HOME
DETAILS

സുന്നി ഐക്യം സ്വാഗതാര്‍ഹം

  
backup
February 13 2017 | 23:02 PM

%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%97%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9

 

? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡണ്ട് എന്ന നിലയ്ക്ക്, സംഘടനയെ ഏതു രീതിയില്‍ നയിക്കാനാണ് ഉദ്ദേശിക്കുന്നത്.

1926 ല്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അടിത്തറ പാകിയ പണ്ഡിതപ്രസ്ഥാനമാണു സമസ്ത. മുന്‍കാല നേതാക്കള്‍ നിലകൊണ്ട ആദര്‍ശാനുഷ്ഠാനങ്ങളില്‍ നിന്നു വ്യതിചലിക്കാതെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചു സംഘടനയെ ചിട്ടപ്പെടുത്തുക, സമുദായത്തിനകത്ത് ഐക്യവും ഒരുമയും സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, സുന്നീ വിശ്വാസാദര്‍ശങ്ങള്‍ക്കു കൂടുതല്‍ കരുത്തും ശക്തിയും ഉണ്ടാക്കുക, മതനവീകരണവാദവും കപട ആത്മീയവാദവും കള്ളത്വരീഖത്തുകളും പ്രതിരോധിക്കുക, മതസ്ഥാപനങ്ങളെയും അറബിക് കോളജുകളെയുമെല്ലാം ഏകീകൃത പ്ലാറ്റ്‌ഫോമില്‍കൊണ്ടുവരിക, സാമുദായികമൈത്രിയും സാഹോദര്യവും ശക്തിപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ ചെയ്യുക, പ്രകോപനപരമായ പ്രസംഗങ്ങളും നടപടികളും ഇല്ലാതിരിക്കാന്‍ സമുദായത്തിനകത്തുള്ളവരെയും പുറത്തുള്ളവരെയും സജ്ജമാക്കുക, സാമുദായികസംഘടനകള്‍ക്കിടയില്‍ പരമാവധി യോജിപ്പിന്റെ ഇടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക, മഹല്ലുകള്‍ ശാക്തീകരിക്കുക, മതസംഘടനകള്‍ക്കിടയില്‍ മഹല്ലുതലങ്ങളില്‍ ഉടലെടുക്കുന്ന പള്ളി, മദ്‌റസ മുതലായവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതികളിലും കേസുകളിലുമെത്തിക്കാതെ പരമാവധി പറഞ്ഞു തീര്‍ക്കുക തുടങ്ങിയവയാണു ലക്ഷ്യം.

? മതവൈജ്ഞാനിക മേഖലയില്‍ ആഴവും അവഗാഹവുമുള്ള, മുഹഖിഖീങ്ങളായ പണ്ഡിതന്മാര്‍ കുറഞ്ഞുവരുന്നുവെന്ന പരാതി ശക്തമാണ്. ഈ പ്രശ്‌നത്തെ എങ്ങനെയാണു സമീപിക്കുക.

ഭൗതികതാല്‍പര്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതാണു പ്രശ്‌നം. ഭൗതികതാല്‍പര്യങ്ങളില്ലാത്തവരെ പ്രത്യേകം കണ്ടെത്തി അവര്‍ക്കു പഠനത്തിനും ഗവേഷണത്തിനും സര്‍വസംവിധാനങ്ങളുമൊരുക്കി നല്‍കിയാല്‍ ഒരു പരിധിവരെ പരിഹാരമാകും.

? പുതിയ മതവിദ്യാഭ്യാസ കരിക്കുലത്തില്‍ ഇടംപിടിച്ച സ്‌പെഷ്യലൈസ് ചെയ്യാനുള്ള സംവിധാനങ്ങളും ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഹദീസ് തുടങ്ങിയ ഫാക്കല്‍റ്റികളും ഡിപ്പാര്‍ട്ട്‌മെന്റുകളും ഈ പ്രശ്‌നത്തിനു പരിഹാരമാകുമോ.

ആഴവും പരപ്പുമുള്ള മുഹഖിഖീങ്ങളായ പണ്ഡിതന്മാരുടെ അഭാവം പരിഹരിക്കാന്‍ പുതിയ കരിക്കുലങ്ങളിലെ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റിനും ഹദീസ് ഫാക്കല്‍റ്റിക്കുമൊന്നും പൂര്‍ണാര്‍ഥത്തില്‍ സാധിക്കില്ല. അവ താല്‍കാലിക പരിഹാരങ്ങള്‍ മാത്രമാണ്. എന്നുവച്ച് അവയെ നിരുത്സാഹപ്പെടുത്തിക്കൂടാ. സ്വന്തമായ ധര്‍മം നിര്‍വഹിക്കാന്‍ അത്തരം സൗകര്യങ്ങള്‍ക്കു സാധിക്കുമെങ്കില്‍ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യണം.

