പദ്മാവതിനെതിരായ പ്രക്ഷോഭം ഒരുവിഭാഗം കര്‍ണി സേന പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന അക്രമാസക്ത പ്രതിഷേധങ്ങള്‍ക്കും നിയമനടപടികള്‍ക്കും പിന്നാലെ പദ്മാവത് ചിത്രത്തിനെതിരായ എതിര്‍പ്പുകള്‍ അവസാനിപ്പിച്ചതായും ചിത്രങ്ങള്‍ എല്ലാവരും കാണണമെന്നും ഒരുവിഭാഗം കാര്‍ണി സേന.
ചിത്രത്തിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളും പിന്‍വലിക്കുകയാണെന്നു കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് കട്ടാര്‍ പറഞ്ഞു. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള മോശംരംഗങ്ങളൊന്നുമില്ല. രജപുത്രരുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന യാതൊന്നും സിനിമയിലില്ലെന്നും സമുദായത്തിന്റെ ധീരതയെ ചിത്രത്തില്‍ മഹത്വവല്‍കരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണിസേനയുടെ ദേശീയ തലവന്‍ സുഖ്‌ദേവ് സിങ് ഗോഗമതിയുടെ നിര്‍ദേശ പ്രകാരം സേനയിലെ ചില അംഗങ്ങള്‍ ചിത്രം കണ്ടിരുന്നു. സിനിമ കണ്ട് അവര്‍ മികച്ച അഭിപ്രായമാണ് പറഞ്ഞത്. ഇതിനു പുറമെ എല്ലാ രജപുത്രരും നിര്‍ബന്ധമായും ചിത്രം കാണേണ്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് ചിത്രത്തോടുള്ള നിലപാട് തങ്ങള്‍ മാറ്റുന്നതെന്നും കര്‍ണിസേനാ തലവന്‍ അറിയിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉള്‍പ്പെടെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും തങ്ങള്‍ വാഗ്ദാനംചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജസ്ഥാനിലെ കര്‍ണിസേനാ മേധാവി ലോകേന്ദ്ര സിങ് കല്‍വി, ചിത്രത്തിനെതിരായ പ്രതിഷേധം തുടരുമെന്നും അറിയിച്ചു. പ്രക്ഷോഭം നിര്‍ത്തിയെന്ന് അവകാശപ്പെടുന്ന കര്‍ണി സേന വ്യാജമാണെന്നും തങ്ങളുടെ കര്‍ണി സേന പ്രതിഷേധം തുടരുമെന്നും കല്‍വി അറിയിച്ചു. രജ്പുത്തുകളുടെ വികാരം മാനിക്കാത്തതിനാലാണ് രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടത്. ആ പാര്‍ട്ടിയുടെ സഹായം സ്വീകരിക്കുന്ന കര്‍ണി സേനയാണ് ചിത്രത്തെ അനുകൂലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിഹാസ കഥാപാത്രമായ രജപുത്ര രാജ്ഞിയായിരുന്ന പത്മിനിയുടെ ജീവിത കഥ ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണ് പദ്മാവതി. റാണി പദ്മിനിയോട് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് സിനിമയുടെ പ്രമേയം. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും രജപുത്രരുടെ അന്തസിനെ അവഹേളിക്കുന്നുവെന്നും ആരോപിച്ചായിരുന്നു കര്‍ണി സേന ചിത്രത്തിനെതിരേ രംഗത്തുവന്നത്.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ചിത്രത്തിനു വിലക്കുണ്ടായെങ്കിലും സുപ്രിംകോടതി പദ്മാവതിനൊപ്പം നിന്നു. ചിത്രത്തിനെതിരായ വിവിധ ഹരജികളാണ് പലപ്പോഴായി ഡല്‍ഹി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയത്. ചിത്രം പുറത്തിറങ്ങും മുമ്പ് വിവിധ ഭാഗങ്ങള്‍ നീക്കംചെയ്യുകയുമുണ്ടായി. വിവാദത്തെത്തുടര്‍ന്ന് വളരെ വൈകിയായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
ഇതിനിടെ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട തിയേറ്ററുകള്‍ അഗ്നിക്കിരയാക്കുകയും ഉണ്ടായി. കര്‍ണിസേനക്കാര്‍ തെരിവിലിറങ്ങിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസുള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."