കാസര്‍കോടിന് ദുരന്ത ശനി
പൊവ്വല്‍: കാസര്‍കോടിന് ഇന്നലെ ദുരന്തദിനം. ഇന്നലെ പുലര്‍ച്ചെ വാഹനാപകടത്തില്‍ മരിച്ച എസ്.എഫ്.ഐ നേതാവ് നുള്ളിപ്പാടിയിലെ അഹമ്മദ് അഫ്സലിന്റെ മയ്യിത്ത് അടക്കം ചെയ്തു മണിക്കൂറുകള്‍ക്കകമാണു എന്മകജെ ആഡ്യനടുക്ക കൊമ്പരടുക്കയില് ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചത്. ഹാഷിം-സുഹ്റ ദമ്പതികളുടെ മക്കളായ ഫാത്തിമത്ത് ഫസീല, ഫിദ, സുഹറയുടെ സഹോദരി പുത്രി മുംതാസ് എന്നിവരാണു മരിച്ചത്.
എല്‍.ബി.എസിലെ കലോത്സവ നഗരിയില്‍ എത്തിയവര്‍ ഒരിക്കലെങ്കിലും അഫ്സലിനെ കണ്ടിട്ടുണ്ടാകും. കാറപകടം പുലര്‍ച്ചെയായതിനാല്‍ ഇന്നലെ കലോത്സവ നഗരിയില്‍ എത്തിയപ്പോഴാണു പലരും വിയോഗവാര്‍ത്തയറിഞ്ഞത്.
എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ അഫ്സല് കലോത്സവത്തിലെ അക്കോമഡേഷന്‍ കമ്മിറ്റി കണ്‍വീനറുമായിരുന്നു. എന്‍ജിനിയറിങ് പഠനത്തിനുശേഷം ഉപരിപഠനത്തിനു തയാറെടുക്കുകയായിരുന്നു എല്‍.ബി.എസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായിരുന്ന അഫ്സല്.
പുലര്‍ച്ചെയുള്ള വണ്ടിക്ക് മടങ്ങേണ്ട എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖദീജത്ത് സുഹൈലയെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കിയിരുന്നു. പുലര്‍ച്ചെ 4.50നു വീണ്ടും കാറില്‍ കലോത്സവ നഗരിയിലേയ്ക്കു തിരിക്കവേയാണ് അപകടത്തില്‍പെട്ടത്.
കാസര്‍കോട് ജനറലാശുപത്രിക്കുമുന്നില് ഒഴുകിയെത്തിയ സുഹൃത്തുക്കള്‍ വിങ്ങിക്കരയുന്നതു മറ്റുള്ളവരേയും കണ്ണീരണിയിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ആദ്യം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ എ.കെ.ജി മന്ദിരത്തിലും സ്വദേശമായ ചെന്നിക്കരയിലെ വായനശാലയിലും പൊതുദര്‍ശനത്തിനു വച്ചു.
ഇതിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കുകാണാന്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. 3.30ഓടെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മൃതദേഹം നുള്ളിപ്പാടി മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പി കരുണാകരന് എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി സതീഷ് ചന്ദ്രന്, നഗരസഭാംഗം വി.എം മുനീര്‍, ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി, കെ ശ്രീകാന്ത്, മാധ്യമ പ്രവര്‍ത്തകരായ എം.ഒ വര്‍ഗിസ്, മുജീബ് അഹ്മദ്, രവീന്ദ്രന് രാവണീശ്വരം, തുടങ്ങി നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
വീടിനു സമീപത്തെ കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു എന്മകജെ ആഡ്യനടുക്ക കൊമ്പരടുക്കയില് ഹാഷിം-സുഹ്റ ദമ്പതികളുടെ മക്കളായ ഫാത്തിമത്ത് ഫസീല, ഫിദ, സുഹറയുടെ സഹോദരി പുത്രി മുംതാസ് എന്നിവര്‍ മരിച്ചത്. വൈകുന്നേരം മൂന്നോടെ കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണു കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള കാടുപിടിച്ച സ്ഥലത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ ഇവര്‍ കാലു തെന്നി വീണതാണു മരണ കാരണമെന്നു സംശയിക്കുന്നു. മരിച്ച മുംതാസിന്റെ സഹോദരി ഫസ്നയാണു മറ്റുള്ളവര്‍ കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് അരകിലോ മീറ്ററോളം ഓടി വീട്ടില്‍ വിവരമറിയിച്ചത്. സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ വിവരമറിയിച്ച് നാട്ടുകാര്‍ ഒന്നടങ്കം കുളത്തിന് കരയിലെത്തി തിരച്ചില്‍ നടത്തി പുറത്തെടുക്കുമ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.
വിവരമറിഞ്ഞ് കലക്ടര്‍ കെ ജീവന് ബാബു, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, മറ്റു ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരും മൃതദേഹം സൂക്ഷിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."