? ഇപ്പോള്‍ നമ്മുടെ മതാന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആശയമാണ് അല്‍ ഫിഖ്ഹുല്‍ അഖല്ലിയ്യ. മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായ ഇടങ്ങളിലെ പ്രത്യേക ഫിഖ്ഹീ നിയമയത്തെക്കുറിച്ചു വാചാലമാവുന്ന ഈ ആശയത്തെ എങ്ങനെയാണു നോക്കിക്കാണുന്നത്.

ന്യൂനപക്ഷ ഫിഖ്ഹ് എന്ന പേരില്‍ ഇസ്‌ലാമില്‍ ഒരു കര്‍മശാസ്ത്രശാഖയില്ല. ഒരു രാജ്യത്തു മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളാവുമ്പോള്‍ സ്വീകരിക്കേണ്ട മതവിധികളെക്കുറിച്ചാണല്ലോ ഈ ഫിഖ്ഹുല്‍ അഖല്ലിയ്യ പറയുന്നത്. യഥാര്‍ഥത്തില്‍, പൂര്‍വസൂരികളായ കര്‍മശാസ്ത്രപണ്ഡിതന്മാരും ഇമാമുകളും ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ രചിച്ചത് പ്രത്യേക കാലത്തെയോ സമൂഹത്തെയോ മുന്നില്‍ കണ്ടുകൊണ്ടാണെന്നു പറഞ്ഞുകൂടാ. അവര്‍ എല്ലാ കാലത്തെ സാഹചര്യങ്ങളെയും പരിഗണിച്ചാണു മതവിധികള്‍ ചര്‍ച്ചചെയ്തത്.
അതുകൊണ്ട്, മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും മതനിയമങ്ങളുടെ ഏതെല്ലാം വശങ്ങളെ ഉപയോഗപ്പെടുത്താമെന്നു പ്രസ്തുത ഗ്രന്ഥങ്ങളെ ആഴത്തില്‍ വിശകലനം ചെയ്താല്‍ കണ്ടെത്താനാവും. നമ്മുടെ നാടുകളിലൊക്കെ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ആ ശൈലിയാണല്ലോ സ്വീകരിച്ചുപോന്നത്. ഇതു മനസ്സിലാക്കാതെയാണു പൗരാണിക പണ്ഡിതന്മാരുടെ ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ ഇന്നത്തെ സാഹചര്യത്തിനും സമൂഹത്തിനും യോജിച്ചതല്ലെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നത്.

? കര്‍മശാസ്ത്ര വിധികളുമായി ബന്ധപ്പെട്ടു ഇടയ്ക്കിടെ ഉയരുന്ന വിവാദങ്ങളിലൊന്നാണല്ലോ സ്ത്രീ സ്ഥാനാര്‍ഥിത്വവും സംവരണവുമെല്ലാം. ഇതിനെ എങ്ങനെയാണു പുതിയ സാഹചര്യത്തില്‍ കൈകാര്യം ചെയ്യുക.

സ്ത്രീയുടെ ധര്‍മവും പുരുഷന്റെ മേഖലയും വ്യത്യസ്തമാണ്. പ്രകൃതിയും സാഹചര്യങ്ങളുമെല്ലാം ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇസ്‌ലാം പുരുഷനില്‍നിന്നു വ്യത്യസ്തമായ ഇടങ്ങളും ധര്‍മങ്ങളുമാണു സ്ത്രീയെ ഏല്‍പിച്ചിട്ടുള്ളത്. സ്ത്രീയുടെ സ്ഥാനാര്‍ഥിത്വത്തിനും അധികാരവാഴ്ചക്കും നിരുപാധിക അംഗീകാരം നല്‍കുന്നത് അപകടമാണ്. സംവരണംപോലുള്ള സാഹചര്യങ്ങള്‍ വിശ്വാസികളെ അത്തരം കാര്യങ്ങളിലേക്കു നിര്‍ബന്ധിക്കുമ്പോള്‍, നിബന്ധനകള്‍ പാലിച്ചുകൊണ്ടു സ്ത്രീസ്ഥാനാര്‍ഥിത്വവും മറ്റും ആകാവുന്നതാണ്. സ്ത്രീ അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇത്തരം ചര്‍ച്ചകള്‍ നമ്മുടെ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

? ഈ വിഷയത്തിന്റെ മറ്റൊരു ഭാഗമാണു വനിതാ സംഘടന. സുന്നിവനിതകള്‍ക്കു സമസ്തയുടെ നേതൃത്വത്തില്‍ വനിതാസംഘടനയില്ല. കാമ്പസുകളിലും മറ്റും ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നവരാണു നമ്മുടെ പെണ്‍കുട്ടികള്‍.

