കെ.എസ്.ഐ.ഡി.സിയില്‍ തുടങ്ങുന്നത് 50-ഓളം ചെറുകിട വ്യവസായ യൂനിറ്റുകള്‍
കിനാലൂര്‍: സംസ്ഥാന വ്യവസായ വകുപ്പ് കിനാലൂര്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത സ്ഥലത്ത് ചെറുകിട വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. വ്യവസായ വകുപ്പ് പാട്ടത്തിന് നല്കിയ നൂറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ചെറുകിട വ്യവസായ യൂനിറ്റുകള്‍ തുടങ്ങിയത്. ചെരിപ്പ് നിര്‍മാണ യൂനിറ്റുകള്‍, ഐസ്ക്രീം, അലൂമിനിയം ഫാബ്രിക്കേഷന്‍, പാത്ര നിര്‍മാണം തുടങ്ങിയ 21 യൂനിറ്റികളുടെ പ്രവര്‍ത്തനമാണ് തുടങ്ങിയത്. 30-ഓളം യൂനിറ്റുകളുടെ പ്രവര്‍ത്തനം കൂടി മാസങ്ങള്‍ക്കകം ആരംഭിക്കും.
50-ഓളം യൂനിറ്റുകള്‍ കിനാലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കിനാലൂരിന്റെ മുഖഛായ തന്നെ മാറും. സര്‍ക്കാറില്‍ നിന്നും വ്യവസായ വകുപ്പ് സ്ഥലം പാട്ടത്തിനെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഏറ്റെടുത്ത സ്ഥലത്ത് യാതൊരുനിര്മാണവും ആരംഭിക്കാത്തതിനെ തുടര്‍ന്ന് വ്യവസായ വകുപ്പ് നിലപാട് കടുപ്പിക്കുകയായിരുന്നു.
വ്യവസായ യൂനിറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ഏറെയും അന്യസംസ്ഥാനക്കാരാണ് എന്നത് പ്രദേശവാസികളെ ചൊടിപ്പിക്കുന്നുണ്ട്. പുതുതായി ആരംഭിക്കാന്‍ പോകുന്ന യൂനിറ്റുകളില്‍ തന്നെയെങ്കിലും പ്രദേശവാസികള്‍ക്ക് കാര്യമായ പരിഗണന നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചെറുകിട യൂനിറ്റുകള്‍ക്ക് പുറമെ ഉഷ സ്കൂളിലെ സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മാണവും അവസാന മിനുക്ക് പണി കഴിഞ്ഞിരിക്കുകയാണ്. കൂടാതെ കെ.എസ്.ഐ.ഡി.സിയുടെ രണ്ടേക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന 110 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."