ഇന്നറിയാം ശശികലയുടെ വിധി
ചെന്നൈ: മുഖ്യമന്ത്രിപദത്തില്‍ കണ്ണുംനട്ടിരിക്കുന്ന ശശികലയുടെ ഭാവി ഇന്നത്തെ സുപ്രിം കോടതി വിധി നിര്‍ണയിക്കും. ജസ്റ്റിസ് പി.സി.ഘോഷ് അധ്യക്ഷനായ രണ്ടംഗ സുപ്രിം കോടതി ബെഞ്ച് രാവിലെ 10.30നാണ് അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ കേസില്‍ വിധി പറയുക.
അതിനിടെ ശശികല എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തുകയാണ്. എ.ഐ.ഡി.എം.കെ മുതിര്‍ന്ന നേതാവ് എം. തമ്പിദൂരൈ എം.പിയും ശശികലയോടൊപ്പമുണ്ട്.വിധി വരുന്നതിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. രാജ്ഭവന്‍, പോയസ് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ വന്‍ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ വാഹനങ്ങള്‍ പൊലിസ് പരിശോധിക്കുന്നു.
ശശികലയുടെ ബന്ധുക്കളായ വി.എന്‍.സുധാകരന്‍, ജെ.ഇളവരശി എന്നിവരും സ്വത്ത് സമ്പാദനക്കേസില്‍ പ്രതികളാണ്. പ്രതികളെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ കര്‍ണാടക സര്‍ക്കാരാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതി വിധി സുപ്രിം കോടതി കൂടി അംഗീകരിച്ചാല്‍ മുഖ്യമന്ത്രിക്കസേര ശശികലയ്ക്ക് കൈയെത്തും ദൂരത്താവാനാണു സാധ്യത. വിധി പ്രതികൂലമായാല്‍ ജയില്‍വാസത്തിനൊപ്പം ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ വിലക്കും ശശികല നേരിടേണ്ടിവരും.
അതേസമയം പാര്‍ട്ടിയുടെ ഭൂരിപക്ഷം എം.എല്‍.എമാരും തനിക്കൊപ്പമുള്ളതിനാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ഇന്നലെയും അവര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെടുന്ന ശശികലയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കാത്തത് സുപ്രിം കോടതി വിധി കാത്തിരിക്കുന്നതിനാണെന്നു വിവരമുണ്ട്. 134 എം.എല്‍.എമാരില്‍ 128 പേരും താന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ഇന്നലെയും ശശികല ആവര്‍ത്തിച്ചു. 119 എം.എല്‍.എമാരെ കോടതിയില്‍ ഹാജരാക്കാമെന്നും അവര്‍ കോടതിയെ അറിയിച്ചു.
അതിനിടെ അണ്ണാ ഡി.എംകെ എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയെന്ന ഹരജിയില്‍ ഇന്നലെ മദ്രാസ് ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. കോടതി നിര്‍ദേശിച്ചാല്‍ എം.എല്‍.എമാരെ ഹാജരാക്കാമെന്ന് കാവല്‍ സര്‍ക്കാര്‍ അറിയിച്ചു. 119 എം.എല്‍.എമാരുടെ സത്യവാങ്മൂലം കൈവശമുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. എം.എല്‍.എമാര്‍ ആരുടെയും തടങ്കലിലല്ലെന്ന് ഹൈക്കോടതിയില്‍ തമിഴ്‌നാട് പൊലിസ് അറിയിച്ചു. ആരും തടഞ്ഞുവച്ചിട്ടില്ലെങ്കില്‍ എം.എല്‍.എമാരുടെ റിസോര്‍ട്ടിലെ താമസമെന്തിനെന്നു കോടതി ചോദിച്ചു. പൊലിസ് സത്യം മറച്ചുവയ്ക്കുന്നുവെന്നാണ് ഹരജിക്കാര്‍ ആരോപിച്ചത്. ഹരജിയില്‍ ഇന്ന് വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."