വീണ്ടും മെര്‍സ് വൈറസ് ബാധ; രണ്ട് പ്രവാസികള്‍ മരിച്ചു വൈറസ് ബാധയേറ്റ് സഊദിയില്‍ മരിച്ചത് 727 പേര്‍
ജിദ്ദ: സഊദിയില്‍ മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധയേറ്റു രണ്ടു പ്രവാസികള്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴുപേര്‍ക്കു രോഗം ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
തായിഫ്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ 60ഉം 50ഉം പ്രായമുള്ള പ്രവാസികളാണ് വൈറസ് ബാധയേറ്റു മരിച്ചത്. റിയാദ്, ഹൈല്‍, തബൂക്ക്, ബുറൈദ എന്നിവിടങ്ങളില്‍ കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
2012ല്‍ വൈറസ് ബാധ കണ്ടെത്തിയത് മുതല്‍ 727 പേരാണ് ഇതുമൂലം രാജ്യത്തു മരണപ്പെട്ടത്. സഊദിയില്‍ ആകെ 1,785 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആയിരത്തിലേറെ പേര്‍ സുഖംപ്രാപിച്ചതായും ബാക്കിയുള്ളവര്‍ ചികിത്സ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതാണു മരണത്തിനിടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാല്‍ സുഖപ്പെടുക്കാനാവുന്ന രോഗമാണിതെന്നും അവര്‍ പറഞ്ഞു. കൊറോണ വൈറസ് വിഭാഗത്തില്‍പെട്ടതാണ് മെര്‍സ് വൈറസ്. ശക്തിയായ ജലദോഷം, തുടര്‍ച്ചയായ ചുമ, പനി, തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക, ശ്വാസതടസം, ചര്‍ദി, വൃക്കരോഗം എന്നിവയാണു ലക്ഷണങ്ങള്‍.
2012 ജൂണിലാണ് വൈറസിന്റ സാന്നിധ്യം സഊദിയില്‍ കണ്ടെത്തിയത്. സ്ഥിരം രോഗികളെയും ശാരീരികാവശത അനുഭവിക്കുന്നവരെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണു രോഗം ഏറ്റവും വേഗത്തില്‍ പിടികൂടുന്നത്. ഭക്ഷണം, വെള്ളം, പരിസരം എന്നിവയുടെ ശുചിത്വകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."