സി.ബി.ഐ കുരുക്കില്‍ സി.പി.എം
സി.പി.എം സംസ്ഥാനസമ്മേളനം വിഭാഗീയതയുടെ പരിക്കുകളില്ലാതെ അവസാനിച്ചുവെങ്കിലും പാര്‍ട്ടിയുടെ ഉറക്കംകെടുത്തുകയാണ് എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം. ചില പ്രതികളെ പിടികൂടിയതുകൊണ്ടോ അന്വേഷണം നിഷ്പക്ഷമാണെന്നു സര്‍ക്കാര്‍ വാദിച്ചതുകൊണ്ടോ തീരുന്നതല്ല, ആ കൊലപാതകം പാര്‍ട്ടിക്കുണ്ടാക്കിയ പരുക്ക്. പാടത്തെ പണിയെടുക്കാതെ തന്നെ വരമ്പത്തു നല്‍കിയ കൂലിയാണത്.
കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന്റെ സമീപകാലചരിത്രത്തില്‍ സി.പി.എമ്മിന്റെ കണക്കുപുസ്തകത്തില്‍ കോണ്‍ഗ്രസ്സില്ലായിരുന്നു. തികച്ചും അപ്രതീക്ഷിതമായി വന്ന ശുഹൈബിന്റെ രക്തസാക്ഷിത്വം സി.പി.എമ്മിനെതിരേ ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി ചെറുതല്ല. കണ്ണൂരില്‍ ഒതുങ്ങില്ല ഈ സമരാഗ്നി. പരിഹാരമായി രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നതു കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോലെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കലാണ്. അതിനു തയാറല്ല എന്നാണ് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
ഇപ്പോള്‍ തന്നെ സി.ബി.ഐ അന്വേഷണത്തിന്റെ കുരുക്കിലാണു പാര്‍ട്ടി. നാലു കൊലക്കേസുകള്‍ സി.ബി.ഐ അന്വേഷണത്തിലാണ്. ഇനിയൊരു കേസുകൂടി ആ വഴിയിലേക്കു പോയാല്‍ താങ്ങാനായെന്നു വരില്ല. സി.പി.എം നേതാക്കള്‍ പ്രതികളായ നാലു കേസുകളിലേക്കുള്ള സി.ബി.ഐ അന്വേഷണത്തിനു വഴിതെളിച്ചത് ബന്ധുക്കളുടെയോ യു.ഡി.എഫ് സര്‍ക്കാരിന്റെയോ ഇടപെടല്‍ മൂലമാണ്.
കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയുടെ അന്വേഷണം അത്ര സുഖകരമാവില്ലെന്നു സി.പി.എം നേതൃത്വത്തിനറിയാം. അതിനാലാണ്, ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈകൊണ്ടത്.
സി.ബി.ഐ അന്വേഷണത്തിലേയ്ക്കു നീങ്ങിയാല്‍ സംഭവിച്ചേക്കാവുന്ന ഭവിഷത്ത് നിലവിലുള്ള നാലു കേസുകളുടെയും അനുഭവത്തില്‍ പാര്‍ട്ടിക്കു മുന്‍പിലുണ്ട്. സി.ബി.ഐ ഉള്‍പ്പെടെ ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്നു കണ്ണൂരിലെ സമാധാനയോഗത്തില്‍ മന്ത്രി എ.കെ ബാലന്‍ പറഞ്ഞതു പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. അതിനാലാണ് നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ത്തന്നെ മുഖ്യമന്ത്രി ആ പ്രഖ്യാപനം തള്ളിപ്പറഞ്ഞത്.
യഥാര്‍ഥപ്രതികളെ പിടികൂടാനാണ്, സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടല്ല കെ. സുധാകരന്‍ നിരാഹാരസമരം തുടങ്ങിയതെന്നും സമരം അവസാനിപ്പിക്കാനുളള മാര്‍ഗമായിട്ടാണു സി.ബി.ഐ അന്വേഷണമെന്ന വാദം കോണ്‍ഗ്രസ് പിന്നീട് ഉയര്‍ത്തിയതെന്നുമാണിപ്പോള്‍ സി.പി.എം പറയുന്നത്. അറസ്റ്റിലായത് യഥാര്‍ഥപ്രതികളാണെന്നും അന്വേഷണം സുതാര്യമാണെന്നും ബോധ്യപ്പെടുത്താനാണു സര്‍ക്കാര്‍ ശ്രമിക്കുക. ഇതിന് അനുഗുണമായിത്തന്നെയാണു പൊലിസ് നടപടികളും നീങ്ങുന്നത്.
കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു കോടതിയെ സമീപിച്ചോട്ടെയെന്ന നിലപാടും സി.പി.എമ്മിനുണ്ട്.
യഥാര്‍ഥ പ്രതികളെ പിടികൂടിയെന്നു കോടതിയെ ബോധ്യപ്പെടുത്തി ആവശ്യം നിരാകരിപ്പിക്കാന്‍ ആവുമെന്നാണു സി.പി.എം കരുതുന്നത്. സര്‍ക്കാര്‍ തന്നെ കേസ് സി.ബി.ഐക്കു കൈമാറിയാലും കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നില്ലെന്ന വാദവുമുണ്ട്.
കേസില്‍ ഇതുവരെയുള്ള അന്വേഷണവും പ്രതികളുടെ അറസ്റ്റും സൂചിപ്പിക്കുന്നത് പാര്‍ട്ടിക്കു കൊലയിലുള്ള പങ്കിലേക്കു തന്നെയാണ്. സി.ബി.ഐ എത്തി അതിന്റെ കണ്ണി വീണ്ടും നീണ്ടാല്‍ പ്രതിസന്ധിയിലാകുക സി.പി.എം കണ്ണൂര്‍ നേതൃത്വമായിരിക്കും. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനോട് എതിര്‍പ്പുള്ള സംസ്ഥാനനേതാക്കളുടെ എണ്ണം ഏറെയാണെങ്കിലും തീരുമാനം വിവേകപൂര്‍വമാകണമെന്നാണു സി.പി.എമ്മിന്റെ നിലപാട്.
സി.പി.എം നേതാക്കള്‍ക്കുമേല്‍ സി.ബി.ഐ കുരുക്കിട്ട കേസുകള്‍
ഫസല്‍ വധം
2006 ഒക്‌ടോബര്‍ 22നാണു തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകക്കേസുകളില്‍ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസാണിത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രേട്ടറിയറ്റംഗം കാരായി രാജന്‍, തലശേരി ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ അറസ്റ്റിലായി. സി.ബി.ഐ കോടതിയില്‍ നിന്ന് ഉപാധികളോടെയാണ് ഇരുവര്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഇരുവര്‍ക്കും പ്രവേശിക്കാന്‍ കഴിയില്ല.
ഫസലിന്റെ ഭാര്യ കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
പയ്യോളി മനോജ് വധക്കേസ്
2012 ഫെബ്രുവരി 12നാണു പയ്യോളി മനോജിനെ ഒരു സംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലിസ്, സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം 15 പേരെ പ്രതിചേര്‍ത്ത് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം നല്‍കി.
എന്നാല്‍, വിചാരണ തുടങ്ങാനിരിക്കേ തങ്ങളല്ല യഥാര്‍ഥ പ്രതികളെന്നും പാര്‍ട്ടിയും പൊലിസും ചേര്‍ന്ന് കുടുക്കിയതാണെന്നും ഇവര്‍ മൊഴിനല്‍കി. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും പറഞ്ഞു. തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതും കോടതി അനുകൂല ഉത്തരവിട്ടതും.
ഇപ്പോള്‍ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പയ്യോളി മുന്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന ടി. ചന്തു ഉള്‍പ്പെടെ ഒന്‍പത് സി.പി.എം നേതാക്കള്‍ അസ്റ്റിലാണ്.
ഷുക്കൂര്‍ വധക്കേസ്
2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്തു വച്ചാണ് തളിപ്പറമ്പ് അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയത്. സംഭവദിവസം പട്ടുവത്ത് വച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം നടത്തിയതിനു പ്രതികാരമായിട്ടാണു ഷുക്കൂര്‍ വധിക്കപ്പെട്ടതെന്നാണു കേസ്. രണ്ടരമണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടിയിരുന്നു.
ഷുക്കൂറിന്റെ ഉമ്മയുടെ പരാതി പ്രകാരമാണ് കോടതി ഉത്തരവ് പ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തത്. കേസില്‍ ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കുമെതിരേ പുനരന്വേഷണം സി.ബി.ഐ തുടങ്ങിയിട്ടുണ്ട്.
കതിരൂര്‍ മനോജ് വധക്കേസ്
2014 സപ്തംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുന്നത്. ഈ കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ 25 -ാം പ്രതിയാക്കി. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റം എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. യു.എ.പി.എ ചുമത്തപ്പെട്ടതോടെയാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."