സ്ത്രീപുരുഷന്മാര്‍ക്കിടയിലെ അകലം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയും കാമ്പസുകളിലും മറ്റും നമ്മുടെ പെണ്‍കുട്ടികള്‍ അരക്ഷിതാവസ്ഥ നേരിടുകയും ചെയ്യുന്നുവെന്നതു വസ്തുതയാണ്. അതു പരിഹരിക്കാന്‍ വനിതാ സംഘടന കൊണ്ടു സാധ്യമല്ല. പരപുരുഷ സ്ത്രീബന്ധങ്ങളെ കണിശമായി നേരിട്ട മതമാണ് ഇസ്‌ലാം. അരുതായ്മകളുടെ സാധ്യതകളെല്ലാം അടച്ചുകളഞ്ഞിട്ടുണ്ട്. വനിതാസംഘടനയെന്നു പറയാന്‍ എളുപ്പമാണ്. സ്ത്രീസംഘടനകളായി പിറന്ന പലതും പുരുഷന്മാരുടെ ഇടപെടലുകളിലേക്കും തെരുവുകളിലേക്കും എത്തിയ അനുഭവം എത്രയോ ഉണ്ട്. സ്ത്രീയുടെ ധര്‍മം തെരുവും സമരപോരാട്ടങ്ങളുമല്ല. അതുകൊണ്ടാണു സമസ്ത ഇക്കാര്യത്തില്‍ സൂക്ഷ്മത കാണിക്കുന്നത്.

? ഇസ്‌ലാമില്‍ വലിയ സ്ഥാനവും ഉത്തരവാദിത്വവുമുള്ള പദവിയാണു ഖാസി. എന്നാല്‍, നമ്മുടെ നാട്ടില്‍ നികാഹിനു കര്‍മികത്വം വഹിക്കുകയും മാസമുറപ്പിക്കലുമാണ് അവരുടെ പണി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഖാസിമാര്‍ക്കു സമൂഹത്തില്‍ പലതും ചെയ്യാന്‍ സാധിക്കും. ഞാന്‍ ഖാസിയായ കാഞ്ഞങ്ങാട് സംയുക്ത മഹല്ല് ജമാഅത്ത് ഉദാഹരണം. സമുദായത്തിന്റെ വിവിധപ്രശ്‌നങ്ങള്‍ക്കു തീര്‍പ്പുകല്‍പ്പിക്കുന്ന 'കോടതി'യാണ് അതെന്നു പറയാം. രാജ്യത്തിന്റെ നിയമങ്ങളും ഭരണഘടനാമൂല്യങ്ങളും മാനിച്ചുകൊണ്ട് പ്രശ്‌നപരിഹാര സൗധമായി അതു നിലകൊള്ളുന്നു. കോടതികള്‍ക്കുപോലും തീര്‍പ്പാക്കാനാവാത്ത കേസുകള്‍ അവിടെവച്ചു നല്ലനിലയ്ക്കു പരിഹരിച്ചു പിരിയുന്നു. ഇങ്ങനെ പലതും ഖാസിമാര്‍ക്കു ചെയ്യാനാവും. അതാരും ശ്രദ്ധിക്കുന്നില്ല. വലിയ തിരക്കുള്ളവരെയാണു ഖാസിമാരാക്കി നിയമിക്കുക. സമയപരിമിതി കാരണം അവര്‍ക്കു പലപ്പോഴും കാര്യങ്ങളില്‍ ഇടപെടാനാകില്ല. നാഇബുഖാസിമാരെയും പ്രതിനിധികളെയും നിശ്ചയിച്ചു ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കും.

