വിധിയിലെ ജനനന്മ അട്ടിമറിക്കുമ്പോള്‍
പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ട് മാസങ്ങള്‍ക്കു മുമ്പുവന്ന സുപ്രിംകോടതി വിധിയെ ചരിത്രപ്രധാനമെന്നാണു സാര്‍വത്രികമായി വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍, ആ വിധി സുപ്രിംകോടതി തന്നെ പിന്നീടുള്ള വിധികളിലൂടെ അട്ടിമറിച്ച അസാധാരണവും പരസ്പരവിരുദ്ധവുമായ നടപടിക്കു ജനാധിപത്യഭാരതം സാക്ഷ്യംവഹിക്കേണ്ടി വന്നിരിക്കുന്നു!
പരമോന്നതനീതിപീഠത്തിന്റെ 2016 ഡിസംബര്‍ 15ലെ വിധി വീണ്ടും പരിഗണിക്കപ്പെട്ടപ്പോള്‍ സര്‍വ എതിര്‍വാദങ്ങളെയും നിരാകരിച്ച് ആദ്യവിധിയിലെ വസ്തുതകള്‍ ആവര്‍ത്തിച്ചുറപ്പിച്ചാണു 2017 മാര്‍ച്ച് 31നു വിധിയുണ്ടായത്. ഇതാണിപ്പോള്‍ തകിടംമറിക്കപ്പെട്ടത്. ജനജീവിതത്തെ ബാധിക്കുന്ന ഇക്കാര്യത്തിലുള്ള ചുവടുമാറ്റം ഞെട്ടിപ്പിക്കുന്നതാണ്.
എന്തുകൊണ്ട് ഇത്തരത്തിലൊരു വിധിയെന്നു കാര്യകാരണസഹിതം വിശദീകരിക്കപ്പെട്ടിട്ടില്ല. സുപ്രിം കോടതിയില്‍ അര്‍പ്പിക്കപ്പെട്ട അധികാരവിനിയോഗത്തിലൂടെയാണ് ഇതെല്ലാം സംഭവിക്കുന്നതെന്നു മാത്രമാണു ജനങ്ങള്‍ക്കു മനസ്സിലാകുന്നത്. ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളാണല്ലോ. ജനങ്ങളുടെ നന്മ ഉറപ്പുവരുത്തുന്നതിനാണു ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും.
ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുതന്നെ ഇപ്രകാരമാണ്: 'നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തെ പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനം, അവസരം എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിലും നിശ്ചയം ചെയ്ത് നമ്മുടെ ഭരണഘടനാസഭയില്‍ വച്ചു 1949 നവംബറിന്റെ 26ാം ദിവസം ഈ ഭരണഘടനയെ ഏകസ്വരത്തോടെ അംഗീകരിക്കുകയും അതു നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.'
ഭരണഘടനയുടെ ശക്തിസ്രോതസ്സ് ജനങ്ങളാണെന്നു വ്യക്തമാക്കുന്നതാണ് ഈ ആമുഖം. അതുകൊണ്ട് ഭരണഘടനാസ്ഥാപനങ്ങളുടെ തീരുമാനങ്ങളെ പരിശോധിക്കാനും ചര്‍ച്ച ചെയ്യാനും അപാകത ചൂണ്ടിക്കാണിക്കാനുമുള്ള അധികാരവും അര്‍ഹതയും ജനങ്ങള്‍ക്കുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സുപ്രിം കോടതിയുടെ പാതയോരങ്ങളിലെ മദ്യശാലാനിരോധനവുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവു ഫലത്തില്‍ ഇല്ലാതാക്കുന്ന 2018 ഫെബ്രുവരി 23 ലെ വിധി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
മോട്ടോര്‍ വാഹന നിയമത്തിലെ പ്രസക്തഭാഗങ്ങളുടെയും ആധികാരിക പഠനറിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണു ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകള്‍ നിരോധിക്കുന്ന 2016 ഡിസംബര്‍ 15ലെ ഉത്തരവുണ്ടായത്. മദ്യപിച്ചു വാഹനമോടിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും വര്‍ധിച്ചുവരുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ഇത്തരമൊരു വിധിക്ക് ആധാരമായത്.
