യാത്രാസൗകര്യമില്ല; പള്ളം-പധ്വാന പ്രദേശം ഒറ്റപ്പെട്ട നിലയില്‍
ബദിയഡുക്ക: ബസ് സര്‍വിസ് ഇല്ലാതെ യാത്ര ക്ലേശവുമായി ഒരു പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്നു. എന്മകജെ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ മുണ്ട്യത്തടുക്ക പള്ളം-പധ്വാനയാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. പഞ്ചായത്ത് ആസ്ഥാന മന്ദിരവും മറ്റു പല സര്‍ക്കാര്‍ ഓഫിസുകളും സ്ഥിതി ചെയ്യുന്നത് പെര്‍ളയിലാണ്. ഗ്രാമീണ പ്രദേശങ്ങളിലേക്ക് ബസ് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും പള്ളം, പധ്വാന പ്രദേശത്തുകാര്‍ക്ക് തീര്‍ത്തും അവഗണന മാത്രം. ബസ് സര്‍വിസിനായി നാട്ടുകാര്‍ മുറവിളി കൂട്ടിയെങ്കിലും ഫലമുണ്ടായില്ല.
ഏല്‍ക്കാന പുഴക്കു കുറുകെ പാലമില്ലാത്തതിനാല്‍ ബസ് സര്‍വിസ് പറ്റുകയില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. റൂട്ട് അനുവദിക്കുന്നതിന്റെ ഭാഗമായി ഏല്‍ക്കാന പുഴക്കു കുറുകെ മലങ്കരയില്‍ പാലം പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ബസ് സര്‍വിസിനുള്ള കാത്തിരിപ്പു തുടരുകയാണ്.
കാസര്‍കോട്ടുനിന്നു നീര്ച്ചാല് പള്ളം വഴി ബസ് സര്‍വിസ് ഉണ്ടെങ്കിലും അത് ഇവര്‍ക്കു പ്രയോജനമില്ല. പ്രദേശവാസികള്‍ക്ക് പെര്‍ളയിലേക്ക് എത്തിപ്പെടണമെങ്കില്‍ കന്യപാടി ,ബദിയഡുക്ക വഴി അല്ലെങ്കില്‍ സീതാംഗോളി വഴി കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം. ഏകദേശം മുന്നൂറോളം കര്‍ഷകര്‍ പള്ളം പധ്വാന പ്രദേശത്തുണ്ട്. എന്മകജെ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവന്, ആരോഗ്യ കേന്ദ്രം, വൈദ്യുതി ഓഫിസ് എന്നു വേണ്ട സകല സര്‍ക്കാര്‍ ഓഫിസുകളും സ്ഥിതി ചെയ്യുന്നത് പെര്‍ളയിലാണ്. സ്കൂള്‍ വിദ്യാര്‍ഥികളും ഏറെ ദുരിതമനുഭവിക്കുന്നു.
മലങ്കര പാലത്തിലുടെ ബസ് സര്‍വിസ് ആരംഭിച്ചാല്‍ ബാഡൂര്‍, മണിയംപാറ വഴി ഏറ്റവും എളുപ്പത്തില്‍ പെര്‍ളയില്‍ എത്തിചേരാന്‍ കഴിയും. അതുകൊണ്ടു തന്നെ പഞ്ചായത്ത് അധികൃതര്‍ മുന്‍ കൈയെടുത്ത് ബസ് സര്‍വിസ് ഏര്‍പ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിച്ച് പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിനു പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."