റേഡിയോ ജോക്കിയുടെ കൊലപാതകം: സത്താറിന് യാത്രാവിലക്ക്; നാട്ടിലെത്തിക്കല്‍ വൈകും
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ വ്യവസായി ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുള്‍ സത്താറിനെ നാട്ടിലെത്തിക്കുന്നത് വൈകും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളുള്ളതിനാല്‍ ഇയാള്‍ക്ക് ഖത്തറില്‍ യാത്രാവിലക്കുണ്ട്. രണ്ട് കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാട് ഇയാള്‍ക്ക് ഖത്തറിലുള്ളതായാണ് സൂചന. ഈ ഇടപാടുകള്‍ തീര്‍ത്ത് കോടതി വിലക്ക് പിന്‍വലിച്ചാല്‍ മാത്രമേ ഇയാളെ നാട്ടിലെത്തിക്കാന്‍ കഴിയൂ. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് വിലക്ക് നീക്കുന്നതിന്റെ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിച്ചിട്ടുണ്ടെന്ന് പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്റര്‍പോളിന്റെ സഹായത്തോടെ ഖത്തറില്‍ അറസ്റ്റ് രേഖപ്പെടുത്താനും നാട്ടിലെത്തിക്കാനും കഴിയുമോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
കായലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി
കൊല്ലം: ആറ്റിങ്ങല്‍ മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കൊലയ്ക്ക് ഉപയോഗിച്ച വാളുകള്‍ കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ നിന്ന് കണ്ടെത്തി. ഒരു വാളും അറ്റം കൂര്‍ത്ത കൊടുവാളുമാണ് കണ്ടെടുത്തത്. ഇന്നലെ പുലര്‍ച്ചയോടെയാണ് മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പൊലിസ് വാളുകള്‍ കണ്ടെടുത്തത്.
അലിഭായിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. രക്തം പുരണ്ട തങ്ങളുടെ വസ്ത്രങ്ങളും കൊലനടത്താന്‍ ഉപയോഗിച്ച വാളും കന്നേറ്റി കായലില്‍ ഉപേക്ഷിച്ചെന്ന അലിഭായിയുടെ മൊഴിയെ തുടര്‍ന്നാണ് പൊലിസ് പ്രതിയുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഇന്നലെ വിശദമായി പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടെടുത്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."