ഈ വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യാനും ബാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും ഇതു ബാധകമല്ലെന്നു പറയാനും പ്രചരിപ്പിക്കാനും ശ്രമമുണ്ടായി. മദ്യ ഔട്ട്‌ലെറ്റുകള്‍ക്കു മാത്രമാണ് ഇതെല്ലാം ബാധകമെന്നായിരുന്നു മറ്റൊരു വാദം. കേരളത്തിലാകട്ടെ ബിയര്‍, വൈന്‍ പാര്‍ലറുകളും ബാര്‍ ഹോട്ടലുകളും ഈ പരിധിയില്‍ വരുന്നതില്‍നിന്ന് ഒഴിവാക്കുന്ന മന്ത്രിസഭാ തീരുമാനവും വന്നു. ഈ സാഹചര്യത്തിലാണു സംസ്ഥാനമുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോടതിയലക്ഷ്യനടപടികളുമായി ഞാന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ബാര്‍ ഹോട്ടലുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും കോടതിവിധിയുടെ പരിധിയില്‍ വരില്ലെന്ന തങ്ങളുടെ വാദത്തിന് അനുകൂലമായി വ്യക്തത വരുത്തുന്നതിനായി ബാറുടമകള്‍ സമര്‍പ്പിച്ച അപേക്ഷയും മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കുമെതിരേ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രിംകോടതി കേട്ടു. നഗരപരിധിയിലുള്ള മദ്യശാലകള്‍ വിധിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന വാദമുയര്‍ത്തിയ ഹര്‍ജികളും കോടതിയുടെ പരിഗണനയില്‍ വന്നു. ഈ വാദഗതിയെ എതിര്‍ക്കുന്ന ഹര്‍ജിയും എനിക്കു വേണ്ടി അഡ്വ. കാളീശ്വരംരാജ് മുഖാന്തിരം സമര്‍പ്പിച്ചിരുന്നു.
സുപ്രിം കോടതി വീണ്ടും കേസ് പരിഗണിച്ചു. ഇന്ത്യയില്‍ അറിയപ്പെടുന്ന ഒട്ടുമിക്ക അഭിഭാഷകരും മദ്യശാല ഉടമസ്ഥര്‍ക്കും അവരെ അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും വേണ്ടി ഹാജരായിരുന്നു. എല്ലാ വാദവും കേട്ടശേഷം നഗരപരിധിയിലുള്ള ബാര്‍ ഹോട്ടലുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും ആദ്യവിധിയുടെ പരിധിയില്‍ വരുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയാണു രണ്ടാംവിധിയുണ്ടായത്.
രാജ്യത്തെ സ്ത്രീകളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ ഈ വിധിയെ സ്വാഗതം ചെയ്തു. ജനജീവിതം നശിപ്പിച്ചിട്ടായാലും പണമുണ്ടാക്കാന്‍ വെമ്പുന്നവരും അവരുടെ വക്താക്കളും നിരാശരായി. പലവിധ മാര്‍ഗത്തിലൂടെ വിധി അട്ടിമറിക്കാനുള്ള ശ്രമം അവര്‍ തുടര്‍ന്നു. ദേശീയ, സംസ്ഥാന പാതകളെ അതല്ലാതെയാക്കി നോട്ടിഫിക്കേഷനിറക്കാന്‍ വരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകള്‍ തയാറായി.
വര്‍ഷങ്ങളായി ദേശീയപാതയായി നിലകൊള്ളുന്ന കുറ്റിപ്പുറം കണ്ണൂര്‍ പാതയുടെ പേരില്‍പ്പോലും തെറ്റിദ്ധാരണ പരത്തി മദ്യശാല അനുവദിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ഹൈക്കോടതി തന്നെ തടഞ്ഞു. ചേര്‍ത്തല - തിരുവനന്തപുരം ദേശീയപാത അതല്ലാതാക്കാനുള്ള അപഹാസ്യമായ നീക്കത്തില്‍നിന്നു സര്‍ക്കാരിനു പിന്തിരിയേണ്ടി വന്നു.പാതയോരത്തെ മദ്യശാലാ നിരോധനം നടപ്പായതോടെ സാമൂഹ്യസാഹചര്യങ്ങളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടായി. മദ്യവില്‍പ്പനയിലും ഉപയോഗത്തിലും വന്‍കുറവുണ്ടായി. കേരളത്തില്‍ത്തന്നെ 21.87 ശതമാനം കുറവുണ്ടായി.
സുപ്രിം കോടതി വിധിയുടെ ഗുണഫലങ്ങള്‍ സര്‍വതലത്തിലും അനുഭവപ്പെട്ടു വരുമ്പോഴാണ് ആദ്യ അട്ടിമറിയുണ്ടാകുന്നത്. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെ ചില ഹൈവേകളുമായി ബന്ധപ്പെട്ട 'അറൈവ് സേഫ് സൊസൈറ്റി' കേസിലെ വിധി സുപ്രിംകോടതിയുടെ നിലവിലെ വിധിക്കു വിരുദ്ധമായി. ചണ്ഡീഗഡിനു മാത്രം ബാധകമായ കാര്യങ്ങളാണു പരിഗണനാവിഷയമായതെങ്കിലും അന്തിമവിധിയില്‍ ഇന്ത്യയിലെ മുഴുവന്‍ നഗരങ്ങള്‍ക്കും ബാധകമാകുന്ന നിലയായി.
