സൂകിയുടെ വസതിയിലേക്ക് ബോംബേറ്; ഒരാള്‍ പിടിയില്‍
യാങ്കൂണ്‍: മ്യാന്മര് നേതാവ് ആങ് സാന്‍ സൂകിയുടെ വസതിയിലേക്ക് പെട്രോള്‍ ബോംബേറ്. സംഭവത്തില്‍ പ്രതിയാണെന്നു സംശയിക്കുന്ന ഒരാള്‍ പിടിയിലായി. വിന് നായിങ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മാനസികരോഗിയാണെന്ന് പൊലിസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് യാങ്കൂണിലെ തടാകക്കരയിലുള്ള സൂകിയുടെ വീട്ടിന്റെ മുറ്റത്തേക്ക് അക്രമി പെട്രോള്‍ നിറച്ച കുപ്പി കത്തിച്ചെറിഞ്ഞത്. ഈ സമയത്ത് സൂകി വീട്ടിലുണ്ടായിരുന്നില്ല. ബോംബേറില്‍ വീടിനോ മറ്റു സാമഗ്രികള്‍ക്കോ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന ഒരാള്‍ എടുത്ത ഫോട്ടോയില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുറ്റം പ്രതി സമ്മതിച്ചിട്ടുണ്ട്. മന്ത്രവാദികളുടെ ശാപം കാരണമാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്ന് വിന് നായിങ് പൊലിസിനോട് പറഞ്ഞു. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സുരക്ഷാ ഉദ്യോഗസ്ഥാനാണ് നായിങ്. സംഭവത്തില്‍ ആങ് സാന്‍ സൂകി പ്രതികരിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."