റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സഊദികള്‍ മാത്രം
ജിദ്ദ: സഊദിയിലെ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം തുടങ്ങി. വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഈ മാസം 18ന് മുന്‍പ് സഊദിവല്‍ക്കരണം നടപ്പിലാക്കണമെന്ന് പൊതുഗതാഗത അതോറിറ്റി, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം എന്നിവ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. മേഖലയിലെ അക്കൗണ്ടിങ്, സൂപ്പര്‍വൈസിങ്, സെയില്‍സ് തുടങ്ങിയ ജോലികള്‍ ഇനി മുതല്‍ സഊദികള്‍ക്ക് മാത്രമാകും. ഈ രംഗത്തു ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെയാണ് ഇതു ബാധിക്കുക.
അതേസമയം റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവല്‍ക്കരണം ഉറപ്പുവരുത്താന്‍ തൊഴില്‍കാര്യ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച മുതലാണ് രാജ്യവ്യാപകമായി റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. ഗതാഗതം, പൊലിസ്, വാണിജ്യം വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന. ആദ്യദിവസം നിരവധി സ്ഥാപനങ്ങളില്‍ തൊഴില്‍, ഗതാഗത കാര്യാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായും അല്‍ഖോബാറില്‍ രണ്ട് നിയമലംഘനങ്ങള്‍ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.
സ്വദേശിവല്‍ക്കരണം ലാഭകരമല്ലാത്തതിനാല്‍ പല റെന്റ് എ കാര്‍ കടകളും ഇതിനകം അടച്ചുപൂട്ടിയതായാണ് വിവരം. വലിയ ശമ്പളം നല്‍കി സഊദികളെ ജോലിക്കു വയ്ക്കാന്‍ സാധിക്കില്ലെന്നതാണ് ഇതിനു പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."