കുടിനീരിനായി കരുതല്‍; കിണറിന് സംരക്ഷണ കവചമൊരുക്കി കളിമണ്‍ റിങ്ങുകള്‍
കോഴിക്കോട്: ദാഹജലം നല്‍കുന്ന പ്രധാന സ്രോതസായ കിണറുകള്‍ക്കുള്ള പ്രകൃതി സൗഹൃദ കവചം പ്രചാരം നേടുന്നു. കിണറുകളുടെ സംരക്ഷണത്തിനായി കളിമണ്ണില്‍ തീര്‍ത്ത റിങ്ങുകളാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ചെങ്കല്‍, കരിങ്കല്‍, ഇഷ്ടിക മുതലായവ ഉപയോഗിച്ചായിരുന്നു കിണറുകളുടെ ഉള്‍ഭാഗം കെട്ടി സംരക്ഷിച്ചിരുന്നത്. പിന്നീട് കോണ്‍ക്രീറ്റ് റിങ്ങുകള്‍ താഴ്ത്തുന്ന സംവിധാനം വന്നു. എന്നാല്‍ ഇപ്പോള്‍ പരിസ്ഥിതി സൗഹൃദവും കിണറിനു ഏറ്റവും യോജിച്ചതുമായ കളിമണ്‍ വളയങ്ങള്‍ വ്യാപകമാവുകയാണ്. കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഉപയോഗിച്ചാല്‍ കിണറുകളിലെ വെള്ളം മലിനമാവുന്നതും ഉറവകള്‍ അടഞ്ഞു പോകുന്നതും പതിവായിരുന്നു.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ പാലക്കാട് ജില്ലകളിലാണ് കളിമണ്‍ റിങ്ങുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കിണര്‍ നിര്‍മാണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും കൂടുതലുണ്ടാകുന്ന സമയമായതിനാല്‍ കളിമണ്ണില്‍ തീര്‍ത്ത റിങ്ങുകള്‍ ഉപയോഗിക്കാന്‍ ആളുകള്‍ മുന്നോട്ടു വരുന്നുണ്ട്. മണ്‍പാത്ര നിര്‍മാണ മേഖല പ്രതിസന്ധിയിലായതോടെ പുതിയ പരീക്ഷണങ്ങള്‍ക്കായി ശ്രമം നടത്തിയ തൊഴിലാളികളാണ് കളിമണ്‍ റിങ്ങിന്റെയും ഉപജ്ഞാതാക്കള്‍. തൃശൂര്‍, ഷൊര്‍ണൂര്‍ ,കുറ്റിപ്പുറം മേഖലകളിലെ നിരവധി ചെറുകിട കമ്പനികള്‍ റിങ്ങ് നിര്‍മാണവുമായി രംഗത്തുണ്ട്.
നേരത്തെ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും വിപണിയില്‍ വിജയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം പരിസ്ഥിതിമയമായതോടെ തങ്ങളുടെ പദ്ധതി വിജയകരമാകുന്നതായി ഈ മേഖലയിലുള്ളവര്‍ പറയുന്നു. ചെളിയില്‍ റിങ്ങുകള്‍ വാര്‍ത്തെടുത്ത ശേഷം ചൂളയില്‍ വച്ച് ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. മൂന്നു കോല്‍ മുതല്‍ 11 കോല്‍ ചുറ്റളവുവരെ വിവിധ വലിപ്പമുള്ള റിങ്ങുകള്‍ നിര്‍മാണത്തിലുണ്ട്. കളിമണ്‍ റിങ്ങുകള്‍ വെള്ളത്തിന്റെ ശുദ്ധിയും തണുപ്പും നിലനിര്‍ത്തുമെന്നതാണ് വലിയ പ്രത്യേകത.
വെള്ളം ഉറവയായി കിണറിലേക്ക് അരിച്ചിറങ്ങാന്‍ ചെറിയ സുഷിരങ്ങളും റിങ്ങിലുണ്ട്. കിണര്‍ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് റിങ്ങുകള്‍ എത്തിച്ച് അവ സ്ഥാപിച്ചു കൊടുക്കുന്നതടക്കമുള്ള ജോലികള്‍ കമ്പനികള്‍ തന്നെ ചെയ്യും. സിമന്റ് റിങ്ങുകളേക്കാള്‍ അല്‍പം വില കൂടുതലാണെങ്കിലും പ്രകൃതിസൗഹൃദമായ കളിമണ്‍ റിങ്ങുകള്‍ക്ക് ആവശ്യം വര്‍ധിക്കുകയാണ്.
സംസ്ഥാനത്ത് കുടിവെള്ളത്തിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കിണറുകളെയാണ്. 50 ലക്ഷത്തിലേറെ കിണറുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."