കേസിന്റെ പരിഗണനയില്‍ ആരും ഉന്നയിക്കാത്ത ആവശ്യം ഉത്തരവില്‍ അംഗീകരിക്കപ്പെട്ടു വന്നത് എന്തുകൊണ്ട്?എങ്ങനെ? ജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന രീതിയില്‍ ഇന്നേവരെ ഇക്കാര്യം വിശദീകരിക്കപ്പെട്ടിട്ടില്ല. ജനങ്ങളുടെ നന്മ മുന്‍നിര്‍ത്തി സുപ്രിംകോടതി 2017 മാര്‍ച്ച് 31 നു പുറപ്പെടുവിച്ച വിധിക്കു വിപരീതമായ ഈ വിധി ഇടിത്തീപോലെയാണു സാധാരണജനങ്ങള്‍ക്കു മേല്‍ വന്നുപതിച്ചത്. 'അറൈവ് സേഫ് സൊസൈറ്റി' കേസിലെ വിധി രാജ്യത്തെ മറ്റു ഭാഗങ്ങളിലേക്ക് ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ടു ഞാന്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി പരിഗണിച്ചില്ലെന്ന് അതീവദുഃഖത്തോടെ പറയട്ടെ.
ഇപ്പോഴിതാ പഞ്ചായത്തു പ്രദേശങ്ങളില്‍ മദ്യശാല തുടങ്ങുന്നതിനു സംസ്ഥാനങ്ങളെ അധികാരപ്പെടുത്തുന്ന പുതിയ വിധി വന്നിരിക്കുന്നു. അത്ഭുതകരമായ ജുഡീഷ്യല്‍ വൈരുധ്യമാണിവിടെ സംഭവിച്ചിരിക്കുന്നത്. ഏതു വിധിയുടെയും ശക്തി അതിന്റെ ഉള്ളടക്കത്തില്‍ പ്രതിഫലിക്കുന്ന നീതിയും നിഷ്പക്ഷതയും ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയുമാണ്. ജന നന്മയ്ക്കു വിരുദ്ധവും ജനജീവിതത്തെ ഗുരുതരമായനിലയില്‍ പ്രതികൂലമായി ബാധിക്കുന്നതുമായ ഈ വിധി നല്‍കുന്ന സന്ദേശം ഒട്ടും നല്ലതല്ല. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളുടെ ഭാഗമായ 47ാം അനുച്ഛേദത്തിന്റെ അന്തഃസത്തയ്ക്കു നിരക്കാത്തതുമാണ്.
മദ്യശാലകള്‍ അടച്ചുപൂട്ടിയാല്‍ ടൂറിസം തകരുമെന്ന വാദം നിരര്‍ഥകമാണെന്നു സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്കുകള്‍ തെളിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകള്‍ ഉദാരമായി തുറക്കപ്പെട്ടശേഷം മയക്കുമരുന്നുപയോഗത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. സാമ്പത്തികമായി സംസ്ഥാനം വന്‍തകര്‍ച്ചയിലുമായി. മദ്യശാലകള്‍ തുറന്നാല്‍ മയക്കുമരുന്നുപയോഗം കുറയുമെന്നും സര്‍ക്കാരിന്റെ സാമ്പത്തികനില മെച്ചപ്പെടുമെന്നുമുള്ള വാദങ്ങള്‍ തെറ്റാണെന്ന് ഇതോടെ വ്യക്തമായി.
കുടുംബാംഗങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും ഗാര്‍ഹികാന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും തകര്‍ച്ചയിലേയ്ക്കു നീങ്ങുന്നതുമായ ദുഃസ്ഥിതി കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ കേരളത്തെ സാമൂഹ്യദുരന്തത്തിലേക്കാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്.
മദ്യലോബിക്കുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ഈ വിധിയുടെ പിന്‍ബലത്തില്‍ കേരളത്തിലെമ്പാടും വ്യാപകമായി മദ്യമൊഴുക്കും. അതു കേരളത്തിലെ സാമൂഹ്യജീവിതത്തെ കുട്ടിച്ചോറാക്കും. യാഥാര്‍ഥ്യമുള്‍ക്കൊള്ളാതെ മദ്യലോബിയുടെ വക്താക്കളായി സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാരിന്റെ നിലപാടു ജനദ്രോഹമാണ്.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ആവശ്യത്തിന്റെ പേരിലാണ് ഇപ്പോഴത്തെ സുപ്രിം കോടതി വിധി വന്നിട്ടുള്ളത്. ജനതാല്‍പ്പര്യത്തേക്കാള്‍ മദ്യലോബിയുടെ താല്‍പ്പര്യങ്ങള്‍ക്കാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ജനങ്ങളുടെ രക്ഷയ്ക്കും നന്മയ്ക്കുമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങള്‍ അതില്‍ പരാജയപ്പെട്ടാല്‍ അരാജകമായ അവസ്ഥയിലേയ്ക്കാണു രാജ്യമെത്തുക. ജുഡീഷ്യറിയുടെയും നിയമനിര്‍മാണസഭകളുടെയും ഭരണനിര്‍വഹണാധികാരികളുടെയും യജമാനന്മാര്‍ ജനങ്ങളാണ്. ഏറ്റവും വലിയ പരമാധികാര കോടതി ജനകീയകോടതിയാണ്. ജനങ്ങള്‍ തന്നെ ആ ദൗത്യം ഏറ്റെടുക്കട്ടെ. പ്രതികരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."