? കര്‍മശാസ്ത്ര വിഷയങ്ങളില്‍ ശാഖാപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഇസ്‌ലാമികസമൂഹത്തില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതിനെ മുഴുവന്‍ അംഗീകരിക്കുന്ന രീതിയാണു നമുക്കുണ്ടായിരുന്നത്. സംഘടനകള്‍ വന്നതോടെ, ശാഖാപരമായ വിഷയത്തില്‍പോലും സംഘടന അഭിപ്രായം പറഞ്ഞാല്‍ അണികള്‍ അതു സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇതു ദൗര്‍ഭാഗ്യകരമല്ലേ.

ശാഖാപരമായ കര്‍മശാസ്ത്ര വിഷയങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വെറുതെ അഭിപ്രായം പറയാറില്ല. സമൂഹത്തില്‍ അതു സംബന്ധമായി തര്‍ക്കവിതര്‍ക്കങ്ങളും വിവാദങ്ങളും ഉടലെടുക്കുകയോ മതവിധി തേടി ജനങ്ങള്‍ വരികയോ ചെയ്താലാണു സമസ്ത ശാഖാപരമായ കര്‍മശാസ്ത്രവിധികള്‍ പ്രഖ്യാപിക്കുക. ഇമാമുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ളവയാണെങ്കില്‍ ഏറ്റവും പ്രബലവും പ്രാമാണികവുമായ അഭിപ്രായത്തെയായിരിക്കും സമസ്ത സ്വീകരിക്കുക. അതു ജനങ്ങളോടു പറയുന്നത് അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം കലഹിക്കാതിരിക്കാനാണ്. ഫിഖ്ഹിലെ ശാഖാപരമായ അഭിപ്രായവ്യത്യാസങ്ങളെ ഉള്‍ക്കൊള്ളാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സമസ്ത ഇടപെട്ടുവെന്നു പറഞ്ഞുകൂടാ.

? 1989 ല്‍ സമസ്തയുടെ പേരില്‍ ദൗര്‍ഭാഗ്യകരമായ ഭിന്നതയുണ്ടായി. ഒരേ ആദര്‍ശധാരയില്‍ നിലകൊള്ളുമ്പോഴും രണ്ടുചേരിയായി നീങ്ങുകയാണിപ്പോഴും. ഇരു സുന്നീപ്രസ്ഥാനങ്ങള്‍ക്കിടയിലും ഐക്യം അനിവാര്യമാണെന്ന് ആഗ്രഹിക്കുന്നവരാണു പൊതുസമൂഹം. ഈ വിഷയത്തെ സമസ്ത എങ്ങനെയാണു കാണുന്നത്.

സമസ്തയിലുണ്ടായ ഭിന്നത രണ്ടുചേരിയിലേക്കും സംഘടനകളിലേക്കും നയിച്ചുവെന്നതു തികച്ചും ദൗര്‍ഭാഗ്യകരമാണ്. ചരിത്രത്തിന്റെ ഒരുഘട്ടത്തില്‍ അങ്ങനെ സംഭവിച്ചു. എക്കാലത്തും അകന്നു നില്‍ക്കണമെന്ന വാശി സമസ്തയ്ക്കില്ല. ഐക്യത്തിനു സമസ്ത എപ്പോഴും തയാറാണ്. സമസ്തയില്‍നിന്നു വേറിട്ടുപോയവര്‍ക്ക് എപ്പോഴും മടങ്ങിവരാം. അതിന് ആരു മുന്‍കൈയെടുത്താലും സ്വാഗതംചെയ്യും. ഒരു തടസ്സവുമില്ല. സമുദായത്തിന്റെയും സുന്നത്ത് ജമാഅത്തിന്റെയും യശസുയര്‍ത്താന്‍ ഏറ്റവും നല്ലത് ഇരുവിഭാഗം സുന്നികളും ഒന്നിച്ച് ഒരു സംഘടനയായി പ്രവര്‍ത്തിക്കുക തന്നെയാണ്. അതിന് ഇരുവിഭാഗത്തിന്റെയും ആളുകള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യണം.
അതിനുള്ള വാതിലുകളൊന്നും അടയ്ക്കപ്പെട്ടിട്ടില്ല. നമ്മുടെ ഭാഗത്തുനിന്ന് ഒരു പ്രശ്‌നവുമുണ്ടാക്കാന്‍ പാടില്ല, മഹല്ലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൂടാ എന്നൊക്കെയാണു സമസ്ത അണികളോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. അഭിപ്രായവ്യത്യാസവും സംഘടനാപരമായ തര്‍ക്കവും വ്യക്തിബന്ധങ്ങളെയും കുടുംബസൗഹൃദങ്ങളെയും ബാധിച്ചുകൂടാ. വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കാന്‍ ഇരുപക്ഷത്തുമുള്ളവര്‍ക്കു സാധിക്കണം. അത്തരം ബന്ധങ്ങളെ തകര്‍ക്കുന്ന സംഘടനാപ്രവര്‍ത്തനത്തോടു നമുക്കു യോജിപ്പില്ല. സൗഹൃദങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കണം.

