സാമൂഹ്യ വനവല്‍ക്കരണം: നട്ട തൈകള്‍ നശിക്കുന്നത് തടയാന്‍ നടപടി വേണമെന്ന്
പെരുമാട്ടി: സാമൂഹ്യ വനവല്‍ക്കരണം നട്ടതൈകളില്‍ പകുതിയിലധികവും നശിക്കുന്നത് തടയുവാന്‍ പദ്ധതിവേണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എല്ലാ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായും ജില്ലയില്‍ ലക്ഷത്തിലധികം വൃഷതൈകള്‍ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും, നട്ടവയില്‍ പകുതിയിലധികവും ഉണങ്ങി നശിക്കുകയും കന്നുകാലികള്‍ക്ക് തീറ്റയാകുകയും ചെയ്യുന്നത് പതിവായിമാറിയത് ഖജനാവിന് വന്‍നഷ്ടമാണ് ഉണ്ടാക്കുന്നത്. വിദ്യാലയങ്ങളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും വിവിധ വകുപ്പുകളിലൂടെയും ഗ്രാമാന്തരങ്ങള്‍ മുതല്‍ പട്ടണങ്ങളുടെ ഹൃഗയഭാഗങ്ങളില്‍വരെ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ ഇവയില്‍ ഭൂരിഭാഗവും സംരക്ഷണ വേലി കാര്യമായി നിര്‍മ്മിക്കാത്തതിനാല്‍ നാശത്തിലെത്തുകയാണ്. കഴിഞ്ഞ വര്‍ഷം പാലക്കാട് സോഷ്യല്‍ ഫോറസ്റ്റ് വിഭാഗം ഒരുലക്ഷം തൈകളാണ് നട്ടുപിടിച്ചിച്ചത്. ഇതിനുപുറമെ തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും മറ്റുവകുപ്പുകളും സന്നദ്ധസംഘടനകളും നട്ടുപുടിപ്പിച്ച തൈകളും ഉണ്ട്.
ചില പ്രദേശങ്ങളില്‍ നട്ടുപിടിപ്പിച്ച തൈകളെ പരിപാലിക്കാന്‍ പരിസരങ്ങളിലെ നാട്ടുകാര്‍ സന്നദ്ധരാകുന്നതിനാല്‍ മികച്ചമാറ്റമാണ് ഉണ്ടായിട്ടുള്ളത്. തൈകള്‍ വളര്‍ന്ന് പത്തടിയിലധികം ഉയരത്തിലായവ ഇതില്‍ഉള്‍പെടും. പെരുമാട്ടി, പട്ടഞ്ചേരി, കൊല്ലങ്കോട്, എലവഞ്ചേരി, ആലത്തൂര്‍, കണ്ണാടി എന്നീ പ്രദേശങ്ങളിില്‍ ചിലഭാഗങ്ങളില്‍ സോഷ്യല്‍ ഫോറസ്റ്റ് വിഭാഗത്തിന്റെ വൃക്ഷതൈകള്‍ നല്ലരീതിയിലാണ് വളരുന്നത്. ഇത്തവണയുണ്ടായ ശക്തമായ വേനലിനെ മറികടന്ന് തൈകളെ സംരക്ഷിക്കുവാന്‍ പെരുമാട്ടിയിലെ ഒരുകൂട്ടം നാട്ടുകാര്‍ തയ്യാറായതിനാല്‍ നന്ദിയോട് പ്രദേശത്ത് റോഡരുകില്‍ വളര്‍ന്നുവരുന്ന ഈ വൃക്ഷതൈകള്‍ കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ച്ചയാണ്. ഇത്തവണ ജില്ലയില്‍ സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി 1.80 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ ഇവയെ പരിപാലിക്കുന്ന പ്രദേശവാസികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഓട്ടോ ടാക്‌സി കൂട്ടായ്മകള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതരത്തിലേക്ക് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും വന വല്‍ക്കരണത്തിന്റെ ബോധവല്‍ക്കരണം ഗ്രാമസഭകളിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുവാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."