ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം: കേരളത്തിന്റെ ആവശ്യങ്ങള്‍ സുപ്രിംകോടതിയുടെ പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള- കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച് കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിരോധനത്തിനു പകരം പൊലിസിന്റെയും വനംവകുപ്പിന്റെയും മേല്‍നോട്ടത്തില്‍ കോണ്‍വോയ് ആയി വാഹനങ്ങള്‍ കടത്തിവിടുക, നിരോധനം ഏര്‍പ്പെടുത്തുന്നപക്ഷം നിലവിലുള്ള പാത വികസിപ്പിച്ച് പകല്‍സമയത്ത് കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിടുക, തൂണുകളില്‍ പിടിപ്പിക്കുന്ന രീതിയില്‍ ഇരട്ടവരിപ്പാത പണിയുക, വന്യജീവികള്‍ക്ക് ഉപദ്രവമുണ്ടാകാത്തവിധം വാഹനമോടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുക ഇക്കാര്യം പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി വിദഗ്ധസമിതിയെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം സുപ്രിംകോടതിയില്‍ ഉന്നയിച്ചത്.
ഇതുപരിഗണിച്ച് സുപ്രിംകോടതി ഈ കഴിഞ്ഞ ജനുവരി പത്തിന് പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി അധ്യക്ഷനായും കേരള- കര്‍ണാടക- തമിഴ്‌നാട് സര്‍ക്കാരുകളുടെ പ്രതിനിധികളും നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ പ്രതിനിധിയും ഉള്‍പ്പെട്ട ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചു. ഈ കമ്മിറ്റി മൂന്നുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉപരിതല ഗതാഗതമന്ത്രാലയത്തിന് നിര്‍ദേശവും നല്‍കി. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഈ കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
അതോടൊപ്പം അയല്‍സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന നിലയില്‍ കര്‍ണാടകത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യാനും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി തലത്തിലും ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും സി.കെ ശശീന്ദ്രന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."