കാലിടറാതെ എന്നും അമ്മയോടൊപ്പം....
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കളങ്ങള്‍ മാറിമറയുമ്പോഴെല്ലാം അമ്മക്കു പിന്നില്‍ അടിയുറച്ചു നിന്ന വിശ്വസ്തന്‍. അണിയറക്കു പിന്നിലെ കരുത്തനായ നേതാവ്. അമ്മക്കു ശേഷം തോഴിയോടൊപ്പം.വിശേഷണങ്ങള്‍ ഏറെയാണ് എടപ്പാടി കെ പളനിസ്വാമിക്ക്. ഒടുവില്‍ പനീര്‍ശെല്‍വം മന്ത്രിസഭയില്‍ മൂന്നാമനായിരുന്ന പൊതുമരാമത്തു മന്ത്രി രാഷ്ട്രീയക്കളങ്ങളിലെ മറിച്ചിലുകള്‍ക്കൊടുവില്‍ മുന്‍നിരയിലേക്കു വന്നിരിക്കുകയാണ്. ശശികലപക്ഷത്തെ ശക്തന് ഇത് അപ്രതീക്ഷിതമായെത്തിയ വേഷം.
എം.ജി.ആറിന്റെ മരണ ശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജാനകി പക്ഷത്തായിരുന്നു പനീര്‍ശെല്‍വം. എന്നാല്‍ ശക്തമായ പിന്തുണകളൊന്നുമില്ലാതിരുന്നിട്ടും പളനിസ്വാമി അമ്മയൊടൊപ്പം തന്നെ നിന്നു.
സേലം ജില്ലയിലെ എടപ്പാടി നെടുങ്കുളം ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍നിന്നാണു പളനിസാമിയുടെ വരവ്. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ കൊങ്ങു വെള്ളാള ഗൗണ്ടര്‍ സമുദായാംഗം. ജയലളിത പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി 1989ല്‍ എടപ്പാടി മണ്ഡലത്തില്‍നിന്നാണ് ആദ്യം മല്‍സരിച്ചു ജയിച്ചത്. അല്‍പകാലം രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന പളനിസാമി 2006ല്‍ വീണ്ടും എടപ്പാടിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011, 16വര്‍ഷങ്ങളില്‍ വിജയിച്ചു. രണ്ടുതവണ മന്ത്രിയായി. ജയലളിത 2016ല്‍ മുഖ്യമന്ത്രിയായപ്പോള്‍ വിശ്വസ്ത മന്ത്രിമാരില്‍ ഒരാളായി ഈ അറുപത്തിരണ്ടുകാരന്‍. ഇപ്പോള്‍ ശശികലക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള നാല്‍വര്‍ സംഘത്തിലെ പ്രമുഖനും ഇദ്ദേഹം തന്നെ. കെ.എ.സെങ്കോട്ടയ്യന്‍, മന്ത്രിമാരായ ഡിണ്ടിഗല്‍ സി. ശ്രീനിവാസന്‍, പി.തങ്കമണി എന്നീ നേതാക്കളുമുണ്ടെങ്കിലും നിയമസഭാകക്ഷി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് പളനിസാമിയെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."