സഊദി ജനാദിരിയ ഫെസ്റ്റ്: വി.കെ സിങിന്റെ നേതൃത്വത്തിലുള്ള ആദ്യ ഇന്ത്യന്‍ സംഘമെത്തി
ജിദ്ദ: സഊദി ദേശീയ പൈതൃക സാംസ്‌കാരികോത്സവമായ ജനാദിരിയ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘത്തിലെ ആദ്യപ്രതിനിധി സംഘം സഊദിയിലെത്തി. വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിയാദില്‍ കഴിഞ്ഞ ദിവസം എത്തിയത്. സഊദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സംഘത്തെ സ്വീകരിച്ചു.
അതേസമയം, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ചൊവ്വാഴ്ച സഊദിയിലെത്തും.
രാവിലെ നാഷണല്‍ ഗാര്‍ഡില്‍ സന്ദര്‍ശിച്ച മന്ത്രി വി.കെ സിങ് സഊദി മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അയ്യാഫുമായി കൂടിക്കാഴ്ച നടത്തി. ജനാദിരിയയിലെ ഇന്ത്യന്‍ പവലിയനും അദ്ദേഹം സന്ദര്‍ശിച്ചു.
ഏഴിന് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇത്തവണ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അവസരം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരുക്കങ്ങള്‍ എല്ലാ പൂര്‍ത്തിയായിട്ടുണ്ട്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരം കൂടിയായാണ് ജനാദിരിയ ഉത്സവത്തെ ഇന്ത്യ കാണുന്നത്.
1985 മുതല്‍ സഊദി നാഷനല്‍ ഗാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന സാംസ്‌കാരികോത്സവത്തിന്റെ 32-ാം പതിപ്പാണ് ഇത്തവണ നടക്കുക. റിയാദില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ജനാദിരിയയില്‍ ആരംഭിക്കുന്ന സാംസ്‌ക്കാരിക മഹോത്സവത്തില്‍ ഇന്ത്യയില്‍ നിന്നു വിവിധ കലാകാരന്മാരും പങ്കെടുക്കും. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലയും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന വിവിധ പരിപാടികള്‍ ഇന്ത്യ അവതരിപ്പിക്കും. അതോടൊപ്പം ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ നേര്‍ക്കാഴ്ചകളും ഫെസ്റ്റിവലില്‍ ഒരുക്കും.
ജനാദിരിയ വില്ലേജിലെ വിശാലമായ ഇന്ത്യന്‍ പവിലിയനില്‍ കലാകായികവിനോദ പരിപാടികള്‍, സെമിനാര്‍, വ്യവസായവാണിജ്യ വിനിമയം എന്നിവയും നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സാന്നിധ്യവും പവിലിയനില്‍ ഉണ്ടാകും. 18 ദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തില്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യവും ഉണ്ടാവും. കേരളത്തിന്റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക്, പൂര്‍ലിയ ചാവു, ഭാംഗ്ര എന്നീ കലാരൂപങ്ങളും വിവിധ ദിവസങ്ങളിലായി അവതരിപ്പിക്കും. അതോടൊപ്പം ഗള്‍ഫ് നാടുകളില്‍ പ്രിയങ്കരമായ ഇന്ത്യ സിനിമകളുടെയ പ്രദര്‍ശനവും ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."