്തമാക്കാന്‍ കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."