അനെര്‍ട്ടിന്റെ സൗരനിലയ പദ്ധതി: രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍
കോഴിക്കോട്: കേന്ദ്ര നവീന-നവീകരണീയ ഊര്‍ജ മന്ത്രാലയത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും ധനസഹായത്തോടെ അനെര്‍ട്ട് മേല്‍ക്കൂര സൗരവൈദ്യുതി നിലയ പദ്ധതികള്‍ നടപ്പിലാക്കുന്നു.
വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സൗരനിലയപദ്ധതി 'സോളാര്‍ കണക്ട്' മുഖേന 5 മെഗാവാട്ടും വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിക്കാത്ത സൗരനിലയ പദ്ധതിയായ 'സോളാര്‍ സ്മാര്‍ട്ട്' മുഖേന 6.4 മെഗാവാട്ടും ശേഷി കൈവരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കുളള രജിസ്‌ട്രേഷന്‍ 14,15 തിയതികളില്‍ അനെര്‍ട്ട് ജില്ലാ ഓഫിസില്‍ നടക്കും.
സോളാര്‍ കണക്ട് പദ്ധതിയില്‍ ഒരു കിലോവാട്ടിന് ഏകദേശം 70,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ രണ്ടുകിലോ വാട്ട് മുതല്‍ 100 കിലോവാട്ട് വരെ ശേഷിയുളള സൗരനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് അനുവദിക്കുന്നതാണ്. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായമായി ഒരു കിലോവാട്ടിന് 29,700 രൂപ ലഭിക്കും.
ഇപ്പോള്‍ ഇന്‍വെര്‍ട്ടര്‍ ഉളള വീടുകളില്‍ ഈ സംവിധാനം സ്ഥാപിച്ചാല്‍ വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവ് വരും. വാണിജ്യം, വ്യവസായം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സോളാര്‍ കണക്ട് പദ്ധതിയില്‍ ഉളള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം ലഭിക്കും.
സോളാര്‍ സ്മാര്‍ട്ട് പദ്ധതി പ്രകാരം ഒരു കിലോവാട്ട് മുതല്‍ അഞ്ചു കിലോവാട്ട് വരെ ശേഷിയുളള സൗരനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് അനുവദിക്കും.
കിലോവാട്ടിന് ഏകദേശ ചെലവ് 1,50,000 രൂപയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഒരു കിലോവാട്ടിന് 67,500 രൂപ ലഭിക്കും. വീടുകള്‍ക്ക് മൂന്ന് കിലോവാട്ട് വരെയും സ്ഥാപനങ്ങള്‍ക്ക് അഞ്ചു കിലോവാട്ട് വരെയുമാണ് പരിധി. വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍വെര്‍ട്ടര്‍ യു.പി.എസ് തുടങ്ങിയവ വാങ്ങുന്നതിനെക്കാള്‍ ലാഭകരമാണ് ഇത്തരം പദ്ധതി.
പദ്ധതി ലക്ഷ്യം നിശ്ചിത സമയത്തിനുളളില്‍ കൈവരിക്കുന്നതിനായി അനെര്‍ട്ട് ജില്ലാ തലത്തില്‍ പദ്ധതി നടപടിക്രമങ്ങളുടെ അവബോധവും സ്‌പോട്ട് രജിസ്‌ട്രേഷനും സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ ചെയ്യുന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ ംംം.മിലൃ.േഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ജില്ലാ ഓഫിസില്‍ (ഫോണ്‍ 04952373764) നിന്നും ലഭിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി (ആധാര്‍ കാര്‍ഡ് കോപ്പി അഭികാമ്യം) സഹിതം സിവില്‍സ്റ്റേഷന് എതിര്‍വശമുളള ജില്ലാ ഓഫിസില്‍ നേരിട്ടെത്തി ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സോളാര്‍ കണക്റ്റിന് 2000 രൂപയും സോളാര്‍ സ്മാര്‍ട്ടിന് 1000 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫോണ്‍ 04952373764.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."