ഒ.എന്‍.വിയുടെ ഓര്‍മകള്‍ക്ക് ചവറയില്‍ അക്ഷരപൂജയുമായി സാംസ്‌കാരിക സംഘടനകള്‍
ചവറ: ഒ.എന്‍.വി കുറുപ്പ് വിടവാങ്ങിയിട്ട് ഒരു വര്‍ഷം തികഞ്ഞ ഇന്നലെ ഒ.എന്‍.വിയുടെ ജന്മഗൃഹമായ നമ്പ്യാടിക്കല്‍ വീട്ടിലും ചവറയുടെ വിവിധ കേന്ദ്രങ്ങളിലും ഓര്‍മകള്‍ പുതുക്കിയും പുഷ്പാര്‍ച്ചനകള്‍ നടത്തിയും ചവറയിലെ സാംസ്‌കാരിക രംഗം സജീവമായി. രാവിലെ മുതല്‍ കുടുംബവീടായ നമ്പ്യാടിക്കല്‍ വീട്ടില്‍ അലങ്കരിച്ചിരുന്ന ഒ.എന്‍.വി യുടെ ചിത്രത്തിനുമുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനായി സാഹിത്യകാരന്മാര്‍, കവികള്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. ഇപ്റ്റയുടെ ആഭിമുഖ്യത്തില്‍ നമ്പ്യാടിക്കല്‍ വീട്ടിലൊരുക്കിയ പന്തലില്‍ കവിയരങ്ങും അക്ഷരപൂജയും നടന്നു.
ചവറ വികാസിന്റെയും കേരള സാഹിത്യ അക്കാഡമിയുടെയും പ്രവര്‍ത്തകര്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഒ.എന്‍.വി അനുസ്മരണവും പുസ്തക പ്രകാശനവും നടന്നു. ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യഅക്കാദമിയംഗം ഡോ. സി ഉണ്ണികൃഷ്ണന്‍, ശ്രീകല ചിങ്ങോലി, ഡോ. വെള്ളിമണ്‍ നെല്‍സണ്‍, ജെ. ഷൈല, എസ് രാധാകൃഷ്ണപിള്ള, കുരീപ്പുഴ ഫ്രാന്‍സിസ്, വര്‍ഗീസ് എം കൊച്ചുപറമ്പില്‍, അനില്‍ പുത്തേഴം എന്നിവര്‍ പ്രസംഗിച്ചു. പുരോഗമന കലാസാഹിത്യസംഗം ചവറ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ടി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. ഏഴാച്ചേരി രാമചന്ദ്രന്‍, എന്‍. വിജയന്‍പിള്ള എം.എല്‍.എ, കെ.ആര്‍ മീര, ആര്‍ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."