ഹൃദ്യം പദ്ധതി: ശസ്ത്രക്രിയ കാത്ത് നാലായിരത്തിലേറെ കുരുന്നുകള്‍
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിലൂടെ ഹൃദയത്തിന് സുരക്ഷയൊരുക്കുന്നതുംകാത്ത് നാലായിരത്തിലധികം കുരുന്നുകള്‍ പ്രത്യാശയില്‍ നില്‍ക്കുമ്പോഴും ശസ്ത്രക്രിയക്കായി ആശുപത്രികളില്ലാത്തത് ആശങ്കയുണര്‍ത്തുന്നു.
സങ്കീര്‍ണമായ ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ സൗജന്യ ചികിത്സാ പദ്ധതിയായ 'ഹൃദ്യ'ത്തില്‍ ആയിരത്തോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശസ്ത്രക്രിയക്കായി ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാത്തവര്‍ നാലായിരത്തിലധികമാണ്. ഓരോ മാസവും 150 മുതല്‍ 200 കുട്ടികള്‍ വരെ ശസ്ത്രക്രിയക്കായി രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ഓഗസ്റ്റില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ നടന്നത് 390 കുട്ടികളുടെ ശസ്ത്രക്രിയ മാത്രമാണ്.
മതിയായ അശുപത്രികള്‍ പദ്ധതി നടത്തിപ്പിനായി ഇല്ലാത്തതാണ് ഇതിനു കാരണം. സംസ്ഥാനത്തെ ആറ് ആശുപത്രികളുമായി സഹകരിച്ചാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നത്.
നിലവില്‍ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കോട്ടയം ഗവ. മെഡിക്കല്‍ കോളജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റര്‍ മെഡ്‌സിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സാസൗകര്യമുള്ളത്.
പീഡിയാട്രിക് കാര്‍ഡിയോളജിയും കാര്‍ഡിയാക് സര്‍ജനും വെന്റിലേറ്റര്‍ ഉള്‍പ്പടെ കുട്ടികളെ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യവുമുള്ള ആശുപത്രികളുടെ അഭാവമാണ് ശസ്ത്രക്രിയ നടത്താന്‍ കൂടുതല്‍ ആശുപത്രികള്‍ അനുവദിക്കാനാവാത്തത്. ഇതു കാരണം നിരവധി കുട്ടികള്‍ക്ക് ഈ കാരുണ്യ ലഭിക്കുന്നത് വൈകുന്നു.
ശ്രീചിത്രാ ആശുപത്രിയിലാണ് ഭൂരിപക്ഷം ശസ്ത്രക്രിയകളും നടത്തിയത്. 63ഓളം സങ്കീര്‍ണമായ ശസ്ത്രക്രിയകളും ഇതില്‍ ഉള്‍പെടുന്നു.
പ്രതിവര്‍ഷം 2000 കുട്ടികളാണ് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നത്. നിലവില്‍ എട്ടു വയസുള്ള കുട്ടികളുടെ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്.
എട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും എവിടെ നിന്നും hridyam.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന നമ്പറായിരിക്കും കുട്ടിയുടെ കേസ് നമ്പര്‍.
പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകള്‍ ഓണ്‍ലൈനില്‍ കേസുകള്‍ പഠിച്ച് രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തിലായി ഉള്‍പ്പെടുത്തും. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കാനാവുന്ന വിധത്തിലാണ് ഹൃദ്യം പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ ചിലവുവരുന്ന ഈ ശസ്ത്രക്രിയയുടെ സൗജന്യ സേവനം ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല എന്നതും വസ്തുതയാണ്.
സംസ്ഥാന സര്‍ക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍സ്വസ്ഥ്യകാര്യക്രമുമാണ് ഇതിനുള്ള ഫണ്ട് വഹിക്കുന്നത്. യൂനിസെഫും ബോസ്റ്റണിലെ ചില്‍ഡ്രന്‍സ് ഹാര്‍ട്ട്‌ലിങ്കും പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നുമുണ്ട്.
ആരോഗ്യകിരണം പദ്ധതിയിലൂടെ ഏഴുകോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ ആശുപത്രികളില്‍ ശസ്ത്രക്രിയക്ക് സൗകര്യമുണ്ടായാല്‍ മാത്രമേ പദ്ധതികൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുള്ളു എന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."