പുതുതായി അനുവദിച്ച ബസ് റദ്ദാക്കി; പുനലൂര്‍ എ.ടി.ഓയെ ഉപരോധിച്ചു
പുനലൂര്‍: ബസില്ലെന്ന കാരണത്താല്‍ റദ്ദാക്കിയ റൂട്ടിലേക്ക് പുതുതായി ലഭ്യമാക്കിയ ബസ് മറ്റ് റൂട്ടിലേക്ക് അയക്കാന്നുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എ.ടി.ഓയെ ഉപരോധിച്ചു.
ഇന്ന് മുതല്‍ ബസ് സര്‍വിസ് പുനരാരംഭിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ ഉപരോധ സമരമവസാനിപ്പിച്ചു. സി.പി.എം ആയിരനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
പുനലൂര്‍ ഡിപ്പോയില്‍ നിന്ന് 15 വര്‍ഷമായുള്ള മാവിള വിളക്കുപാറ മെഡിക്കല്‍ കോളജ് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വിസ് എട്ടു മാസമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബസിന്റെ കുറവുകാരണമെന്ന് പറഞ്ഞായിരുന്നു അധികൃതര്‍ ബസ് സര്‍വിസ് നിര്‍ത്തിയത്.തുടര്‍ന്ന് സി.പി.എം നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാട്ടുകാര്‍ നിവേദനം നല്‍കി. ഈ റൂട്ടിലേക്ക് പുതിയ ബസ് അനുവദിച്ചു.
എന്നാല്‍ ഈ ബസിനെ മറ്റു റൂട്ടിലേക്ക് മാറ്റാനായിരുന്നു പുനലൂര്‍ എ.ടി.ഓ ശ്രമിച്ചത്. ഇതാണ് പ്രതിഷേധ സമരത്തിനിടയാക്കിയത്.എട്ട് മാസമായി സര്‍വിസ് ഇല്ലാത്ത റൂട്ടില്‍ കളക്ഷന്‍ കുറവാണെന്നായിരുന്നു എ.ടി.ഓയുടെ വാദം. ബസ് സര്‍വിസ് തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
തുടര്‍ന്ന് സമരക്കാര്‍ പൊലിസും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളിയുമായും നടത്തിയ ചര്‍ച്ചയില്‍ ശനിയാഴ്ച രാവിലെ 6.20 മുതല്‍ പുതിയ ബസ് മാവിള വിളക്കുപാറ അഞ്ചല്‍-തിരുവനന്തപുരം റൂട്ടില്‍ സര്‍വിസ് പുനരാരംഭിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഒമനാ മുരളി, സി.പി.എം അഞ്ചല്‍ ഏരിയാ കമ്മിറ്റിയംഗം ടി. അജയന്‍, ആയിരനല്ലൂര്‍ എല്‍സി സെക്രട്ടറി പി.ടി സെയ്ഫുദ്ദീന്‍, സി.കെ ബിനു, വിഷ്ണു രമേശ്, നജീം അമ്പിളിക്കുട്ടന്‍, ശ്രീലാല്‍ ,രാജീവ്, പൊന്നച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."