? കാന്തപുരം വിഭാഗത്തെപ്പോലെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സുന്നിസംഘടനകളാണു ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമായും. ഇവരോടുള്ള ഐക്യവും സമസ്തയുടെ അജന്‍ഡയില്‍ വരേണ്ടതു തന്നെയല്ലേ.

തീര്‍ച്ചയായും അഹ്‌ലുസുന്ന വല്‍ ജമാഅയുടെ ആദര്‍ശാനുഷ്ഠാനങ്ങളും വിശ്വാസനടപടികളും അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന നിലപാടുതന്നെയാണു സമസ്തയ്ക്കുള്ളത്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രത്യേക പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ രൂപംകൊണ്ട സംഘടനയാണ്. അതിനു പലപ്പോഴും തബ്‌ലീഗ് ജമാഅത്തിനോടു മൃദുസമീപനമാണുള്ളതെന്ന ആക്ഷേപം പല കോണുകളില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. തബ്‌ലീഗുകാരോട് ആദര്‍ശപരമായ വിയോജിപ്പു സമസ്ത വ്യക്തമാക്കിയതാണ്. തബ്‌ലീഗിസവുമായി ബന്ധപ്പെട്ട സമസ്തയുടെ നിലപാട് അംഗീകരിക്കുകയാണെങ്കില്‍ ദക്ഷിണയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ല.
സമസ്തയില്‍നിന്നു ശാഖാപരമായ കര്‍മശാസ്ത്ര വിഷയത്തില്‍ ഭിന്നിച്ചുപോയവരാണു കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ. അവര്‍ക്കു സംഭവിച്ച പിഴവു മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. അവരുമായും യോജിപ്പിന്റെ വഴിതന്നെയാണു കാണുന്നത്.

? സുന്നി, മുജാഹിദ്, ജമാഅത്ത് എന്നിങ്ങനെ വിവിധവിഭാഗങ്ങളായി തര്‍ക്കിച്ചു നേരം കളയുന്നതിനു പകരം സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങളെ മുന്നില്‍ക്കണ്ടു പ്രവര്‍ത്തിക്കേണ്ട സമയമല്ലേ ഇത്. ഈ ഘട്ടത്തില്‍ സമസ്തയുടെ ആദര്‍ശപ്രചാരണങ്ങളെ എങ്ങനെയാണു ചിട്ടപ്പെടുത്തേണ്ടത്.

സമുദായത്തില്‍ ശൈഥില്യം ഉണ്ടാവരുതെന്നു നിര്‍ബന്ധമുള്ള പ്രസ്ഥാനമാണു സമസ്ത. ശൈഥില്യത്തെയും അനൈക്യത്തെയും പ്രതിരോധിക്കാനാണു സംഘടന ഉണ്ടായത്. സമുദായത്തില്‍ ഭിന്നത സൃഷ്ടിച്ചതു പുതിയ വാദക്കാരാണ്. അവര്‍ രംഗത്തുവന്നതു മുസ്‌ലിം ബഹുഭൂരിപക്ഷത്തിനു നേരെ മതഭ്രഷ്ടും ബഹുദൈവവിശ്വാസവും ആരോപിച്ചാണ്. അത്തരം ശിഥിലീകരണപ്രസ്ഥാനങ്ങളെ ശക്തമായി പ്രതിരോധിച്ച് സമുദായത്തിന്റെ ഏകത വീണ്ടെടുക്കാനുള്ള ശ്രമമാണു സമസ്ത നടത്തുന്നത്. അതിനു സാധ്യമായ സര്‍വപ്രവര്‍ത്തനങ്ങളും പൂര്‍വകാലത്തേതുപോലെ തുടരും. ആദര്‍ശവിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കു സമസ്ത തയാറല്ല. സമാധാനപരമായ മാര്‍ഗത്തിലൂടെ അതു നടത്തും. അതോടൊപ്പം പൊതുവിഷയങ്ങളില്‍ സമുദായത്തിന്റെ മൊത്തത്തിലുള്ള താല്‍പര്യത്തെ മുന്നില്‍കണ്ടു പ്രവര്‍ത്തിക്കുകയും സാമുദായികസ്വരം ഏകീകരിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യും.

