ഖേലോ ഇന്ത്യ അത്‌ലറ്റിക്‌സ്: കേരളം രണ്ടാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ഖേലോ ഇന്ത്യ അത്‌ലറ്റിക്‌സ് പോരാട്ടത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനം. അഞ്ച് സ്വര്‍ണം ഏഴ് വെള്ളി അഞ്ച് വെങ്കലമുള്‍പ്പെടെ 17 മെഡലുകളുമായാണ് കേരളത്തിന്റെ നേട്ടം. അഞ്ച് സ്വര്‍ണം എട്ട് വെള്ളി ആറ് വെങ്കലം മെഡലുകളുമായി തമിഴ്‌നാടാണ് ഒന്നാമതെത്തിയത്. മഹാരാഷ്ട്ര മൂന്നാം സ്ഥാനം സ്വന്തമാക്കി. അവസാന ദിനത്തില്‍ കേരളം രണ്ട് വീതം സ്വര്‍ണം വെള്ളി വെങ്കലം മെഡലുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
അണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേ, പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേകളിലാണ് അവസാന ദിനത്തിലെ കേരളത്തിന്റെ സുവര്‍ണ നേട്ടം. സൂര്യജിത്ത്, ആകാശ് വര്‍ഗീസ്, കിരണ്‍, സായൂജ് എന്നിവരടങ്ങിയ ടീം 3.32.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് 4-400 റിലേയില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്. അഞ്ജലി പി.ഡി, അനു ജോസഫ്, ആന്‍ റോസ് ടോമി, ആന്‍സി സോജന്‍ എന്നിവരടങ്ങിയ ടീമാണ് 48.61 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കി 4-100 മീറ്റര്‍ റിലേയില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്.
പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ 3.59.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കേരളത്തിന്റെ പെണ്‍പട വെള്ളി മെഡല്‍ സ്വന്തമാക്കി. മീനു റോയ്, സാന്ദ്ര, ചാന്ദ്‌നി, പ്രസില്ല ഡാനിയേല്‍ എന്നിവരാണ് കേരളത്തിനായി രണ്ടാം സ്ഥാനത്തെത്തിയത്. ഈയിനത്തില്‍ തമിഴ്‌നാടിനാണ് സ്വര്‍ണം. ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലാണ് കേരളത്തിന്റെ രണ്ടാം വെള്ളി. 43.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ജോസഫ്, അഖില്‍ ബാബു, അരുണ്‍, അഭിനവ് എന്നിവരാണ് രണ്ടാമതെത്തിയത്. ഈയിനത്തില്‍ മഹാരാഷ്ട്ര സ്വര്‍ണം ഓടിയെടുത്തു.
പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിനായി സാന്ദ്ര എ.എസ് 57.67 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലം നേടി. ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ 49.75 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കി ടി.കെ സായൂജാണ് വെങ്കലം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."