ക്രൂരമായ നടപടികളുമായി മാനേജ്‌മെന്റ്; മതാചാരങ്ങള്‍ക്കും വിലക്ക് ഐസാറ്റില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം
കളമശേരി: മതാചാരങ്ങള്‍ വരെ എതിര്‍ക്കുന്ന കളമശേരിയിലെ ആല്‍ബേര്‍ഷ്യന്‍ എഞ്ചിനീയറിംങ് കോളജിന് (ഐസാറ്റ്) എതിരെ സംയുക്ത വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം ആരംഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച സമരത്തിന് ശേഷം വൈകിട്ടോടെ കോളജ് അധികൃതര്‍ക്ക് സംഘടനകള്‍ വിവിധാവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി. താടി വടിച്ചില്ല, സോക്‌സിന്റെ നിറം മാറി എന്നീ പേരുകളില്‍ പരീക്ഷ ഹാളില്‍ നിന്ന് ഇറക്കി വിടുന്നു, ലിഫ്റ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല, ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, നിസാര കാര്യങ്ങള്‍ക്ക് വലിയ ഫൈനുകള്‍ ഏര്‍പ്പെടുത്തുന്നു എന്നിവയാണ് പ്രധാന പരാതികള്‍.
കോളേജിലെ കര്‍ശന നിയമങ്ങളില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളജ് ഗേറ്റിനു മുന്നില്‍ രാവിലെ മുതല്‍ ഉപരോധസമരം തുടങ്ങി. എസ്.എഫ്.ഐ ഒറ്റയ്ക്കും മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ചുമാണ് സമരം നടത്തുന്നത്.
രാവിലെ മുതല്‍ ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ കളമശേരി പൊലിസും മാനേജ്‌മെന്റെും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വൈകിട്ട് മറ്റു സംഘടനകളും എസ്.എഫ്.ഐയും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളും നടന്നു.
വെള്ളിയാഴ്ചകളില്‍ ജുമാ നമസ്‌കാരത്തിന് പോകാന്‍ പാടില്ല, ശബരിമലയ്ക്ക് പോകുന്ന വിദ്യാര്‍ഥികളെ താടി വളര്‍ത്താന്‍ അനുവദിക്കുന്നില്ല, ലാബില്‍ കയറുമ്പോള്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ തട്ടം മാറ്റണം തുടങ്ങിയ നിയമമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഇടവേളകള്‍ 5 മിനിറ്റാക്കി വിദ്യാര്‍ഥികളെ ദ്രോഹിക്കുന്നതായും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ മത വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കാത്ത മാനേജ്‌മെന്റ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."