? സമസ്തയ്ക്കു രാഷ്ട്രീയമില്ലെന്നു പറയുമ്പോഴും മുസ്‌ലിംലീഗുമായി എപ്പോഴും അടുത്തുനില്‍ക്കുകയും ബി ടീം പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന വിമര്‍ശനം എതിരാളികള്‍ ഉന്നയിക്കാറുണ്ടല്ലോ.

മുസ്‌ലിംസമുദായത്തിന്റെ രാഷ്ട്രീയമുഖ്യധാരയാണു മുസ്‌ലിംലീഗ്. മതവിഷയങ്ങളില്‍ മുഖ്യധാര സമസ്തയാണ്. അതുകൊണ്ട് സമസ്തയിലുള്ളവര്‍ അധികവും മുസ്‌ലിംലീഗുകാരും മുസ്‌ലിംലീഗിലുള്ളവര്‍ ഭൂരിഭാഗവും സമസ്തക്കാരുമായി. ഇത് ഏതു സാമൂഹ്യഘടനയിലും സംഭവിക്കുന്ന സ്വാഭാവികമായ പ്രക്രിയയാണ്. അതു മനസ്സിലാക്കാന്‍ സാധിക്കാത്തവരാണു സമസ്ത മുസ്‌ലിം ലീഗിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപമുന്നയിക്കുന്നത്.
സമസ്ത ആരുടെയും എ ടീമും ബി ടീമുമല്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണു മുസ്‌ലിംലീഗ്. അതുപോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മതസംഘടനയാണു സമസ്ത. സമസ്തയെ സംബന്ധിച്ചിടത്തോളം സംഘടനയ്ക്കും സമുദായത്തിനും ഗുണംചെയ്യുന്ന ഏതു രാഷ്ട്രീയപ്രസ്ഥാനത്തോടും സഹകരിക്കുമെന്ന നിലപാടാണുള്ളത്.

? ഇടതുപക്ഷം സമസ്തയെ അവഗണിക്കാന്‍ തയാറല്ലെന്നു സമീപകാലത്തെ അവരുടെ നടപടികള്‍ തെളിയിക്കുന്നു. എന്നാല്‍, സമസ്ത സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തെ പരിഗണിക്കുന്നില്ല.

ഇടതുപക്ഷമുള്‍പ്പടെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സമസ്തയുടെ ശക്തി തിരിച്ചറിയുന്നതിനാലാണ് അവഗണിക്കില്ലെന്നു പറഞ്ഞതിനര്‍ഥം. രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമീപനത്തിന്റെ ഭാഗമാണത്. സമസ്ത ഒരു രാഷ്ട്രീയപ്രസ്ഥാനത്തെയും അകറ്റിനിര്‍ത്തുന്നില്ല. ഏതു ഭരണകൂടത്തോടും സഹകരിക്കണമെന്നതാണു സമസ്തയുടെ നിലപാട്.അവരില്‍ നിന്നുനീതിയാണു പ്രതീക്ഷിക്കുന്നത്.
അതുകൊണ്ടാണ്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്താറിനും മറ്റും ക്ഷണിച്ചപ്പോള്‍ സമസ്ത നേതാക്കള്‍ പോയതും സംഘടനയുടെ ആവശ്യങ്ങള്‍ നിരത്തിയതും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടും രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയ്ക്കു വിരോധമില്ല. അവരുടെ ന്യൂനപക്ഷവിരോധവും ശരീഅത്ത് നിയമങ്ങളോടുള്ള വെറുപ്പുമാണു വിയോജിപ്പിന്റെ മര്‍മം.

? നീതിനിഷേധിക്കപ്പെട്ട ന്യൂനപക്ഷത്തിന്റെ പ്രതീകമാണ് അബ്ദുന്നാസിര്‍ മഅ്ദനി. അദ്ദേഹത്തിനെതിരേ തുടര്‍ച്ചയായി നടന്നുവരുന്ന നീതിനിഷേധത്തിനെതിരേ ഫലപ്രദമായി ശബ്ദിക്കാന്‍ എന്തുകൊണ്ടു സമസ്തയ്ക്കു സാധിക്കുന്നില്ല.

