സിറിയക്കും മ്യാന്മറിനും ഉ.കൊറിയ ആയുധങ്ങള്‍ നല്‍കി: യു.എന്‍ റിപ്പോര്‍ട്ട്
പ്യോങ്‌യാങ്: മ്യാന്മര്‍, സിറിയ സര്‍ക്കാരുകള്‍ക്ക് ഉത്തര കൊറിയ ആയുധങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്. യു.എന്‍ സമിതിയുടെ റിപ്പോര്‍ട്ടാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന് ഉ.കൊറിയ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര വ്യാപാര വിലക്കിനിടെ ഉ.കൊറിയയുടെ പ്രധാന കയറ്റുമതി ചരക്കുകളായ കല്‍ക്കരി, ഇരുമ്പ്, ഉരുക്ക് എന്നിവയ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായും വെളിപ്പെടുത്തലുണ്ട്.
റോഹിംഗ്യകള്‍ക്കെതിരേ സൈനിക നടപടി തുടരുന്നതിനിടെയാണ് കൊറിയ മ്യാന്മര്‍ സര്‍ക്കാരിനെ ആയുധം നല്‍കി സഹായിച്ചത്. ബാലിസ്റ്റിക് മിസൈല്‍ ആണ് ഉ.കൊറിയ മ്യാന്മറിനു നല്‍കിയത്. സിറിയയുടെ ബശ്ശാറുല്‍ അസദ് സര്‍ക്കാരിന് ആണവായുധ സമ്പുഷ്ടീകരണത്തിനായി സഹായം നല്‍കിയതായും വെളിപ്പെടുത്തലുണ്ട്.
യു.എന്‍ ഉപരോധത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ചരക്കുകളും ഉ.കൊറിയ വിവിധ രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിക്കും സെപ്റ്റംബറിനും ഇടയില്‍ 200 മില്യന്‍ യു.എസ് ഡോളര്‍(ഏകദേശം 1,282 കോടി രൂപ) കയറ്റുമതിയിലൂടെ രാജ്യം സ്വന്തമാക്കി. കല്‍ക്കരി കയറ്റുമതി പ്രധാനമായും ചൈന, മലേഷ്യ, ദ.കൊറിയ, റഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കാണു നടന്നത്.
കഴിഞ്ഞ വര്‍ഷം നിരവധി തവണ യു.എന്‍ രക്ഷാസമിതി ഉ.കൊറിയയ്‌ക്കെതിരേ സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊറിയ മുഖവിലയ്‌ക്കെടുക്കാത്തതിനെ തുടര്‍ന്ന് ഉപരോധം ശക്തമാക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ നിരന്തരമായ ആണവ-മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നായിരുന്നു ഉപരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."