കണ്ണടക്കഥയുമായി കലക്ടര്‍ ബ്രോയും
കോഴിക്കോട്: കണ്ണട വാങ്ങാന്‍ പോയി വിലകേട്ട് മുങ്ങിയതിന്റേയും ഒടുവില്‍ 5,000ത്തിന്റെ കണ്ണട വാങ്ങിയതിന്റേയും അനുഭവം പങ്കുവെച്ച് കോഴിക്കോട് മുന്‍ കലക്ടര്‍ അഥവാ കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ഫേസ് ബുക്ക് പോസ്റ്റ് വഴിയാണ് ബ്രോ തന്റെ അനുഭവം പങ്കു വെച്ചിരിക്കുന്നത്.
പോസ്റ്റ്
പത്ത് വര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍. ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സര്‍ക്കാറില്‍ നിന്ന് എഴുതി വാങ്ങീട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇതുവരെ. (ഇത് വായിക്കുന്ന എന്റെ അച്ഛന്‍ എന്റെ പിടിപ്പുകേടിനെക്കുറിച്ച് വാചാലനാവുന്നത് എനിക്കിപ്പൊ കേള്‍ക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താല്‍ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെ.
രണ്ട് മാസം മുന്‍പ് പുതിയ കണ്ണട വാങ്ങാന്‍ തീരുമാനിച്ച് 'പ്രമുഖ' കണ്ണാടിക്കടയുടെ കൊച്ചി ശാഖയില്‍ സുഹൃത്തായ ഷംസുവിനോടൊപ്പം കേറി. അവിടത്തെ ഒന്നുരണ്ട് കോയ്‌ക്കോടന്‍ സ്റ്റാഫ് എന്നെ തിരിച്ചറിഞ്ഞു. അറിയുന്ന പൊലിസുകാരന്‍ രണ്ടടി അധികം തരും എന്ന് പറഞ്ഞ പോലെ അവര്‍ ഏറ്റവും കിടിലം കണ്ണട ഐറ്റംസ് നിരത്തിത്തുടങ്ങി.
ഞാന്‍ കെഞ്ചി.. കരുണകാണിക്കണം... ലുക്ക് ഇല്ലെന്നേ ഉള്ളൂ..സര്‍ക്കാരുദ്യോഗസ്ഥനാണ്. രണ്ട് മാസത്തിലൊരിക്കല്‍ കണ്ണട പൊട്ടിക്കുന്ന ശീലമുണ്ട്, ട്രെയിന്‍ യാത്രയില്‍ കണ്ണാടി കളയുന്ന ശീലവുമുണ്ട്.. എന്നെപ്പോലുള്ളവര്‍ക്ക് പറ്റിയത് തന്നാ മതി.. എവിടെ?!!! അവസാനം 75,000 ക്ക് തൊട്ടാപൊട്ടുന്ന ഐറ്റം എനിക്ക് വേണ്ടി സെലെക്റ്റ് ചെയ്ത് ഒരു കൊയ്‌ക്കോടന്‍ അവന്റെ സെയില്‍സ്മാന്‍ സ്പിരിറ്റ് പ്രദര്‍ശിപ്പിച്ചു. അവിടന്ന് എങ്ങനേലും കൈച്ചിലായി പോവാന്‍ നോക്കുന്ന എന്നെ കട മൊയലാളി മലപ്പുറത്തൂന്ന് ഫോണിലൂടെ പിടികൂടാന്‍ നോക്കുന്നു. സെയില്‍സ്മാന്‍ വഴിമുടക്കി നില്‍ക്കുന്നു. ബിസ്മില്ല കേള്‍ക്കുന്ന ആടിന്റെ മാനസികാവസ്ഥയായിരുന്നു എനിക്ക്.
ഇപ്പൊ തിരിച്ച് വരാന്ന് പറഞ്ഞ് ഷംസുഭായ് എന്നെ അവിടുന്ന് സാഹസികമായി ഇറക്കി. ടേക്കോഫിന്റെ ക്ലൈമാക്‌സില്‍ ചാക്കോച്ചന്‍ അതിര്‍ത്തി കടന്ന പോലെ കടക്ക് പുറത്ത് ഇറങ്ങി. ('കടക്കൂ പുറത്തല്ല', ഇറ്റ് ഈസ് 'കടക്ക് പുറത്ത്' ).
രണ്ട് ദിവസം കഴിഞ്ഞപ്പൊ അല്ല, വിനോദാണ് ലെന്‍സ്‌കാര്‍ട്ട് സജസ്റ്റ് ചെയ്തത്. കണ്ണട വാങ്ങി. 5000/സംതിംഗ്. ശുഭം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."