ഒരു പൗരനും നീതി നിഷേധിക്കപ്പെടരുതെന്ന നിലപാടിലാണു സമസ്ത. മഅ്ദനിക്കു നീതി നിഷേധിക്കപ്പെട്ടതു ദൗര്‍ഭാഗ്യകരമാണെന്നു തന്നെയാണ് അഭിപ്രായം. തടവില്‍ കഴിയുന്ന മഅ്ദനിയെ സന്ദര്‍ശിക്കാനും സമാശ്വസിപ്പിക്കാനും സമസ്ത നേതാക്കള്‍ തയാറായിട്ടുണ്ട്.

? സമസ്ത വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി അബ്ദുല്ല മുസ്‌ലിയാരുടെ വധം പ്രഹേളികയായി തുടരുകയാണ്. സത്യം പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐക്കും സാധിക്കുന്നില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.

ചെമ്പരിക്ക ഖാസിയുടെ വധവുമായി ബന്ധപ്പെട്ട ദുരൂഹത വെളിച്ചത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാം സമസ്ത സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത് അങ്ങനെയാണ്. അവര്‍ക്കും വിജയിക്കാനായില്ല. കാരണമെന്താണെന്നു പറയാനാവില്ല. നീതി ലഭിക്കുന്നതുവരെ സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും നിലക്കൊള്ളും.

 

? കേരളത്തിലെ കേളികേട്ട ജിഫ്‌രി കുടുംബത്തിലാണല്ലോ തങ്ങളുടെ ജനനം. കുടുംബപശ്ചാത്തലത്തെക്കുറിച്ചു വിശദീകരിക്കാമോ.

തിരൂരങ്ങാടിക്കടുത്ത ഇരുമ്പുചോലയില്‍ ഉമ്മയുടെ തറവാട്ടില്‍ 1957 ലാണു ഞാന്‍ ജനിച്ചത്. പിതാവ് സയ്യിദ് ഹുസൈന്‍ ജിഫ്‌രി പൂക്കുഞ്ഞിക്കോയ തങ്ങളും മാതാവ് ജമലുല്ലൈലി ഖബീലയില്‍പെട്ട സയ്യിദത്ത് ഫാത്വിമ ചെറിയ ബീവിയുമാണ്. കൊടിഞ്ഞിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈന്‍ ജിഫ്‌രിയിലേക്കാണ് ഞങ്ങളുടെ കുടുംബ പരമ്പര എത്തുന്നത്. ഹിജ്‌റ 1222 ല്‍ യമനിലെ തരീമില്‍ ജനിച്ച സയ്യിദ് ഹുസൈന്‍ ജിഫ്‌രി ഹിജ്‌റ 1239 ല്‍ ഖുത്വുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ നിര്‍ദേശപ്രകാരമാണു കേരളത്തിലെത്തുന്നത്.
പരപ്പനങ്ങാടിയിലാണദ്ദേഹം കപ്പലിറങ്ങിയത്. പിന്നീട്, മമ്പുറത്തെത്തി. അവിടെനിന്നു കൊടിഞ്ഞിയിലെത്തുന്നതു മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരമാണ്. അദ്ദേഹത്തിന്റെ പുത്രന്‍ അഹ്മദ് ജിഫ്‌രിയുടെ മകന്‍ ഹുസൈന്‍ മുഹമ്മദ് മുത്തുക്കോയ തങ്ങളുടെ മകന്‍ സയ്യിദ് ഹസന്‍ ജിഫ്‌രി ചെറുകുഞ്ഞിക്കോയ തങ്ങളുടെ മകന്‍ സയ്യിദ് ഹുസൈന്‍ ജിഫ്‌രി പൂക്കുഞ്ഞിക്കോയ തങ്ങളാണ് എന്റെ പിതാവ്. പിതാമഹന്‍ സയ്യിദ് ഹസന്‍ ജിഫ്‌രി ചെറുകുഞ്ഞിക്കോയ തങ്ങള്‍ കൊടിഞ്ഞിയില്‍നിന്നു ചെറുമുക്കിലെത്തി. അവിടെയാണ് എന്റെ സ്വദേശം.

? കേരള മുസ്‌ലിം നവോത്ഥാനചരിത്രത്തില്‍ ജിഫ്‌രി സാദാത്തുക്കളുടെ ഇടപെടല്‍ ഒരുകാലത്തു ശക്തമായിരുന്നല്ലോ.

കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രബോധന, പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വന്നവരാണു മറ്റു സയ്യിദ് കുടുംബങ്ങളെപ്പോലെ ജിഫ്‌രികളും. അതില്‍ ഏറ്റവും ശ്രദ്ധേയനാണു കോഴിക്കോട്ട് അന്ത്യവിശ്രമംകൊള്ളുന്ന ശൈഖ് ജിഫ്‌രി. കേരളത്തില്‍ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. വഹാബിസത്തിനെതിരേ അദ്ദേഹം ശക്തമായി രംഗത്തിറങ്ങിയിരുന്നു. അക്കാലത്ത് കൊണ്ടോട്ടിക്കൈ-പൊന്നാനിക്കൈ തര്‍ക്കം നടന്നപ്പോള്‍, പൊന്നാനി ഉലമാക്കളെ മുന്നില്‍നിന്നു നയിച്ചതും 'കൊണ്ടോട്ടിക്കൈ'കാര്‍ക്കെതിരേ ആദര്‍ശപരമായ പോരാട്ടം നടത്തിയതും ശൈഖ് ജിഫ്‌രിയായിരുന്നു.
അതൊക്കെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകളാണ്. അദ്ദേഹത്തിന്റെ ശേഷമാണു ശൈഖ് ഹസന്‍ ജിഫ്‌രിയുടെ ആഗമനം. ഖുത്തുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ മാതുലനും ഭാര്യാപിതാവുമാണ് ഇദ്ദേഹം. മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരമാണ് എന്റെ പ്രപിതാവ് സയ്യിദ് ഹുസൈന്‍ ജിഫ്‌രിയും ഇവിടെയെത്തിയതെന്നു പറഞ്ഞല്ലോ. അദ്ദേഹം പേരും പ്രശസ്തിയുമാഗ്രഹിക്കാത്ത സൂഫിവര്യനും ഖാദിരിയ്യ ത്വരീത്തിന്റെ ശൈഖുമായിരുന്നു.

? 'തങ്ങളുസ്താദി'ന്റെ വിദ്യാഭ്യാസവും ദര്‍സീ രംഗവും.

മദ്‌റസ പഠനം ചെറുമുക്ക് നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അഞ്ചാം ക്ലാസ് വരെ. സ്‌കൂള്‍ പഠനം കുണ്ടൂര്‍ എ.എം.എല്‍.പി സ്‌കൂളിലും ശേഷം തിരൂരങ്ങാടി ഹൈസ്‌കൂളിലും. ദര്‍സ് പഠനം താഴെചിന ജുമാമസ്ജിദില്‍ മൂന്നിയൂര്‍ പി. കുഞ്ഞീന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ആറുവര്‍ഷം. പിന്നീട് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ കൂടെയായിരുന്നു. ബാപ്പുമുസ്‌ലിയാരാണ് ജാമിഅയില്‍ പോയി നാലുവര്‍ഷം പഠിക്കാന്‍ നര്‍ദേശിച്ചത്.
ജാമിഅ നൂരിയ്യയിലെത്തുന്നത് 1973-74 കാലഘട്ടത്തിലാണ്. രണ്ടുവര്‍ഷം പഠിച്ചു. പഠനം പൂര്‍ത്തിയാക്കാനായില്ല. പിന്നീട് മദ്രാസിലെ ജമാലിയ്യ അറബിക് കോളജില്‍ ചേര്‍ന്നെങ്കിലും രോഗം കാരണം തുടരാനായില്ല. അങ്ങനെയാണ് ദയൂബന്ദ് ദാറുല്‍ഉലൂമിലേക്കു പോവുന്നത്. 1977 ല്‍ ദയൂബന്ദില്‍നിന്നു തിരിച്ചെത്തി കൊടശ്ശേരി, കൂരിയാട്, പുതുപ്പറമ്പ് എന്നിവിടങ്ങളില്‍ ഓരോ വര്‍ഷം ദര്‍സ് നടത്തി.
പിന്നീട് തുടര്‍ച്ചയായി പന്ത്രണ്ടു വര്‍ഷം ബിസിനസിലായിരുന്നു ശ്രദ്ധ. 90-91 കാലത്ത് കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ ക്ഷണപ്രകാരം കടമേരി റഹ്മാനിയ്യയില്‍ സേവനം ചെയ്തു. 1992ല്‍ ശംസുല്‍ ഉലമായുടെ ക്ഷണമനുസരിച്ച് നന്തി ദാറുസ്സലാമില്‍ മുദരിസ്സും പിന്നീടു പ്രിന്‍സിപ്പലുമായി. ഇപ്പോള്‍ കുറ്റിക്കാട്ടൂര്‍ യമാനിയ്യ, മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സ്, മടവൂര്‍ സി.എം മഖാം കോളജ് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago